ശനിയാഴ്‌ച, ഏപ്രിൽ 02, 2022

Sorry, We Missed You




സമകാലീന ആഗോളവൽക്കരണ സാഹചര്യങ്ങളിൽ സാധാരണ മനുഷ്യന്റെ ജീവിതവും, അവർ നേരിടുന്ന പ്രശ്‌നങ്ങളും ഏറ്റവും നന്നായി ചലച്ചിത്രവൽക്കരിച്ച ബ്രിട്ടീഷ് സംവിധായകനായ കെൻ ലോച്ചിന്റെ 2019-ൽ ഇറങ്ങിയ ചിത്രമാണ് 'Sorry, We Missed You'. കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി' ഓർ മത്സരാർത്ഥി ആയിരുന്ന ഈ ചിത്രത്തിൽ 2008-ലെ ആഗോളമാന്ദ്യത്തെ തുടർന്ന് കടബാധ്യതകളും, അസംതൃപ്തമായ ജോലി സാഹചര്യങ്ങളും അലട്ടുന്ന റിക്കിയുടേയും കുടുംബത്തിന്റേയും ജീവിതമാണ് കെൻ ലോച്ച് വരച്ചുകാട്ടുന്നത്. 

പല ജോലികളും മാറിമാറി ചെയ്തിട്ടും കടങ്ങൾ മാത്രം ബാക്കിയായ റിക്കി ഒരു പാഴ്‌സൽ കമ്പനിയിൽ ഡെലിവറി ഏജന്റായി ജോലിക്ക് ചേരുന്നു. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നല്കാതിരിക്കാൻ സ്വയം തൊഴിൽ, ഫ്രാഞ്ചൈസി, സ്വന്തം ബിസിനസ്സ് എന്ന ഓമനപ്പേരുകളിലാണ് ഒക്കെയാണ് ഇത്തരം ജോലികൾ പുതിയ കാലത്ത് ലഭിക്കുന്നത്. ഇതിനായി ഒരു വാൻ വാങ്ങാനുള്ള അഡ്വാൻസിനായി റിക്കിക്ക് സ്വന്തം ഭാര്യയുടെ കാർ വിൽക്കേണ്ടി വരുന്നു. നിരവധി വീടുകളിൽ പോയി പ്രായമായ രോഗികളെ പരിചരിക്കേണ്ട റിക്കിയുടെ ഭാര്യയുടെ ബെറ്റിക്ക് ഇത് യാത്രയും ജീവിതവും ദുരിതമയമാക്കുന്നു. ജോലിയുടെ അലച്ചിനിടയിൽ ബാത്റൂം ബ്രേക്ക് പോലും ലഭിക്കാത്ത റിക്കിയെപ്പോലുള്ള ഡ്രൈവർമാർ മൂത്രമൊഴിക്കാനായി ഒരു കുപ്പി വാനിൽ സൂക്ഷിക്കേണ്ട അവസ്ഥയിലാണ്.

മുന്നിൽ ഉള്ള ഇരുണ്ട ഭാവിയും, നല്ല ജോലികളുടടേയും അവസരങ്ങളുടേയും ദൗർലഭ്യവും സ്‌കൂൾ ജീവിതത്തെ തന്നെ അവഗണിക്കാൻ റിക്കിയുടേയും ബെറ്റിയുടെയും മകനായ സെബിനെപ്പോലുള്ള വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. അമിതമായ ജോലിഭാരത്താൽ തളർന്ന റിക്കിയേയും ബെറ്റിയേയും സെബിന്റെ പഠനത്തിലെ പിന്നോട്ടുപോക്കും കൂടുതൽ അകറ്റുന്നു. ഇത് അവരുടെ കുഞ്ഞുമകൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നു. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയുടെ ഞെരുക്കങ്ങൾക്കുള്ളിൽ കുടുംബങ്ങളുടെ ശൈഥില്യങ്ങളും, രക്ഷകർതൃത്വത്തിൽ വരുന്ന പാളിച്ചകളും, കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും, അവരുടെ അതിജീവനങ്ങളും ഈ സിനിമ കൃത്യമായി വരച്ചുകാട്ടുന്നു.

പാഴ്‌സലുമായി വരുമ്പോൾ വീട്ടിൽ ആളില്ലെങ്കിൽ അവിടെ വെച്ചിട്ടു പോകുന്ന കാർഡ് ആണ് 'Sorry, We Missed You'. ഈ ആത്മാർത്ഥത ഇല്ലാത്ത പൊള്ളയായ വാക്കുകളാണ് റിക്കിയോടും കുടുംബത്തോടും സമൂഹത്തിന്റെ പെരുമാറ്റം നമ്മെ ഓർമ്മിപ്പിക്കുക.

സിപിഐഎം 23-ആം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി ഏപ്രിൽ 4 വരെ സംഘടിപ്പിക്കുന്ന പീപ്പിൾസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ ഓണ്ലൈനായി മലയാളം സബ്ടൈറ്റിലുകളോടൊപ്പം സൗജന്യമായി കാണാം.

അനൂപ്‌ കിളിമാനൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....