ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

വീണ്ടും ചില ആസിയാന്‍ ചന്തകള്‍ സോറി ചിന്തകള്‍...

ഈ നാട്ടിലെ വെറുമൊരു കൂതറ പൗരന്‍ (കട: ബെര്‍ളിയണ്ണന്‍) ആയ ഈ പാവം എനിക്ക് എത്രയോ കാലം മുന്‍പ്മനസിലായ കാര്യം ഇപ്പോഴും ഇവിടത്തെ മഹാന്മാരായ ഖദര്‍ധാരികള്‍ക്ക് മനസിലായില്ല എന്നറിഞ്ഞുഅന്തവിട്ടു നില്‍ക്കുകയാണ് ഞാന്‍. സത്യം. അതോ അവര്‍ മനസിലാവാത്തത് പോലെ അഭിനയിക്കുവാണോ? ഇവന്‍ എന്താണീ പറയുന്നതെന്ന് ആലോചിച്ചു അന്തം വിട്ടു നില്‍ക്കുകയാണോ നിങ്ങള്‍? എങ്കില്‍ നയംവ്യക്തമാക്കാം, ആസിയാന്‍ കരാറിന്റെ കാര്യമാണ് ഈ പറഞ്ഞ് വരുന്നത്. എന്റെ ചില ആസിയാന്‍ ചിന്തകള്‍ വളരെക്കാലം മുന്‍പ്, അതായത് ആ കരാര്‍ ഒപ്പിട്ട സമയത്ത്, ഞാന്‍ ഇവിടെ പങ്കുവെച്ചിരുന്നു. അതിലെ ഓരോആശങ്കകളും, കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ആ ശങ്ക അല്ല, സത്യമായി വരുകയാണ്. കേരളത്തെ ഈ കരാര്‍ എത്രദോഷകരമായി ബാധിക്കുമെന്ന് അന്ന് വലിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പ്രധാനപ്പെട്ട നാണ്യവിളകളുടെ എല്ലാം ഇറക്കുമതി കൂടാന്‍ ഈ കരാര്‍ കാരണമാകുമെന്നും അത് കേരളത്തിന്റെകാര്‍ഷികരംഗത്തിന്റെ നട്ടെല്ല് ഓടിക്കുമെന്നും അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ മനുഷച്ചങ്ങല ഓര്‍മ്മകാണുമല്ലോ. എന്നാല്‍ നെഗറ്റീവ് ലിസ്റ്റ് എന്നും മറ്റും പറഞ്ഞ് കണ്കെട്ടുവിദ്യ കാട്ടാനാണ് ബഹുമാനപ്പെട്ടപ്രതിപക്ഷ നേതാവും, പ്രതിപക്ഷ പത്രങ്ങളും എല്ലാം ശ്രമിച്ചത്.

നെഗറ്റീവ് ലിസ്റ്റില്‍ വരുന്നവയുടെ ഇറക്കുമതി ചുങ്കം കുറയ്ക്കില്ല എന്നാണ് ഇവരൊക്കെ അന്ന് അവകാശപ്പെട്ടത്. എന്നാല്‍ ആ ലിസ്റ്റിലെ പ്രധാന ഇനമായ റബ്ബറിന്റെ ഇറക്കുമതി ചുങ്കം ഇതാ 20 ശതമാനത്തില്‍ നിന്ന് ഏഴുശതമാനമായി കുറച്ചിരിക്കുന്നു. അത് വീണ്ടും പതിമൂന്നു ശതമാനമായി കൂട്ടുമെന്ന് കേട്ടു. അവരുടെ പഴേ നമ്പര്‍. ഉദാഹരണത്തിന് ആണവബാധ്യതാ ബില്ലില്‍ ആദ്യം നഷ്ടപരിഹാരം 500 കോടിയായി നിശ്ചയിച്ചു. പിന്നീട്പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 1500 കോടിയായി മാറ്റി. 10000 കോടി രൂപയാക്കണമെന്നാണ് ആവശ്യംഉയര്‍ന്നതെന്ന് ഓര്‍ക്കുക. ഇനി മുതല്‍ ആസിയാന്‍ അംഗങ്ങള്‍ക്കും മറ്റും കുറഞ്ഞ നികുതിക്ക് യഥേഷ്ടം റബ്ബര്‍ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാം. ഈ വാര്‍ത്ത വന്നത് മുതല്‍ റബ്ബറിന്റെ വില താഴേക്കാണ്. ഒരു വാര്‍ത്ത ശ്രദ്ധിക്കുക....
റബര്‍ വിലയിടിവ് രൂക്ഷമാകും
എസ് മനോജ്
കോട്ടയം: റബറിന്റെ ഇറക്കുമതിത്തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ആഭ്യന്തരവിപണിയില്‍ വിലയിടിവ് രൂക്ഷമാകുമെന്ന് സൂചന. രാജ്യത്തെ 10 ലക്ഷം റബര്‍കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. തീരുവവെട്ടിക്കുറയ്ക്കുമെന്ന സൂചന ലഭിക്കുംമുമ്പ് ഒരുകിലോ റബറിന് 190 രൂപയ്ക്കാണ് കച്ചവടം നടന്നത്. ഇത് 200 കടക്കുമെന്നായിരുന്നു അന്ന് വിപണിയിലെ പ്രതീക്ഷ. പക്ഷേ, തീരുവ കുറച്ചതോടെ വില താഴേക്കായി. ശനിയാഴ്ച റബറിന്റെ വ്യാപാരം നടന്നത് 173 രൂപയ്ക്കാണ്. വ്യാപാരികള്‍ റബര്‍ വാങ്ങിയത് 160 രൂപയ്ക്കും. വില കൂടുമെന്നു കരുതി റബര്‍ സംഭരിച്ച ചെറുകിട കര്‍ഷകരും ചെറുകിട വ്യവസായികളും വരുംദിനങ്ങളില്‍ വന്‍തോതില്‍ വില്‍പ്പനക്കിറങ്ങും. ഇത് വിലയിടിവിന്റെ തോത് കൂട്ടുമെന്നും വില നൂറു രൂപയിലേക്ക് എത്തിയാലും അതിശയിക്കാനില്ലെന്നും കച്ചവടക്കാര്‍ വിലയിരുത്തുന്നു. കൂടാതെ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റബര്‍ വരുന്നതോടെ ആഭ്യന്തരവിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കും. ഇതും വിലയിടിവിന് ആക്കം കൂട്ടും....
ഇവിടന്നും പതിനാറു പേരെ ജയിപ്പിച്ചു വിട്ടിരുന്നു, എം.പിമാര്‍ എന്ന പേരില്‍. അവരും പാര്‍ലമെന്റില്‍ ഈ തീരുമാനത്തിന് കയ്യടിക്കാന്‍ മത്സരിക്കുനത് കാണാന്‍ കഴിഞ്ഞു. കേരള കര്‍ഷകരുടെ അപ്പോസ്തലന്‍ എന്ന് സ്വയം വിളിക്കുന്ന മാണിസാറിന്റെ മോനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നിട്ട് അതിന്റെ പിറ്റേന്ന് ഇതേ പാര്‍ട്ടിക്കാര്‍ ഈ ബില്ലിനെതിരെ മാര്‍ച്ച് നടത്തുന്നത് കാണാനുള്ള ഭാഗ്യവും നമുക്കുണ്ടായി. ടയര്‍ ലോബിയുടെ സമ്മര്‍ദ്ധ ഫലമായാണ് തീരുവ കുറച്ച ഈ തീരുമാനമെന്ന് ചില കുബുദ്ധികള്‍ ആരോപിക്കുന്നുണ്ട്. അതില്‍ ഒരു കുബുദ്ധി ഈ ഞാന്‍ തന്നെയാണെന്ന് അല്പം അഭിമാനത്തോടും അതിലേറെ അഹങ്കാരത്തോടും ഇവിടെ പ്രസ്താവിക്കട്ടെ. കര്‍ഷകരുടെ താല്പര്യം മാത്രം നോക്കിയാല്‍ പോര എന്ന് ബഹു: കേന്ദ്രമന്ത്രി ശ്രീ.കമല്‍നാഥ് പറയുകയുണ്ടായി. അത് തുറന്നു പറഞ്ഞതില്‍ സന്തോഷം.
ഇതൊരു തുടക്കം മാത്രം. ഇനിയുമുണ്ട് നെഗറ്റീവ് ലിസ്റ്റ് എന്ന ആ കണ്കെട്ട് ലിസ്റ്റില്‍ അംഗങ്ങള്‍. അവ ഓരോന്നിനും റബ്ബറിന്റെ ഗതിയാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അങ്ങനെയായാല്‍ നമ്മുടെ നാട് കര്‍ഷകരുടെ ശവപ്പറമ്പായ ഒരു ആസിയാന്‍ ചന്തയായി മാറും. അങ്ങനെയാവാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.ശുഭം!
മംഗളം!
anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....