വെള്ളിയാഴ്‌ച, ജൂൺ 22, 2012

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ: പി.സായിനാഥ് സംസാരിക്കുന്നു...


കര്‍ഷക ആത്മഹത്യകളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ ഏറ്റവും പങ്കുവഹിച്ച  'ദി ഹിന്ദു' പത്രത്തിലെ റൂറല്‍ അഫയേഴ്സ് എഡിറ്ററായ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി.സായിനാഥ് 'ഇന്ത്യയിലെ കര്‍ഷക ആത്മഹത്യ' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മിസൈല്‍ വിക്ഷേപിക്കുന്നതിലും ആറ്റം ബോംബ്‌ പരീക്ഷിക്കുന്നതിലും അഭിമാനം കൊള്ളുന്ന എല്ലാ ഭാരതീയര്‍ക്കുമായി സമര്‍പ്പിക്കുന്നു....'ഓരോ രണ്ട് ദിവസങ്ങളിലും ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യം എന്താണ്? നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടത്; അല്ലെങ്കില്‍ പൊതുവായി ദാരിദ്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ടത്. നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടത്. രണ്ട് ദിവസത്തില്‍ 94 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഏകദേശം അറുന്നൂറു പേര്‍ അതിനു ശ്രമിക്കുന്നു. അതായത് ശ്രമത്തില്‍ വിജയിക്കുന്നവരുടെ ആറോ ഏഴോ ഇരട്ടി പേര്‍ അതിനു ശ്രമിക്കും. 

ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഞാന്‍ ഉപയോഗിക്കുന്ന എല്ലാ കണക്കുകളും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോ(NCRB) വഴിയാണ് ലഭ്യമായിരിക്കുന്നത്. എന്റെതായി സ്വതന്ത്രമായ ഒരു കണക്കും എന്‍റെ കയ്യിലില്ല. ഞാന്‍ ആ കണക്കുകളെ ചോദ്യം ചെയ്യുകയും അതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്യും. അവ തീര്‍ത്തും അപര്യാപ്തം ആണ് എന്ന് നിങ്ങള്‍ക്കു കാണിച്ചു തരാന്‍ എനിക്ക് കഴിയും. ആ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല. അവ ആധികാരികമാണ്, കാരണം അതു മാത്രമാണ് ഈ വിവരങ്ങള്‍ക്കായി നിങ്ങളുടെ കയ്യിലുള്ള ഒരേയൊരു സ്രോതസ്സ്. 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലം എടുക്കുകയാണെങ്കില്‍ 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അതായത് ഒരു ദിവസം ഏകദേശം 2200 . ആ രണ്ട് ദിവസങ്ങളില്‍ 4300 കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. ആ രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കണക്കു പ്രകാരം 6100 കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരണമടയുന്നു.    

റെവന്യൂ വകുപ്പിന്റെ നികുതിയിളവുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു ഒരു കാര്യം കാണാന്‍ കഴിയും. അഞ്ചു ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയിനത്തില്‍ എഴുതിതള്ളിയിരിക്കുന്നത്. അതായത് മണിക്കൂറില്‍ 57 കോടി, മിനുട്ടില്‍ ഏകദേശം ഒരു കോടി. എന്നാല്‍ അതില്‍ കര്‍ഷകര്‍ പെടുന്നില്ല; അവര്‍ക്ക് കടം കൊടുക്കാനും പണമില്ല. യഥാര്‍ത്ഥത്തില്‍ പണം ആവശ്യമുള്ള ഗ്രാമപ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ അതില്‍ പെടുന്നില്ല. 

അറുപതുകളിലും എഴുപതുകളിലും ഇവിടെ വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ മുന്നോട്ടു വെക്കുന്ന പ്രശ്നം എന്താണെന്ന് വെച്ചാല്‍ അറുപതുകളിലും എഴുപതുകളിലും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ഉള്ളത് വലിയ തോതിലുള്ള കഷക ആത്മഹത്യകള്‍ ആണ്. അതിനിടയിലുള്ള കാലയളവില്‍ എന്താണ് സംഭവിച്ചത്? ആ വന്‍ പോരാട്ടങ്ങള്‍ വലിയ തോതിലുള്ള നിരാശയ്ക്ക് വഴിമാറി. 'ഞങ്ങള്‍ക്ക് ഇതു ചെയ്യാന്‍ കഴിയും' എന്ന ആ ജനങ്ങളുടെ ശുഭപ്രതീക്ഷ പൂര്‍ണ്ണമായ വിശ്വാസനഷ്ടത്തിനും നിരാശയ്ക്കും വഴിമാറി. എങ്ങനെയാണ് വന്‍പോരാട്ടങ്ങള്‍ക്കു പകരം കൂട്ട ആത്മഹത്യകള്‍ക്ക് ഉണ്ടായത്? വളരെ മൂര്‍ത്തമായ കാരണങ്ങള്‍ ഇതിനുണ്ട്. ആ കാരണങ്ങള്‍ സങ്കീര്‍ണ്ണമാകാം, എന്നാല്‍ എവിടെയാണ് എന്താണ് തെറ്റിയതെന്ന് നമുക്ക് പറയാന്‍ കഴിയും. അതു അസാധ്യമല്ല. അവ തീര്‍ച്ചയായും മുറിഞ്ഞവയാണ്, കാരണം എല്ലാ വിശദീകരങ്ങളും അങ്ങനെയാണ്.


നാല് മാസങ്ങള്‍ക്ക് മുന്‍പ് ഔറംഗബാദ് നഗരത്തില്‍ മെഴ്സീഡിസ് ബെന്‍സ് അവരുടെ ഏറ്റവും വലിയ ഒരു ദിവസത്തെ ഒറ്റവില്പ്പന നടത്തി. അവര്‍ അവിടെയുള്ള ഒരു കൂട്ടം കച്ചവടക്കാര്‍ക്ക് 150 കാറുകള്‍ വിറ്റു. നിങ്ങള്‍ അതിനെപ്പറ്റി വായിച്ചു കാണും, അതു ടെലിവിഷനില്‍ കണ്ടു കാണും. ആരാണ് ആ കാശ് കൊടുത്തത്. ആ 150 മെഴ്സീഡിസ് ബെന്സുകള്‍ക്കുള്ള പണം ആരാണ് കൊടുത്തത്? 63 കൊടിയുടെതായിരുന്നു ആ കച്ചവടം. 44 കോടി വന്നത് എസ്.ബി.ഐ എന്ന പൊതുമേഖലാ ബാങ്കില്‍ നിന്നാണ്. അതും 7% പലിശയ്ക്ക്. അതേ എസ്.ബി.ഐ അതേ സ്ഥലത്ത് ഒരു ട്രാക്റ്റര്‍ വാങ്ങായി നിങ്ങള്‍ക്കു ലോണ്‍ തരും, അതും 12.75% പലിശയ്ക്ക്. ട്രാക്ട്ടറിനായി നാല് ലക്ഷം ലോണ്‍ എടുത്താല്‍ 12%, അഞ്ചു ലക്ഷം വാങ്ങിയാല്‍ 12.75%, ആറു ലക്ഷം വാങ്ങിയാല്‍ 14%. അതായത് ഒരു മെഴ്സീഡിസ് ബെന്‍സ് വാങ്ങാന്‍ നിങ്ങള്‍ 7% പലിശ കൊടുക്കുന്നു, ഒരു ട്രാക്റ്റര്‍ വാങ്ങാന്‍ 12 മുതല്‍ 14 ശതമാനം വരെ പലിശ കൊടുക്കുന്നു. എന്നിട്ട് കടം മൂലം ഗ്രാമപ്രദേശങ്ങളില്‍ എങ്ങനെ പ്രശ്നം ഉണ്ടാകുന്നു എന്ന് നമ്മള്‍ അതിശയപ്പെടുന്നു!

ആയിരക്കണക്കിന് സ്ത്രീകളുടെ ആത്മഹത്യകള്‍ കര്‍ഷക ആത്മഹത്യകളുടെ കണക്കില്‍ നിന്ന് നീക്കം ചെയ്യുന്നു. കാരണം അവര്‍ സാമ്പ്രദായിക ബോധം അനുസരിച്ച് സ്ത്രീ കര്‍ഷക അല്ല, കര്‍ഷകന്റെ ഭാര്യ മാത്രമാണ്. അതു കൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ആധികാരികമാണ്, എന്നാല്‍ കൃത്യം അല്ല എന്ന്. കര്‍ഷകആത്മഹത്യ അല്ല കൃഷി സംബന്ധമായ പ്രതിസന്ധി, ദയവു ചെയ്തു ഇതു മനസിലാക്കുക.  കര്‍ഷകആത്മഹത്യ കാര്‍ഷിക പ്രതിസന്ധി മൂലമുണ്ടായതാണ്. അതു കാര്‍ഷിക പ്രതിസന്ധിയുടെ കാരണമല്ല, മരിച്ചു അതിന്റെ പരിണിതഫലമാണ്. അതു ഈ പ്രതിസന്ധിയുടെ ഒരു ഘട്ടമാണ്, ഈ  പ്രതിസന്ധിക്ക് മറ്റു പല ഘട്ടങ്ങളുമുണ്ട്. മറ്റൊന്ന് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ദിശയില്‍ നിന്നും ഈ പ്രതിസന്ധിയെ മാറ്റി നിര്‍ത്തരുത്. എല്ലാ ഗവണ്‍മെന്റ്  പഠനങ്ങളും ഗവണ്‍മെന്റ് കോടതിയില്‍ ഔദ്യോഗികമായി പറയുന്നതിനേക്കാള്‍ കൂടുതല്‍ ദാരിദ്ര്യം കാണിക്കുന്നു. ഇതു വളരെ പ്രധാനമാണ്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍ അസമത്വം വര്‍ദ്ധിച്ച തോത് അതിനു മുന്‍പുള്ള അമ്പതു വര്‍ഷങ്ങളില്‍ ഏതു സമയത്തും ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അവര്‍ ഇന്ത്യയെക്കുറിച്ച് പറയുന്നതെന്താണെന്ന് വെച്ചാല്‍ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണെന്നാണ്‌. ഇതിലും വലുത് ഉണ്ടാവാം, പക്ഷെ രേഖപ്പെടുത്തിയതില്‍ ഇതു ഒരു പ്രത്യേക തൊഴിലുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ മാനവആത്മഹത്യയുടെ തരംഗം ആണ്. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷക ആത്മഹത്യയ്ക്ക് പ്രേരക ശക്തി ചില നയങ്ങളാണ്, വളരെ നിശ്ചിതമായ എടുത്തു പറയാന്‍ കഴിയുന്ന ചില നയങ്ങള്‍. നേരത്തെ പറഞ്ഞത് പോലെ 1991 സെന്സിനും 2001 സെന്സസിനും ഇടയ്ക്കുള്ള കാലത്ത് 80 ലക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. രണ്ട് മാസത്തിനുള്ളില്‍ നമ്മുക്ക് 2011-ലെ സെന്‍സസ് കിട്ടും. മാറാതെ നില്‍ക്കുന്ന കര്‍ഷക ആത്മഹത്യ നിരക്ക് കൂടുതല്‍ മോശമായ ഒരു അവസ്ഥയാണ് തുറന്നു കാണിക്കുന്നത്, കാരണം കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതാണ് ഇന്ത്യയിലെ കര്‍ഷക ആത്മഹത്യയെ അങ്ങനെയല്ലാത്ത ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉള്ള ഏറ്റവും പ്രധാനമായ കാര്യം.

അപ്പൊ ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം കുറഞ്ഞു വരികയാണ്, പക്ഷെ കര്‍ഷക ആത്മഹത്യ കൂടുന്നു. ഇതാണ് ഈ പ്രശ്നത്തിലെ ഏറ്റവും അസ്വസ്ഥതാജനകമായ വസ്തുത. ഇതാണ് കര്‍ഷക ആത്മഹത്യയുടെ ഏറ്റവും പേടിപ്പെടുത്തുന്ന ലക്ഷണം. 1995-ല്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം 10720, 1996-ല്‍ 13729, 2005-ല്‍ 17131, 2009-ല്‍ 17368. ഓരോ വര്‍ഷങ്ങളിലും ഇതു മാറിയും മറിഞ്ഞും ഇരുന്നു. പക്ഷെ പൊതുവായ പ്രവണത ഇരുണ്ടതും ഭയപ്പെടുത്തുന്നതുമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 83.6 കോടി ഇന്ത്യക്കാര്‍ ദിവസം ഇരുപതു രൂപയില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്. ഒരു ശരാശരി കര്‍ഷക കുടുംബത്തിന്റെ വരുമാനം ആള്‍ക്കൊന്നിനു ദിവസം പതിനാറു രൂപ മാത്രമാണ്.

സ്വന്തം വിളയേയോ, അതിന്റെ കമ്പോള വിലയേയോ, വില്പനയേയോ, വളത്തെയോ, കീടനാശിനിയെയോ എന്തിനു ഉപയോഗിക്കേണ്ട് വൈദ്യുതി പോലുമോ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളെ കര്‍ഷകന്‍ എന്ന് വിളിക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വൈദ്യുതിയും വെള്ളം പോലും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ മുഴുവന്‍ ഡാമുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട അവസ്ഥ ഉണ്ട്.   

രാജസ്ഥാനിലെ ഉദയ്പൂരിലെ ആദിവാസികള്‍ എങ്ങനെയാണ് വിശപ്പിനെ നേരിടുന്നത്? വേണ്ടത്ര കരുത്തു ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ടു എട്ടുപേരുടെ ഒരു കുടുംബം ഊഴമനുസരിച്ച് വിശന്നിരിക്കുന്നു. രണ്ട് സഹോദരന്മാര്‍ ഇന്ന് നന്നായി ആഹാരം കഴിക്കുന്നു എനിട്ട്‌ ജോലിക്ക് പോകുന്നു, ബാക്കിയുള്ളവര്‍ പട്ടിണി കിടക്കുന്നു. അടുത്ത ദിവസം വേറെ രണ്ട് പേര്‍ നന്നായി ആഹാരം കഴിഞ്ഞു ജോലിക്ക് പോകുന്നു ഇവര്‍ പട്ടിണി കിടക്കുന്നു, അങ്ങനെ.

പോംവഴികളുണ്ട്. കുറഞ്ഞത്‌ ആത്മഹത്യയില്‍ നിന്നെങ്കിലും അവരെ രക്ഷിച്ചു പ്രതിസന്ധിയെ ലഘൂകരിക്കാനുള്ള പോംവഴികള്‍. അതിനപ്പുറത്ത് പെട്ടെന്നുള്ള നടപടികളേക്കാള്‍ വലിയ പോംവഴികള്‍; ദീര്‍ഘ കാലത്തെയ്ക്കുള്ള നയങ്ങള്‍. പോംവഴികള്‍ കിട്ടിയില്ലെങ്കിലും അതിനുള്ള സ്റ്റാര്‍ട്ടിംഗ് പോയന്റുകള്‍ നാഷണല്‍ ഫാര്‍മേഴ്സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

പാര്‍ലമെന്റിന്റെ ഒരു മുഴുവന്‍ സെഷന്‍ രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കുന്നതിനു വേണ്ടി മാറ്റി വെക്കുന്നത് നാം കണ്ടു- അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍. എന്‍റെ അപേക്ഷ ഇതാണ്, രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ പാര്‍ലമെന്റിന്റെ ഒരു സെഷന്‍ മുഴുവന്‍ മാറ്റി വെക്കാംഎങ്കില്‍ കാര്‍ഷിക പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു സെഷനെങ്കിലും മാറ്റിവെക്കാന്‍ കഴിയില്ലേ?

കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക. നമ്മുടെ രാജ്യത്തിന്റെ മേശയില്‍ ആഹാരം എത്തിക്കുന്നത് ഇവരാണ്. കൃഷിയെ   ഒരു പബ്ലിക് സര്‍വീസ് ആയി പ്രഖ്യാപിക്കുക, എന്തുകൊണ്ടെന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മിനിമം വേതനം എങ്കിലും ലഭ്യമാകും. എത്ര വിളവുണ്ടായി എന്ന് നോക്കി വളര്‍ച്ചയെ അളക്കുന്നതിന് പകരം കര്‍ഷകനും കാര്‍ഷികത്തൊഴിലാളിക്കും എത്ര വരുമാനമുണ്ട് എന്നതിനെ നോക്കി വളര്‍ച്ചയെ അളക്കുക. ഇന്ന് ചെറിയ തോതില്‍ പണം കടം കൊടുത്തിരുന്നവരും ആത്മഹത്യ ചെയ്യുകയാണ്. അവരുടെ ഇടപാടുകാര്‍ ഒന്നുകില്‍ ഒളിച്ചോടുന്നു, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു, അവര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല.

പ്രധാനമന്ത്രി വന്നു, എന്നെ വിളിപ്പിച്ചു, എന്നിട്ട് നമ്മള്‍ തമ്മില്‍ ചര്‍ച്ച നടന്നു. എന്നിട്ടദ്ദേഹം വിദര്‍ഭയില്‍ വന്നു. അവര്‍ മുന്നോട്ടു വെച്ച പാക്കേജ് കണ്ടപ്പോള്‍ ഞാന്‍ അവരോടു യാചിച്ചു ഈ പാക്കേജ് നടപ്പാക്കരുതേ എന്ന്, ഇതു ഭ്രാന്താണ് എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പ്ലാന്‍ ചെയ്തത് 48000 പശുക്കളെയും എരുമകളേയും വിദര്‍ഭയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനാണ്, പണവും വെള്ളം പോലും ലഭിക്കാതെ വലയുന്ന അത്രേ കര്‍ഷകര്‍ക്ക്. ഞാന്‍ ഇതു ചെയ്യരുതേ എന്ന് അവരോടു യാചിച്ചു, പക്ഷെ അതു അവര്‍ ചെയ്തു, അവര്‍ അതു കൊടുത്തു. അവര്‍ അതില്‍ അഭിമാനം കൊള്ളുകയും ചെയ്തു, രാഷ്ട്രീക്കാര്‍ ഒരു സ്ത്രീയോടും അവര്‍ക്ക് നല്‍കിയ എരുമകളോടും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഞാന്‍ ആ സ്ത്രീയെ തിരക്കി ചെന്നു, കമലാഭായി ഗൂഡെ എന്നാണവരുടെ പേര്. ഞാന്‍ അവരോടു ചോദിച്ചു നിങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ പ്ലാന്‍ വഴി കിട്ടിയ എരുമ എങ്ങനെയുണ്ട് എന്ന്. അവര്‍ പയുകാണ്, 'സാറേ ഇതു എരുമയല്ല, ഭൂതമാണ്‌. എന്‍റെ കുടുംബത്തിലുള്ളവര്‍ കഴിക്കുന്നതിനേക്കാള്‍ ആഹാരം അതു കഴിക്കും. ഗ്രാമം മുഴുവനും തങ്ങള്‍ക്കു കിട്ടിയ പശുക്കളെയും എരുമകളേയും മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ വേണ്ടി നടക്കുന്നവരാണ്. ആദ്യം ഞാന്‍ വില്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വാങ്ങാന്‍ ആളില്ല. ഞാന്‍ അതു എന്‍റെ അയല്‍ക്കാരന് സൗജന്യമായി കൊടുത്തു. എട്ടുദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്‍റെ വീട്ടുമുറ്റത്ത്‌ എരുമയുമായി വന്നിട്ട് തൊഴുതുകൊണ്ട് പറഞ്ഞു കമലാഭായി, ഇതിനെ നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്.'  

അവസാനത്തെ പോയന്റിലെയ്ക്ക് ഞാന്‍ തിരിച്ചു വരട്ടെ. നിങ്ങള്‍ക്കു ഇതിനെ നേരിടാന്‍ കഴിയും. എന്നാല്‍ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസത്തെ മാത്രം കണക്കിലെടുത്ത് കൊണ്ട് കഴിയില്ല എന്നതുപോലെ തന്നെയാണ് ഈ പ്രശ്നം. കാരണം ഇവിടെ വലിയൊരു സമൂഹമുണ്ട്‌, വലിയ നയങ്ങളുണ്ട്‌, വിദ്യാഭ്യാസത്തെ ബാധിക്കുന്ന വലിയ നയങ്ങളുണ്ട്‌. അവയെല്ലാം കണക്കിലെടുക്കണം. അഞ്ചു വാക്കുകളില്‍ കാര്‍ഷിക പ്രതിസന്ധിയെ ഇങ്ങനെ പറയാം, 'The drive towards corporate farming'. ഈ പ്രതിസന്ധിയിലെയ്ക്കുള്ള പ്രക്രിയയെ അഞ്ചു വാക്കുകളില്‍ പ്രൊഫ: നാഗരാജ് പറഞ്ഞതുപോലെ ഇങ്ങനെ പറയാം, 'Predatory commercialization of the country-side'. ഇതിന്റെ പരിണിതഫലം അഞ്ചു വാക്കുകളില്‍, 'Largest displacement in Indian history'. അതു തോക്കുകളും ടാങ്കുകളും ഉപയോഗിച്ചുള്ളതല്ല, മറിച്ചു കാര്‍ഷിക അട്ടിമറിയിലൂടെ.    

ഒരു തിരിച്ചുവരവ് സാധ്യമാണ്. പക്ഷെ ഇതിനെ നേരിടേണ്ടത് കൃഷിയില്‍ മാത്രമായുള്ള ഒരു പ്രശ്നമായല്ല. ഇതു നമ്മുടെ സമൂഹത്തിലെ, നമ്മുടെ സാമ്പത്തിക മേഖലയിലെ, നമ്മുടെ മുഴുവന്‍ ലോകത്തിലെ തന്നെ ഒരു പ്രശ്നമാണ്. അസമത്വം, ഇന്ത്യന്‍ നയങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളെ മുഴുവനായി നേരിടുന്നതിലൂടെയേ ആ തിരിച്ചുവരവ്‌ സാധ്യമാകൂ. നന്ദി'

             വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത സോണിയ എലിസബത്ത് പടമാടന്‍,
             ദി ഹിന്ദു 1 അഭിപ്രായം:

  1. അജ്ഞാതന്‍2:29 PM, ജൂൺ 22, 2012

    എന്തുകൊണ്ട് കാര്‍ഷിക പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ് .മന്മോഹന്‍ സിങ്ങിന്‍റെ അനിയന്ത്രിതമായ ഉദാരവത്കരണ നയങ്ങള്‍ ആണ് ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാക്കിയത് .കര്‍ഷകരെ കൂട്ടായി സംഘടിപ്പിച്ചു കൊണ്ട് ഒരു മുന്നേറ്റം നടത്താന്‍ കഴിവുള്ള ഒരു നേതാവിന്‍റെ അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിന്‍റെ അഭാവം ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു .സിങ്ങിന് ഉദാരവത്കരണ നയങ്ങളില്‍ നിന്നും പിന്മാറാനുള്ള ഭാവമില്ല .വീണ്ടും കര്‍ഷക ആത്മഹത്യകള്‍ കൂടുക തന്നെ ചെയ്യും .ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകും ,അപ്പോള്‍ സര്‍ക്കാരിന് വീണ്ടുവിചാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....