പുരോഗമനപരമായ, സമത്വത്തിന്റെ രാഷ്ട്രീയം മനോഹരമായി പറഞ്ഞ Neestream -ൽ സ്ട്രീം ചെയ്യുന്ന The Great Indian Kitchen Movie എന്ന മഹത്തായ ഭാരതീയ അടുക്കള കണ്ടപ്പോൾ ഓർത്ത ഒരു സിനിമ മലയാളത്തിലെ നവതരംഗത്തിന് ഇതാ തുടക്കമായി എന്ന് ഒരുകാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ആഷിഖ് അബുവിന്റെ സാൾട്ട് ആൻഡ് പെപ്പർ എന്ന പടപ്പാണ്. പത്തു കൊല്ലങ്ങൾക്കു മുൻപ് ബി. അബൂബക്കർ സാൾട്ട് ആൻഡ് പെപ്പറിന്റെ രാഷ്ട്രീയത്തെപ്പറ്റി എഴുതിയത് ഈ കാലത്തിനിടയിൽ മലയാള സിനിമയും അതിന്റെ പ്രേക്ഷകരും എത്രത്തോളം മുന്നോട്ടു വന്നു എന്നതിന്റെ തെളിവായി കണക്കാക്കാവുന്നതാണ്.
'ഏതുപെണ്ണിനെ കണ്ടാലും അവള്‍ വളയ്‌ക്കാനുള്ളതാണെന്നു കരുതുന്ന മനുവിനെയാണ് രുചിപ്രധാനമായി ജീവിക്കുന്നുവെന്നു നമ്മെ ബോദ്ധ്യപ്പെടുത്താന്‍ യത്‌നിക്കുന്ന കഥാപാത്രമായ കാളിദാസന്‍ തന്റെ സ്‌ത്രീതെരഞ്ഞെടുപ്പിനു ജഡ്‌ജായി വിചാരിക്കുന്നതെന്നതും ശ്രദ്ധിക്കണം. അമ്മയെന്നാല്‍ രുചിയാണെന്നു കരുതുന്ന മായ എന്ന കഥാപാത്രവും അമ്മ / അടുക്കള എന്ന ദ്വന്ദ്വത്തെയാണു കാണിക്കുന്നത്. പ്രേമം പരാജയപ്പെടുത്തിയ അച്ഛനുള്ള വിജയരാഘവന്റെ കഥാപാത്രം അയാള്‍ക്കു നഷ്‌ടപ്പെട്ടുപോയ കാമുകിയെ കാണാനാണ് പര്യവേക്ഷണവുമായി നടക്കുന്നത്. അയാളുടെ കാമുകിയെ നാം കാണുന്നില്ല. പക്ഷേ, അവരുടെ സാന്നിദ്ധ്യം ചിത്രത്തിലുണ്ട്. കള്ളപ്പമായും ചായയായും കടന്നുവരുന്ന ആ സാന്നിദ്ധ്യം / അസാന്നിദ്ധ്യവും സ്‌ത്രീ- ഭാര്യ - അടുക്കള എന്ന സംഗതിയെത്തന്നെയാണു സൂചിപ്പിക്കുന്നത്.
മറ്റൊന്നു കാളിദാസന്റെ പെണ്ണുകാണല്‍ ചടങ്ങാണ്. ബാബുരാജ് എന്ന നടന്‍ അവതരിപ്പിക്കുന്ന ബാബു എന്ന പാചകക്കാരന്‍ എങ്ങനെ കാളിയുടെ വീട്ടിലെത്തി എന്നതിന്റെ ഉത്തരം അവിടെയാണ്. കാളി വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നത് വല്ലതും വായിക്കു രുചിയായി വച്ചുണ്ടാക്കിത്തരാന്‍ ഒരാള്‍ക്കുവേണ്ടിയാണ്. എന്നാല്‍, ആ ഗുണഗണങ്ങളുള്ള ഒരു പാചകക്കാരനെ കിട്ടുമെങ്കില്‍ വിവാഹം വേണ്ടെന്നുവയ്‌ക്കാന്‍ കാളി തയ്യാറാണ്. മാത്രമല്ല, ബാബു എന്ന കഥാപാത്രം സ്‌ത്രൈണതകൂടിച്ചേര്‍ന്നൊരു വ്യക്തിത്വമായിട്ടാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്.
കുളിച്ചുകുറിയിട്ട് അടുക്കളയില്‍ കയറുന്ന ആ പാചകക്കാരന്‍, കുളിച്ചുകുറിയിട്ട് അടുക്കളയില്‍ കയറുന്ന നല്ല ഭാര്യയുടെ പ്രതീകം തന്നെയാകുകയാണ്. അതുകൊണ്ടാണയാള്‍ കറിയുടെ ഉപ്പുനോക്കാന്‍ കാളിയുടെ ഊണുപാത്രത്തില്‍ കൈയിടുന്നത്. ദേഷ്യം വരുമ്പോള്‍ സാമ്പ്രദായികഭര്‍ത്താവിനെപ്പോലെ കാളി ബാബുവിന്റെ പാചകത്തെയാണു കുറ്റം പറയുന്നത്. ആ കാളിയെ സന്തോഷിപ്പിക്കാന്‍ ബാബു ചെയ്യുന്നത് കൂടുതല്‍ മെച്ചപ്പെട്ട കറിയുണ്ടാക്കി വയ്‌ക്കലാണ്.
ഈ സിനിമയെ നവതലമുറ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുണ്ടെങ്കിൽ, അത് ഇതിലെ ആഖ്യാനഘടനയെയും ക്രാഫ്‌റ്റിനെയും ഇതിലെ അവരുടെ പ്രായത്തോടു സല്ലപിക്കുന്ന കളിതമാശകളുടെയും പേരിലായിരിക്കും. അതൊന്നും വലിയ ആഴമുള്ളതായി തോന്നിയില്ല.'
ഭാരതീയ അടുക്കളയുടെ കലാമേന്മ ലോകോത്തരം ആണെന്നൊന്നും പറയുന്നില്ല; പക്ഷേ മലയാള സിനിമയിൽ ഒരു നവതരംഗം ഉണ്ടാവുന്നെങ്കിൽ അത് പാചകം ചെയ്യപ്പെടുന്നത് സാൾട്ട് ആൻഡ് പെപ്പറിൽ അല്ല, ഈ മഹത്തായ ഭാരതീയ അടുക്കളയിലാണ്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....