സ്‌കൂളുകളിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറയുമ്പോൾ ഇത്രയും കുരുക്കൾ പൊട്ടുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമുണ്ടോ? എന്തുകൊണ്ട് അത് വേണം എന്നതിന് തെളിവല്ലേ അതിനു വന്ന ചില കമന്റുകൾ? കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് തന്നെയല്ലേ സമൂഹത്തിൽ നിലനിൽക്കുന്ന ഈ മനോഭാവത്തിന് കാരണം? ഈ വിഷയത്തിൽ നിലനിൽക്കുന്ന സ്റ്റിഗ്മകൾക്കും, ആധുനിക സമൂഹത്തിന് ചേരാത്ത വിധത്തിൽ സ്ത്രീകളും ട്രാൻസ്ജെൻഡേഴ്‌സും നേരിടേണ്ടി വരുന്ന അക്രമങ്ങൾക്കും, ബോഡി ഷെയ്മിങ് എന്താണെന്ന് പലർക്കും മനസിലാവാത്തത്തിനും ഇത് തന്നെയല്ലേ കാരണം? 'Consent' എന്താണ് എന്ന് പലരും മനസിലാക്കാത്തതും, പ്രണയാഭ്യർത്ഥന നിരസിക്കുമ്പോൾ കൊല്ലാൻ നടക്കുന്നതും ഒക്കെ ഇതുകൊണ്ടല്ലേ?
താരതമ്യേന ഇത്തരം വിഷയങ്ങളിൽ നമ്മേക്കാൾ മുന്നിലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പോലും ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി നിലനിൽക്കുന്ന സ്റ്റിഗ്മകളെ മനസ്സിലാക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതിനെതിരെ ഉയരുന്ന ചില അഭിപ്രായങ്ങളിൽ അത്ഭുതപ്പെടേണ്ട എന്ന് തോന്നാം. Netflix -ൽ സ്ട്രീം ചെയ്യുന്ന Sex Education എന്ന ബ്രിട്ടീഷ് സീരീസ് ഈ വിഷയത്തിൽ വിശദമായും, പുരോഗമനപരമായും ഇടപെടുന്ന ഒന്നാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത മോർഡേൽ സെക്കൻഡറി സ്‌കൂളിൽ സെക്സ് തെറാപ്പിസ്റ്റ് ആയ ജീനിന്റെ മകൻ ഓട്ടിസ് സുഹൃത്ത് മേവുമായി ചേർന്ന് കുട്ടികൾക്കായി രഹസ്യമായി സെക്സ് ക്ലിനിക്ക് നടത്തുന്നതാണ് സീരിസിന്റെ ഇതിവൃത്തം. അനാരോഗ്യകരമായ ലൈംഗിക ശീലങ്ങളേയും, സ്വന്തം ശരീരത്തേയും ലൈംഗിക അഭിരുചികളേയും സ്വവർഗ്ഗ ലൈംഗികതയേയും കുറിച്ച നിലനിൽക്കുന്ന സ്റ്റിഗമകളെ അവർ അഭിസംബോധന ചെയ്യുമ്പോൾ അത് ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തന്നെയാണ് തെളിയിക്കുന്നത്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസത്തോട് പിന്തിരിഞ്ഞു നിൽക്കാനുള്ള സ്‌കൂളിലേയും സമൂഹത്തിലേയും പൊതുബോധത്തിന്റെ വാസന നമ്മുടെ നാട്ടിൽ മാത്രമല്ല എന്നും ഈ സീരീസ് വിവരിക്കുന്നു.
ഒരേസമയം ഡോക്യുമെന്ററി ആവാതെയും, എന്നാൽ സത്യസന്ധമായ ആവിഷ്കാരത്തിലൂടെ ടീനേജ് റോമെഡി നിലവാരത്തിലേക്ക് താഴാതെയും മുന്നോട്ടു പോകുന്നതുതന്നെയാണ് ഈ സീരിസിനെ പോപ്പുലർ ആക്കിയത്. മൂന്നാം സീസണ് റിലീസ് ആയതുമുതൽ ഇത് ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിൽ ടോപ്പ് 10 ആണ്. പരസ്പരം ഇഷ്ടമുണ്ടെങ്കിലും ഒന്നിക്കാതെ സമാന്തര രേഖകൾ പോലെ സഞ്ചരിക്കുന്ന നായകനും നായികയും എന്ന FRIENDS (TV Show), The Office, The Big Bang Theory മുതലായ സൈറ്റുകോമുകളിൽ ഉപയോഗിച്ച narration technique ഒക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം ഈ സീരീസിനെ മറ്റൊരു തലത്തിലേക്ക് പലപ്പോഴും ഉയർത്തുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....