ബുധനാഴ്‌ച, മാർച്ച് 30, 2022

Amparo


'Unfortunately, wars are fought by the poor.'

വിയറ്റ്നാം അധിനിവേശനത്തിന് എതിരായി US-ൽ ഉയർന്ന വൻപ്രതിഷേധങ്ങൾക്ക് ഒരു കാരണം എല്ലാ കുടുംബങ്ങളെയും ബാധിച്ച നിർബന്ധിത സൈനിക സേവനം ആയിരുന്നു എന്ന് ഒരു വാദമുണ്ട്. (ഡൊണാൾഡ് ട്രമ്പ് ഒക്കെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ഈ സൈനിക സേവനത്തിൽ നിന്ന് ഒഴിഞ്ഞെന്ന് ആരോപണം ഉണ്ടായിരുന്നു.) ഇത് മനസ്സിലാക്കി നിർബന്ധിത സൈനിക സേവനം US ഭരണകൂടം പ്രായോഗിക തലത്തിൽ ഉപേക്ഷിച്ചു. ഇപ്പോൾ കൂടുതലും സാമ്പത്തികമായും വംശീയമായും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ലോകമെമ്പാടും US കാർമ്മികത്വത്തിൽ നടത്തുന്ന യുദ്ധങ്ങളിൽ പങ്കെടുക്കുന്നത്. US-ൽ കോളേജ് വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കുന്നത് മിലിട്ടറി റിക്രൂട്ട്‌മെന്റിന് ആവശ്യമായ ആളെ ലഭിക്കാൻ കൂടിയാണ് എന്നും വാദമുണ്ട്‌.

ലോകമെമ്പാടും ഉള്ള യുദ്ധങ്ങളിൽ ജീവൻ ബലികൊടുക്കുന്നത് പാവപ്പെട്ടവരുടെ മക്കളാണ്. കൊളംബിയയിലെ ആഭ്യന്തര യുദ്ധത്തിനായി പട്ടാള റെയ്ഡുകളിൽ പിടിക്കപ്പെടുന്നവരെ റിക്രൂട്ട് ചെയ്യുന്ന മിലിട്ടറി യൂണിറ്റിനെപ്പറ്റിയും, അതിൽ നിന്ന് തന്റെ മകനെ രക്ഷിക്കാനുള്ള ഒരു അമ്മയുടെ ശ്രമവുമാണ് IFFK-യിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച 'Amparo' എന്ന കൊളംബിയൻ ചിത്രത്തിന്റെ പ്രമേയം. 



രണ്ടു പ്രാവശ്യം വിവാഹമോചനം നേടിയ, ഒരു വിവാഹിതനുമായി ബന്ധം പുലർത്തുന്ന അമ്പാരോ എന്ന യുവതിയുടെ മകൻ പട്ടാള റെയ്ഡിലൂടെ മിലിറ്ററി റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിൽ എത്തുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കാൻ പോലും പേടിയായ മകന്റെ പേരിലാണ് അമ്പാരോയ്ക്ക് തന്റെ രണ്ടാമത്തെ വിവാഹം പോലും ഉപേക്ഷിക്കേണ്ടി വരുന്നത്‌. ഈ മകന് അപകടസാധ്യത നിറഞ്ഞ ആഭ്യന്തര യുദ്ധത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നറിയാവുന്ന അമ്പാരോ അഴിമതി നിറഞ്ഞ പോലീസ്-സൈനിക കേന്ദ്രങ്ങൾക്ക് കൈക്കൂലി നൽകി തന്റെ മകനെ സൈനിക സേവനത്തിൽ നിന്ന് രക്ഷിക്കാൻ നോക്കുന്നു. സ്വന്തം കുടുംബത്തിൽ നിന്നും, കാമുകനിൽ നിന്നും സഹായം ലഭിക്കാതെ വരുന്ന അമ്പാരോയുടെ പണത്തിനായുള്ള അലച്ചിലാണ് തുടർന്നുള്ള സിനിമ.  പൊതുവെ നിർവികാരമായ അമ്പാരോയുടെ മുഖത്തിന്റെ ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇത് അമ്പാരോയുടെ ഭാവങ്ങളിൽ വരുന്ന വലിയ മാറ്റങ്ങളെ 'impactful' ആയി അവതരിപ്പിക്കാൻ സഹായകരമായിട്ടുണ്ട്.

'ദൗർഭാഗ്യവശാൽ പാവപ്പെട്ടവരാണ് യുദ്ധത്തിൽ പോരാടുന്നത്' എന്ന ഒരു സൈനിക ഓഫീസറുടെ വാചകം 'അമ്പാരോ'യെ ഒരു മികച്ച യുദ്ധവിരുദ്ധ സിനിമയുടെ തലത്തിലേക്ക് ഉയർത്തുന്നു.

#IFFK2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....