ശനിയാഴ്‌ച, നവംബർ 19, 2022

ഫിഫ, ഖത്തർ ലോകകപ്പ്, USA

"I am European. For what we have been doing for 3,000 years around the world, we should be apologising for the next 3,000 years before giving moral lessons."
 -Gianni Infantino
President, FIFA

ഖത്തറിനു എതിരെ ഉള്ള പ്രചാരണം ഇന്ന് തുടങ്ങിയത് അല്ല. 10 വർഷം മുൻപ് 2022-ലെ ലോകകപ്പ് വേദി തങ്ങൾക്ക് കിട്ടാതെ ഖത്തറിന് പോയപ്പോഴാണ് USA ഫിഫയ്ക്കെതിരെ അന്വേഷണം തുടങ്ങിയത്. 


ഖത്തറിൽ ലോകകപ്പ് തയ്യാറെടുപ്പിനായി ജോലിചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങൾ ഒരു യാഥാർത്ഥ്യം ആണ്. ഖത്തറിനു ലോകകപ്പ് കിട്ടിയതിൽ പണമിടപാടുകളും, favouritism-വും നടന്നിട്ടുണ്ട് എന്ന ആരോപണങ്ങൾക്കും സംഗത്യമുണ്ട്. Qatar Sports Investments പാരീസ് സെയിന്റ് ജർമൻ വാങ്ങിയതും, ബാഴ്‌സലോണ ഉൾപ്പടെയുള്ള പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾക്ക് ഖത്തറിന്റെ സ്പോണ്സർഷിപ് ഡീലുകൾ കിട്ടിയതിലും, തായ്‌ലന്റിന് ലാഭകരമായ എണ്ണക്കരാർ കിട്ടിയതിലും ഒക്കെ ലോകകപ്പിനായുള്ള വോട്ടിന് വേണ്ടിയാണ് എന്നും ആരോപണം ഉണ്ട്. 

പക്‌ഷേ അരനൂറ്റാണ്ടായി  ഫിഫ നേതൃത്വം അഴിമതിയുടെ കൂത്തരങ്ങാണ്. 1978-ൽ അർജന്റീനയിലെ ക്രൂരരായ സൈനിക ഭരണത്തിന് ലോകകപ്പ് ആതിഥേയത്വം സമ്മാനിച്ച ചരിത്രം ഉള്ളവരാണ് ഫിഫ. ഖത്തറിന് എതിരെ മാത്രമുള്ള അമേരിക്കയുടെ എതിർപ്പും, അവരുടെ വിമർശനങ്ങളും വലിയ കാപട്യമാണ്. USAയെ പിന്തള്ളി ഖത്തർ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ മാത്രമാണ് അഴിമതിക്കെതിരെ അവർ ഉണർന്നത്. അതിസമ്പന്നനായ സ്വന്തം ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് 15 കൊല്ലമായി ഇൻകം ടാക്‌സ് ഫയൽ പോലും ചെയ്യുന്നില്ല എന്നവർ അപ്പോഴാണ് അറിഞ്ഞത്! ഫിഫയുടെ നിരവധി ഭാരവാഹികൾ അകത്തായി. ഫിഫയുടെ നേതൃത്വം തന്നെ മാറി. എന്നാൽ 2026-ലെ വേദി USA ക്ക് കിട്ടിയതോടെ അവരുടെ അന്വേഷണം അവസാനിച്ചു. 201 മില്യൺ ഡോളർ ഫിഫക്ക് നഷ്ടപരിഹാരവും കൊടുത്തു!

അടുത്ത ലോകകപ്പ് ലോകമെങ്ങും മനുഷ്യാവകാശ ലംഘനങ്ങളും, യുദ്ധങ്ങളും നടത്തുന്ന  USAയിൽ ആണ്. അബോർഷനെ എതിർക്കുന്ന, ലൈംഗിക ന്യൂനപക്ഷത്തിന്  ഇഷ്ടമുള്ള ടോയ്ലറ്റ് ഉപയോഗിക്കുന്നതിനെ പോലും എതിർക്കുന്ന, ജനങ്ങൾക്ക് യഥേഷ്ടം തോക്ക് ലഭ്യമാവണം എന്നു വാദിക്കുന്ന, അങ്ങേയറ്റം വംശീയവാദികളായ രാഷ്ട്രീയ നേതൃത്വം ഉള്ള USA ആണ് ഇപ്പോൾ ലോകത്തിന് ഖത്തറിനെ മുൻനിർത്തി ലിബറലിസത്തിന്റെ ക്ലാസ് എടുക്കുന്നത്. ഉക്രൈൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയെ ഫിഫ ബാൻ ചെയ്തത്. ലോകം മുഴുവൻ അധിനിവേശം നടത്തുന്ന USA-ക്ക് ഇതെന്തുകൊണ്ടാണ് ഇത് ബാധകം ആവാത്തത്? എന്തുകൊണ്ടാണ് അടുത്ത ലോകകപ്പ് നടത്തേണ്ട USA-യ്ക്ക് എതിരെ ഖത്തറിന് സമാനമായ വിമർശനങ്ങൾ ഉയരാത്തത് ചിന്തിക്കേണ്ട കാര്യമാണ്.


'Fifa Uncovered' എന്ന പേരിൽ നെറ്റ്ഫ്ലിക്‌സ് ഇപ്പോൾ റിലീസ് ചെയ്ത ഡോക്യുമെന്ററി പക്‌ഷേ അവർ ചിന്തിച്ചതിലും അധികം ഈ ഇരട്ടത്താപ്പും വെളിവാക്കുന്നുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....