'ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേ ഉളളൂ, എന്നാൽ ലോകത്തെ മാറ്റിമറിക്കുക എന്നതാണ് പ്രധാനം.'
-കാൾ മാർക്സ്
ഫ്രാൻസിൽ വെച്ച് ഏംഗൽസിനെ പരിചയപ്പെടുന്നതു മുതൽ ഏംഗൽസുമായി ചേർന്ന് ബ്രിട്ടനിൽ വെച്ച് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നത് വരെയുള്ള കാൾ മാർക്സിന്റെ ജീവിതകാലത്തെ ആധാരമാക്കി പ്രശസ്ത ഹയ്ത്തിയൻ സംവിധായകൻ റോൾ പെക്ക് സംവിധാനം ചെയ്ത സിനിമയാണ് 'The Young Carl Marx'. Inglorious Bastards, A Hidden Life, Salt തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ട പ്രശസ്ത ജർമ്മൻ നടൻ August Diehl ആണ് കാൾ മാർക്സ് ആയി വേഷമിട്ടത്.
പ്രഷ്യൻ രാജാവിനെതിരെ എഴുതിയതുമൂലം പ്രഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ട കാൾ മാർക്സ്സും കുടുംബവും ഒരു പ്രസാധകന്റെ ക്ഷണപ്രകാരം ഫ്രാൻസിൽ എത്തുന്നു. അവിടെ പ്രൂതോണ് ഉൾപ്പടെ നിരവധി പണ്ഡിതന്മാരുമായി ദാർശനിക-രാഷ്ട്രീയ സംവാദങ്ങളിൽ ഏർപ്പെടുന്ന മാർക്സ് പക്ഷെ എഴുതുന്ന ലേഖനങ്ങൾക്ക് ആവശ്യമായ പണം ലഭിക്കാതെ സാമ്പത്തികമായി ഉഴലുന്ന കാലത്താണ് മേൽപ്പറഞ്ഞ പ്രസാധകന്റെ വീട്ടിൽ വെച്ച് എംഗൽസുമായി ചങ്ങാത്തത്തിൽ ആവുന്നത്. ബ്രിട്ടനിലെ ഒരു വലിയ മില്ലുടമയുടെ മകനായ എംഗൽസ് പക്ഷേ ഐക്യദാർഢ്യപ്പെട്ടത് അവിടത്തെ തൊഴിലാളികളുമായി ആയിരുന്നു. ബ്രിട്ടനിലെ തൊഴിലാളി വർഗത്തിന്റെ ജീവിത സാഹചര്യങ്ങളെപ്പറ്റി വിശദമായ ഒരു പുസ്തകം ഇതിനകം എംഗൽസ് എഴുതിക്കഴിഞ്ഞിരുന്നു. ഇരുവരുടെയും മുൻകാല രചനകളെപ്പറ്റിയുള്ള പരിചയം ഈ ബന്ധം ദൃഢമാക്കുന്നു.
പ്രഷ്യൻ രാജാവിന് ഏതിരായുള്ള എഴുതുമൂലം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ട മാർക്‌സും കുടുംബവും ബ്രസൽസിൽ എത്തുന്നു. ഇവിടെയും സാമ്പത്തിക പ്രതിസന്ധി നേരിട്ട മാർക്സ് പലപ്പോഴും പിടിച്ചുനിന്നത് ഏംഗല്സിന്റെ സഹായത്താലാണ്. ഒരു ധനാഢ്യ കുടുംബത്തിൽ ജനിച്ച്, അതുപേക്ഷിച്ച് മാർക്സിനെ വിവാഹം കഴിച്ച ജെന്നിയുടെ പിന്തുണയാണ് എഴുത്തും രാഷ്ട്രീയ പ്രവർത്തനവും തുടരാൻ മാർക്സിന് സഹായകമായത്. ഏംഗല്സിന്റെ പിതാവിന്റെ മില്ലിലെ തൊഴിലാളി ആയിരുന്ന, പിന്നീട് ഏംഗല്സിന്റെ ജീവിതസഖി ആയ മേരി ബേണ്സിന് മാർക്സിന്റേയും ഏംഗൽസിന്റെയും രാഷ്ട്രീയ-ദാർശനിക ജീവിതത്തിൽ വഹിച്ച വലിയ പങ്കും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു.
ഫ്രഞ്ച് പണ്ഡിതനും ആരാചകവാദിയുമായിരുന്ന പ്രൂതോണിന്റെ 'ദാരിദ്ര്യത്തിന്റെ തത്വശാസ്ത്ര'-ത്തിന് മറുപടിയായി മാർക്സ് എഴുതിയ 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ചിത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. എങ്കിലും മാർക്സിന് സ്വന്തം കുടുംബവുമായും, ഏംഗൽസിന്റെയും കുടുംബവുമായുമുള്ള ബന്ധം ആഴത്തിൽ തന്നെ റോൾ പെക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇവർ തമ്മിലുള്ള കത്തിടപാടുകൾ ആണ് ഈ സിനിമയ്ക്ക് ആധാരമായി റോൾ പെക്ക് ഉപയോഗിച്ചത്.
'ലീഗ് ഓഫ് ജസ്റ്റ്'- ന്റെ ക്ഷണപ്രകാരം അതിൽ പ്രവർത്തിക്കാനായി ഏംഗൽസിനൊപ്പം ബ്രിട്ടണിൽ എത്തുന്ന മാർക്സ് പിന്നീട് 'എല്ലാ മനുഷ്യരും സഹോദരന്മാരാണ്' എന്ന ലീഗിന്റെ മുദ്രാവാക്യം തിരുത്തുന്നു. ബൂർഷ്വാസികളുമായുള്ള നേരിട്ടുള്ള പോരാട്ടത്തിലൂടെ മാത്രമേ തൊഴിലാളി വർഗ്ഗത്തിന് അടിമത്തത്തിന്റെ ചങ്ങാലകളിൽ നിന്ന് മോചനം ലഭിക്കൂ എന്ന് പ്രഖാപിച്ച ഏംഗൾസ് മാർക്സിനും മേരി ബേണ്സിനും ഒപ്പം 'All Men are brothers' എന്ന പതാക മാറ്റി 'സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ' എന്ന മുദ്രാവാക്യം എഴുതിയ പതാക സ്റ്റേജിൽ സ്ഥാപിക്കുകയും ലീഗ് ഓഫ് ജസ്റ്റിന്റെ പേര് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന് മാറ്റുകയും ചെയ്യുന്നു.
ഏംഗൽസിന്റെ നിർബന്ധത്താൽ സാമ്പത്തിക ബുദ്ധിമുട്ടുകളേയും, ക്ഷീണത്തേയും അവഗണിച്ച് കമ്യുണിസ്റ്റ് ലീഗിനായി മാർക്സ് ഏംഗൽസിനും, ജെന്നിക്കും, മേരിക്കും ഒപ്പം 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എഴുതി തുടങ്ങുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനും ദാർശനിക വ്യാപാരത്തിനുമായി തന്റെ യൗവനം ജ്വലിച്ചു തീർക്കുന്ന ആ വിപ്ലവകാരിയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തുന്നുണ്ട് ഈ ചിത്രം.
സിപിഐഎം 23-ആം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി പീപ്പിൾസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ ഓണ്ലൈനായി മലയാളം സബ്ടൈറ്റിലുകളോടൊപ്പം സൗജന്യമായി കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....