തിങ്കളാഴ്‌ച, ഏപ്രിൽ 09, 2012

സന്ദേശവും അന്തിക്കാടും പിന്നെ സ്ത്രീധനവും


ഓരോ തമാശയ്ക്ക് പിന്നിലും അതിന്റേതായ രാഷ്ട്രീയം ഉണ്ട്. മലയാളത്തില്‍ കാലാതീതമായ തമാശകള്‍ സൃഷ്ടിച്ച ആളാര് എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍  വരിക ശ്രീനിവാസന്റെ പേരാണ്; അതിന്റെ നിലവാരവും ആഴവും രാഷ്ട്രീയവും ഒക്കെ അത്ര മെച്ചമല്ല എങ്കിലും. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളികള്‍ കുറയും. പലപ്പോഴും ആഴമില്ലാത്ത പുറന്തോട് മാത്രം സ്പര്‍ശിക്കുന്ന ഫലിതങ്ങളാണ് ശ്രീനി നിര്‍മ്മിച്ചത്. അതാകട്ടെ 'അരാഷ്ട്രീയം' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന  വലതുപക്ഷ രാഷ്ട്രീയത്തോടു ചേര്‍ന്ന് നില്‍ക്കുന്നതും. ഇടതുപക്ഷം എന്നാല്‍ പലര്‍ക്കും പ്രഭാകരന്മാരും ക്യൂബ മുകുന്ദന്‍മാരും ആയി മാറുന്നത് പതിവ് കാഴ്ച്ചയാണല്ലോ. രാഷ്ട്രീയ പാര്‍ട്ടികളെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും പുരോഗമനപരമായ ആശയങ്ങളെയും എന്നും അവജ്ഞയോടു കൂടി മാത്രമേ ശ്രീനിയും സത്യന്‍ അന്തിക്കാടും കണ്ടിട്ടുള്ളൂ. അതിന്റെ പരമകൊടിയാണ് 'സന്ദേശം' എന്ന സിനിമ. അതിലെ പ്രശസ്തമായ ഒരു സീനാണ് പ്രഭാകരന്റെ പെണ്ണുകാണല്‍.ശ്രീനിയുടെ പ്രശസ്തമായ ഡയകോല്‍ ഇതാണ്. 'എനിക്ക് ചില നിബന്ധനകള്‍ മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിനു ആര്‍ഭാടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ പാര്‍ട്ടി ആഫീസില്‍ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടനിയിക്കും. കുട്ടി ഒരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂര്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞങ്ങളുടെ പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം. ചടങ്ങ് തീര്‍ന്നു.'
ഈ തമാശയുടെ വേരുകള്‍ എവിടെയാണ് എന്നാണ് നാം പരിശോധിക്കേണ്ടത്. ആ ആലോചന എണ്‍പതുകളില്‍ പുരോഗമനപരമായി ചിന്തിച്ച ഒരു കൂട്ടം ചെരുപ്പക്കാരിലാണ് ചെന്നു നില്‍ക്കുക. കേരളം ഒരു മധ്യവര്‍ഗ്ഗ സമൂഹമായി മാറിത്തുടങ്ങിയ കാലം. ആ കാലത്താണ് ആര്‍ഭാടകരമായ വിവാഹങ്ങളും സ്ത്രീധനവിലപേശലുകളും കേരളത്തില്‍ വ്യാപകം ആകുന്നത്. കലാലയ രാഷ്ട്രീയം നന്മകളുടെ വിത്തുകള്‍ നിറച്ച ഒരു കൂട്ടം യുവാക്കള്‍ ഇതിനെതിരെ ചിന്തിച്ചു തുടങ്ങുന്നു. അവര്‍ സിനിമയില്‍ പറയുന്നത് പോലെ ഇടതുപക്ഷത്തോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മാത്രം ഉള്ളവരല്ല, അവരില്‍ വലിയൊരു പങ്ക് ഇടതുപക്ഷ ചിന്താഗതിക്കാര്‍ ആയിരുന്നു എങ്കിലും. പുരോഗമന ആശയങ്ങള്‍ മനസ്സില്‍ കൊണ്ട് നടന്ന ആ തലമുറയില്‍പ്പെട്ട പലരും സ്ത്രീധനം ചോദിക്കാതെയും ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കിയും വിവാഹം കഴിക്കാന്‍ തിരുമാനിച്ചു. അങ്ങനെ വിവാഹം കഴിച്ച ആ തലമുറയില്‍പ്പെട്ടു പോയ പലരെയും എനിക്ക് നേരിട്ടറിയാം. പല വിവാഹങ്ങളിലും അതു പ്രത്യക്ഷമായി ദൃശ്യമായില്ല എങ്കിലും വിലപേശലുകളും അനാവശ്യ ആര്‍ഭാടങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ അവര്‍ വളരെ പ്രത്യക്ഷമായിത്തന്നെ നടന്നു, ഒരു പക്ഷെ മുകളില്‍ പറഞ്ഞ ഡയലോഗ് പോലുള്ള വിവാഹങ്ങള്‍ സംഭവിച്ചു. എന്നാല്‍ ഈ പുരോഗമനപരമായ സമൂഹത്തിനു വളരെയേറെ ഉപയോഗപ്പെടുമായിരുന്ന ആ മുന്നേറ്റത്തെ ചവിട്ടിയരക്കാനാണ് ശ്രീനിയേയും സത്യന്‍ അന്തിക്കാടിനെയും പോലുള്ളവര്‍ ഉത്സാഹം കാട്ടിയത്. അതാകട്ടെ വസ്തുതകളെ അങ്ങേയറ്റം വികൃതമാക്കിയും. സത്യന്‍-ശ്രീനി കൂട്ടുകെട്ടിന്റെ 'പൊന്മുട്ടയിടുന്ന താറാവില്‍' ആകട്ടെ സ്ത്രീധനം വാങ്ങുന്നത് ഒരു നാട്ടുനടപ്പായി മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമുകന്‍ പ്രണയസമ്മാനമായി തന്ന മാല വരന് സ്ത്രീധനമായി കൊടുക്കുന്നതില്‍ മാത്രമാണ് അവര്‍ തെറ്റുകണ്ടത്.

കാലം മാറുകയും പുരോഗമനപരമായ പല ആശയങ്ങളെയും പോലും ഈ രീതിയിലുള്ള വിവാഹങ്ങളും കുറഞ്ഞു വന്നു. അതിനു പല കാരണങ്ങളും ഉണ്ട്. ഫലമോ അനാവശ്യ ആര്‍ഭാടങ്ങള്‍ നിറഞ്ഞ വിവാഹങ്ങളും വര്‍ഷംതോറും പൂക്കുറ്റി പോലെ മോളിലേക്ക് പോകുന്ന, പ്രതിരോധബജറ്റിന്റെ അതിശയിക്കുന്ന സ്ത്രീധന ഡിമാന്റുകളും മാതാപിതാക്കളുടെ ചങ്കിലെ തീയ്ക്കും കടക്കെണിയിലായ കുടുംബങ്ങള്‍ക്കും കാരണമാകുന്നത് 'നോര്‍മല്‍' കാഴ്ചയായി മാറി. വിവാഹം എന്നത് ഒരു ആണും പെണ്ണും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു എന്നതിലുപരി ഒരു വലിയ ബിസിനസ്‌ ആയി മാറുന്ന അശ്ലീലക്കാഴ്ച്ചക്കും സമൂഹം സാക്ഷിയായി. അപ്പോഴാണ്‌ സത്യന്‍ അന്തിക്കാടിലെ 'നാട്ടുമ്പുറത്തുകാരന്‍ ഉപദേശി' സ്ത്രീധനവും വിവാഹത്തിലെ ആര്‍ഭാടങ്ങളും ഒക്കെ വലിയ പ്രശ്നമാണെന്ന് മനസിലാക്കി സടകുടഞ്ഞെഴുന്നേല്ക്കുന്നതും 'ഭാഗ്യദേവത' എന്ന 'സ്ത്രീധന-വിരുദ്ധ സില്‍മ' പിടിക്കുന്നതും.

പലരും യുവാക്കളായിരിക്കുമ്പോള്‍ സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നവരും എന്നാല്‍ മൂന്നാല് പെണ്‍പിള്ളാരുടെ തന്ത ആകുമ്പോള്‍ വലിയ സ്ത്രീധന വിരുദ്ധര്‍ ആകുന്നതും അത്ര അപൂര്‍വമായ കാഴ്ച അല്ല, യേത്? എന്തായാലും ഏതാണ്ടതുപോലൊരു അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് 'ഭാഗ്യദേവത'യിലെ നായകന്‍, ഇവിടെ പുള്ളിക്ക് മകളല്ല മറിച്ച് സഹോദരി ആണെന്ന് മാത്രം, കടുത്ത സ്ത്രീധനവിരോധി ആകുന്നതും. ഈ നായകന്‍ സത്യന്‍ അന്തിക്കാട് തന്നെയാണോ എന്നറിയില്ലെങ്കിലും പുള്ളി ആ കഥാപാത്രത്തില്‍ നിന്ന് വലിയ വ്യത്യസ്തന്‍ അല്ല എന്നാണ് പുള്ളിയുടെ പഴയകാല സില്മകളും ഈ പുതിയ പടപ്പും വെച്ചു നോക്കുമ്പോള്‍ മനസിലാകുന്നത്. ഇതു ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട്-പ്രിയദര്‍ശന്‍ ത്രയത്തിന്റെ ഒരു പൊതുസ്വഭാവം തന്നെയാണ്. എല്ലാ പുരോഗമനപരമായ മുന്നേറ്റങ്ങളേയും ആശയങ്ങളെയും അന്യായമായി സാമാന്യവല്‍ക്കരിച്ച് പരിഹസിക്കുകയും എന്നാല്‍ ഈ മുന്നേറ്റങ്ങള്‍ക്ക് തടയാന്‍ കഴിയുമായിരുന്ന പല വിപത്തുകളെയും പറ്റി വളരെക്കാലത്തിനു ശേഷം ആശങ്കപ്പെടുകയും ചെയ്യുന്ന ഇവരെപ്പോലുള്ളവര്‍ മലയാള സിനിമാചരിത്രത്തിലെ കറുത്ത പാടുകള്‍ തന്നെയാണ്. സൂപ്പര്‍ താര നിര്‍മ്മാണത്തിലും അവരുടെ കൊള്ളരുതായ്മകളിലും പങ്കുവഹിക്കുകയും പങ്കുപറ്റുകയും ചെയ്തിട്ട് ഒടുവില്‍ തനിക്കു അവരില്‍ നിന്നും ഒന്നും കിട്ടാനില്ല എന്ന് പുടി കിട്ടിയപ്പോള്‍ ശ്രീനി എടുത്ത 'പത്മശ്രീ ഭരത് ഡോ:സരോജ് കുമാര്‍' തന്നെയാണ് ഈ സീരിസിലെ ലേറ്റെസ്റ്റ്‌ എന്ട്രി. ഈ പൊള്ളത്തരങ്ങള്‍ മലയാളിസമൂഹം മനസിലാക്കിത്തുടങ്ങിയാല്‍ നന്ന് എന്ന് മാത്രം പറഞ്ഞുകൊള്ളുന്നു.ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

അരിയുടെ വിലയും ക്യൂബയും തമ്മിലെന്ത്? 

സ്നേഹവീട്: യ്യോ, നമുക്കാ പഴേ ലാലേട്ടനെ വേണ്ടായേ....

 

(എഴുതാനുണ്ടായ സാഹചര്യം ഇവിടെ...)7 അഭിപ്രായങ്ങൾ:

 1. ഇതിനെ വിമര്‍ശിക്കാന്‍ ഒന്നുമില്ല... സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും രാഷ്ട്രീയം ഉപരിപ്ലവമാണെന്നു തോന്നിയിട്ടുണ്ട്... മുഖ്യധാര സിനിമയുടെ തന്നെ രാഷ്ട്രീയം അങ്ങനെയാണല്ലോ... ഇത്തരം സാമാന്യ വല്‍കരണത്തിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല... അതിനു വഴിവച്ച ഈ പോസ്റ്റിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
 2. അന്തിക്കാടിന്റെ ചിത്രങ്ങള്‍ സാമുഹ്യ വിമര്‍ശനം എന്ന വ്യാജേനെ പുരോഗമന വിരുദ്ധവും ന്യുന പക്ഷ വിരുദ്ധവും ആണ്.

  മറുപടിഇല്ലാതാക്കൂ
 3. അന്തിക്കാടിന്റെ ചിത്രങ്ങള്‍ സാമുഹ്യ വിമര്‍ശനം എന്ന വ്യാജേനെ പുരോഗമന വിരുദ്ധവും ന്യുനപക്ഷവിരുദ്ധവും ആണ്. +1

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍1:15 PM, നവംബർ 25, 2012

  പ്രതിലോമപരമായ രാഷ്ട്രീയം സമാന്യമെന്ന വ്യാജേന പ്രഖ്യാപിച്ച മറ്റൊരു സിനിമ വരവേല്‍പ്പ് തൊഴിലാളി മോഷ്ടിച്ച് കടന്നു കളഞ്ഞാല്‍ പോലും ന്യായീകരിക്കുന്ന യൂനിയനിസം ഇവിടെ ഉണ്ടെന്ന മിഥ്യ പറഞ്ഞു പരത്തുന്നു.

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....