ഞായറാഴ്‌ച, ഫെബ്രുവരി 20, 2011

സെഞ്ച്വറി അടിച്ചത് സെവാഗോ അതോ ജ്യോത്സനോ? എന്ത് കൊണ്ടാണ് ടെസ്റ്റില്‍ തിളങ്ങുന്ന സെവാഗ് ഏകദിനങ്ങളില്‍ അത്രയും ഉയരങ്ങളില്‍ എത്താത്തത്? എന്തുകൊണ്ടാണ് ടെസ്റ്റില്‍ അന്‍പതിനുമുകളില്‍ ശരാശരിയുണ്ടായിട്ടു കൂടി ഏകദിനങ്ങളില്‍ സെവാഗിന്റെ ശരാശരി മുപ്പതിന് അല്പം മുകളില്‍ മാത്രം നില്‍ക്കുന്നത്? ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലില്‍ അവതാരകന്‍ ഒരു ജ്യോല്സനോട് ചോദിച്ച ചോദ്യമാണിത്. ജ്യോല്സനെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന രൂപമൊന്നുമല്ല. കോട്ടും സ്യൂട്ടുമൊക്കെ ഇട്ടു ആകെപ്പാടെ ഒരു ആഗോളവല്കൃതാനന്തര ഗോക്രിമോഡല്‍ ഉഡായിപ്പ്‌ സെറ്റപ്പ്. പുള്ളി പറഞ്ഞ ഉത്തരം ഇതാണ്. ടെസ്റ്റ്‌ കളിക്കുമ്പോള്‍ ജേഴ്സിയില്‍ നമ്പര്‍ എഴുതാറില്ല. എന്നാല്‍ ഏകദിനത്തില്‍ നമ്പര്‍ ഇടാറുണ്ട്. ഈ നമ്പറാണ് പ്രശ്നം. ഏതേലും ജ്യോത്സന്‍ പറഞ്ഞിട്ടാണോ എന്നറിയില്ല; ഏതായാലും ഇന്നലെ സെവാഗ് സെഞ്ച്വറി അടിച്ചപ്പോള്‍ ഇട്ടിരുന്ന ജേഴ്സിയില്‍ ഒരു നമ്പരും ഉണ്ടായിരുന്നില്ല. അപ്പൊ സെഞ്ച്വറിയുടെ ക്രെഡിറ്റ് സെവാഗിനോ അതോ ജ്യോത്സനോ?

എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും സെവാഗിനു തന്നെ, അല്ലാതെ ഏതേലും ഗോക്ക്രിക്കോ കൂക്ക്രിക്കോ ഇതില്‍ യാതൊരു ക്രെഡിറ്റും ഇല്ല. സെവാഗിന്റെ ഇന്നലത്തെ കളിക്ക് പിന്നില്‍ മൂന്നു കാര്യങ്ങളാനുള്ളത്.

ഒന്ന്) നീണ്ട ഒരു ഇന്നിങ്ങ്സ് കളിക്കണമെന്ന സെവാഗിന്റെ ദൃഡനിശ്ചയം.
രണ്ട്) അദ്ദേഹത്തിന്റെ ടാലെന്റും, ഹാന്‍ഡ്‌-ഐ കോര്‍ഡിനേഷനും.
മൂന്ന്)ബംഗ്ലാദേശിന്റെ മോശം ബൌളിംഗ്

പിന്നെ ഇങ്ങനെ ഒരു ഇന്നിങ്ങ്സ് കളിക്കണമെങ്കില്‍ കുറച്ചു ഭാഗ്യത്തിന്റെ കടാക്ഷവും വേണം. എന്നാല്‍ എടുത്തുപറയേണ്ട വസ്തുത സെവാഗിന്റെ അറ്റിറ്റ്യൂടില്‍ വന്ന മാറ്റം തന്നെയാണ്. കുറച്ചുകാലം മുന്‍പ് വരെ വളരെപ്പെട്ടെന്നു മുപ്പതു റണ്‍സും മറ്റും എടുത്ത ശേഷം വിക്കറ്റ് വലിച്ചെറിയുന്ന സ്വഭാവം സെവാഗിനു ഉണ്ടായിരുന്നു. അതു മാറ്റണമെന്നുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് ഈ ലോകകപ്പില്‍ താന്‍ നീണ്ട ഇന്നിങ്ങ്സ് കളിക്കുമെന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം. എന്തായാലും ആ തീരുമാനവും അതിനു വേണ്ടി നടത്തിയ കഠിനാധ്വാനവും ഫലം കണ്ടു എന്ന് തന്നെയാണ് ഇന്നലത്തെ ഇന്നിങ്ങ്സ് തെളിയിക്കുന്നത്. തുടക്കത്തിലേ ആഞ്ഞടിക്കു ശേഷം സെഞ്ച്വറി തികക്കുന്നത് വരെ വളരെ കണ്ട്രോള്‍ഡ്  അഗ്ഗ്രഷന്‍ ആണ് സെവാഗ് കാട്ടിയത്. സെഞ്ച്വറിക്ക് ശേഷം വീണ്ടും തകര്‍പ്പനടി തുടങ്ങി. വളരെയധികം പ്ലാന്‍ ചെയ്താണ് അദ്ദേഹം കളിച്ചതെന്നു വ്യക്തം. ഏതേലും ജ്യോത്സന്‍ പറഞ്ഞിട്ടാണോ ഷര്‍ട്ടിലെ നമ്പര്‍ അദ്ദേഹം ഉപേക്ഷിച്ചത് എന്നറിയില്ല. എന്നാല്‍ ഏതു നമ്പര്‍ ഉള്ള ഷര്‍ട്ട്‌ ഇട്ടിരുന്നെലും ഇന്നലെ അദ്ദേഹം സെഞ്ച്വറി അടിച്ചേനെ. ഇതില്‍ ഒരു ഗോക്ക്രിക്കും ക്രഡിറ്റ് കൊടുക്കേണ്ട ആവശ്യമില്ല. സെവാഗിന്റെ കഠിനാധ്വാനതിനും ആപ്ലിക്കേഷനും അഡാപ്ട്ടെഷനും ആണ് ഈ സെഞ്ച്വറിയുടെ മുഴുവന്‍ ക്രെഡിറ്റും. ഇനിയും ഇതു തുടരുകയാണെങ്കില്‍ സച്ചിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന്റെ അഭാവം ടീം ഇന്ത്യക്ക് നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല.

ഇനി ക്രെഡിറ്റ് ഗോക്ക്രിമാര്‍ക്ക് തന്നെ കൊടുക്കനമെന്നുന്ടെല്‍ അവരുടെ ശ്രദ്ദയ്ക്ക്. 13   ദൌര്‍ഭാഗ്യത്തിന്റെ നമ്പര്‍ ആണെന്നാണല്ലോ വെപ്പ്. ഇപ്പോഴത്തെ ഹൈക്കോടതി മന്ദിരത്തില്‍ പതിമൂന്നാം നമ്പര്‍ ബ്ലോക്ക്‌ തന്നെ ഇല്ലെന്നു കേട്ടു. എം.എല്‍.എ ഹോസ്റ്റലില്‍ വര്‍ഷങ്ങളായി പതിമൂന്നാം നമ്പര്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഭരണം ഏറ്റപ്പോള്‍ സൈമണ്‍ ബ്രിട്ടോ ആ മുറി ചോദിച്ചു വാങ്ങി. അതുപോലെ പതിമൂന്നാം നമ്പര്‍ സര്‍ക്കാര്‍ വാഹനം എം.എ ബേബി ചോദിച്ചു വാങ്ങുകയാനുണ്ടായത്. ഇനി ഇന്നലത്തെ കളിയിലേക്ക് വരാം. പതിമൂന്നാം നമ്പര്‍ കുപ്പായതിലെത്തിയത് മുനാഫ് പട്ടേല്‍. അദ്ദേഹത്തിനു നാല് വിക്കറ്റ്. സംഖ്യകള്‍ പരസ്പരം കൂടുമ്പോള്‍ ഒന്‍പതു കിട്ടുന്നെങ്കില്‍ അതു നല്ല സംഖ്യ ആണെന്നാണല്ലോ ഇവരുടെ വിശ്വാസം. ഇതു വെച്ച് നല്ലൊരു സംഖ്യയാണ് ശ്രീശാന്തിന്റെ നമ്പര്‍, 36 . പക്ഷെ ശ്രീശാന്തിനു വിക്കറ്റിനു പകരം കിട്ടിയത് നല്ല തല്ല്. അഞ്ചു ഓവറില്‍ അമ്പതിമൂന്ന്. അപ്പൊ ഇത്രേ ഉള്ളു നമ്പറിന്റെ കാര്യം. നന്നായി എറിഞ്ഞാല്‍ വിക്കറ്റ് കിട്ടും. ഇല്ലേല്‍ തല്ല് കിട്ടും..!! (ശ്രീശാന്തിനു ഇതൊരു ഓഫ്‌-ഡേ ആയിരുന്നു. ഇനി അവസരം കിട്ടിയാല്‍ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കാം.) ഏതായാലും ഒരു ജ്യോത്സന്റെയും വാക്ക് കേട്ടല്ല സെവാഗ് നമ്പരില്ലാ കുപ്പായവുമായി കളിക്കാനിറങ്ങിയതെന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം കഴിവില്‍ വിശ്വാസമുള്ളവര്‍ക്ക് ഈ മാതിരി ഉഡായിപ്പിന്റെ ഒന്നും ആവശ്യമില്ല.

കഴിഞ്ഞ ലോകകപ്പിലോ മറ്റോ ആണെന്ന് തോന്നുന്നു. ഈ മാതിരി ഉഡായിപ്പുകള്‍ക്ക് കളിക്കിടയിലുള്ള ചര്‍ച്ചകളില്‍ സോണി മാക്സ് സമയം അനുവദിച്ചിരുന്നു. അതൊന്നും ചെയ്യാതെ പ്രൊഫഷണല്‍ ആയി കളിയെ
സമീപിക്കുന്ന ഇ.എസ്.പി.എന്‍- സ്റ്റാര്‍ സ്പോര്‍ട്സ്-സ്റ്റാര്‍ ക്രിക്കറ്റ്‌ ചാനലുകള്‍ക്ക് അഭിനന്ദനങ്ങള്‍. ചര്‍ച്ചയില്‍ ഏറ്റവും തിളങ്ങിയത് ഗാംഗുലി തന്നെയെന്നത് സമ്മതിക്കാതെ വയ്യ. അടുത്തകാലം വരെ ടീമിലുണ്ടായിരുന്നു അദ്ദേഹത്തെക്കാള്‍ നന്നായി ഇപ്പോഴത്തെ കളിക്കാരെ വേറെ ആര്‍ക്കും അറിയാമെന്നു തോന്നുന്നില്ല. ഇന്നത്തെ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ പുള്ളി വഹിച്ച പങ്ക് നിസാരമല്ല. സെവാഗിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള ദാദയുടെ തീരുമാനത്തിന് നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ. പല കാര്യങ്ങളിലും, പ്രത്യേകിച്ച് സ്വന്തം കളിക്കാര്‍ക്ക്‌ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഗാംഗുലിയുടെ ഏഴയലത്ത് ധോണി എത്തുകയില്ല. ഏതായാലും ഈ ലോകകപ്പില്‍ മുത്തമിടാന്‍ സച്ചിനും കൂട്ടര്‍ക്കും ആകട്ടെ എന്നാശംസിക്കുന്നു...

വാല്‍ക്കഷണം: ഉറങ്ങിപ്പോയത് മൂലം റെയ്നക്ക് ടീം ബസ്‌ മിസ്സ്‌ ആയത്രേ. സെവാഗിനു പകരം ഫീല്‍ഡ് ചെയ്യാന്‍ വന്നപ്പോഴും ഗ്രൗണ്ടില്‍ നിന്നങ്ങനെ കോട്ടുവാ ഇടുകയായിരുന്നു പുള്ളി. രാത്രി എന്തരടെ പരിപാടി? 

ശുഭം! 
മംഗളം! 
അനൂപ്‌ കിളിമാനൂര്‍

4 അഭിപ്രായങ്ങൾ:

 1. ഒന്ന്) നീണ്ട ഒരു ഇന്നിങ്ങ്സ് കളിക്കണമെന്ന സെവാഗിന്റെ ദൃഡനിശ്ചയം.
  രണ്ട്) അദ്ദേഹത്തിന്റെ ടാലെന്റും, ഹാന്‍ഡ്‌-ഐ കോര്‍ഡിനേഷനും.
  മൂന്ന്)ബംഗ്ലാദേശിന്റെ മോശം ബൌളിംഗ്
  ---------------------------------------------------

  "മൂന്ന്)ബംഗ്ലാദേശിന്റെ മോശം ബൌളിംഗ് "


  ബംഗ്ലാദേശിന്റെ മോശം ബൌളിംഗ് ഇപ്പൊ പാക്കിസ്ഥാന്‍ അല്ലെ നേരിടുന്നെ ....
  നമ്മള്‍ വെസ്റ്റ് ഇന്‍ഡീസ്മായല്ലേ കളിക്കുന്നത് ??

  തിരുത്തുക

  മറുപടിഇല്ലാതാക്കൂ
 2. സോറി , ഡേറ്റ് ശ്രദ്ധിച്ചില്ല ....

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....