വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2026

Dorothy



കാർത്തിക് സുബ്ബരാജിൻ്റെ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച സിനിമ. പിന്നെ LGBTQ വിഭാഗത്തിലുള്ള മനുഷ്യരെ നോർമ്മലൈസ് ചെയ്യുന്ന പടമാണ് എന്നാണ് ചിലരുടെ പരാതി. അവരെ നോർമ്മലൈസ് ചെയ്യേണ്ട കാര്യം ഒന്നുമില്ല, അവരും നോർമൽ ആയ മനുഷ്യരാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്ക് ഉള്ളൂ.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2026

ബെത്‌ലഹേമിലെ കുടുംബ യൂണിറ്റുകൾ - 2



വാങ്ങിയവർ പൊളിച്ച് വിൽക്കാൻ പോകുന്ന ആഷ്ലിയുടെ പഴയ വീടിന് മുന്നിൽ ആഷ്ലിയും ജസ്റ്റിനും നിൽക്കുന്നു. ആഷ്ലിയുടെ ബാല്യ- കൗമാരകാല സ്മരണകൾ കൂടിയാണ് ആ വീടിനൊപ്പം മണ്ണിൽ അലിഞ്ഞു ചേരാൻ പോകുന്നത്. പുറത്തു കൂട്ടിയിട്ട വസ്തുക്കൾക്കിടയിൽ നിന്ന് ആഷ്ലിയുടെ പഴയ ഗിറ്റാർ പിക്ക് എടുത്ത് ജസ്റ്റിൻ ആഷ്ലിക്ക് നൽകുന്നു. അതിനെ ഒരു നിമിഷം നോക്കി നിൽക്കുന്ന ആഷ്ലിയുടെ മുഖത്ത് നേർത്തൊരു സങ്കടവും, തിരിച്ചറിവും മിന്നിമറയുന്നു. ആഷ്ലിയുടെ വേണ്ടപ്പെട്ടവർ മിക്കപ്പോഴും കാണാത്ത, കാണാൻ ശ്രമിക്കാതിരുന്ന ആഷ്ലിയുടെ അഭിരുചികളും, ഇഷ്ടങ്ങളും കൂടിയാണ് ജസ്റ്റിൻ ശ്രദ്ധയോടെ കണ്ടത്, ആഷ്ലിയുടെ ജീവിതത്തിൻ്റെ അവശേഷിപ്പായ ആ പഴയ വസ്തുക്കൾക്ക് ഇടയിൽ നിന്ന് ശ്രദ്ധയോടെ കണ്ടെടുത്തത്. ആ വീട്ടിലേക്ക് മുൻപ് ആഷ്ലി പുതിയ ഗിറ്റാറുമായി വീട്ടിൽ വരുമ്പോൾ അതിനെപ്പറ്റി ആരും ചോദിക്കുന്നില്ല എന്ന് മാത്രമല്ല, അപ്പോൾ അതും മീട്ടി ഇരിക്കാതെ ഇരിക്കാനാണ് അമ്മ പറഞ്ഞത്. 

ആഷ്ലിയെ ജസ്റ്റിൻ മനസിലാക്കിയത് പോലെ വേറെ ആരും മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് കൂടിയാവും ആഷ്ലിക്ക് ജസ്റ്റിനിൽ നിന്ന് ഒരിക്കലും move-on ആവാൻ കഴിയാതിരുന്നത്. ഒരു റോം-കോമിന് അപ്പുറം പല കാഴ്ചകളിൽ ഇത്തരം ഡീറ്റെയിലിംഗുകളാൽ സമൃദ്ധമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മമിതയുടെയും നിവിൻ്റെയും ഉൾപ്പടെ, ഒരുപക്ഷേ ഗൗരവമായ കാഴ്ചകൾ ആവശ്യപ്പെടുന്ന മിതവും മികച്ചതുമായ ആയ പ്രകടനങ്ങളും. ഈ കാരണങ്ങൾ കൊണ്ട് കൂടിയാവണം ഈ സിനിമ പ്രേക്ഷകരെ ഇത്രയേറെ ആകർഷിച്ചതും, ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മലയാളികൾ തീയേറ്ററിൽ പോയി കണ്ട സിനിമകളിൽ ഒന്നായി മാറിയതും.

പറഞ്ഞുവന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൻ്റെ പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന പദവി നേടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.

അനൂപ്‌ കിളിമാനൂര്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2026

ബെത്‌ലഹേമിലെ കുടുംബ യൂണിറ്റുകൾ



(spoiler alert)

ഗിരീഷ് എ. ഡി. യും കിരൺ ജോസിയും എഴുതി, ഗിരീഷ് സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒരു അയൽവക്കത്തിൻ്റെ കൂടി കഥയാണ്. കുറച്ചൊക്കെ അയഥാർഥ്യവും, ഉട്ടോപ്യനുമായ എന്നാൽ നാം എല്ലാം ജീവിക്കാൻ ആഗ്രഹിച്ചു പോകുന്നതുമായ ഒരു അയൽവക്കമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. അതുകൊണ്ട് കൂടി ആകാം ഈ അയൽവക്കത്തിന് ബെത്ലഹേം എന്ന പേര് തെരഞ്ഞെടുത്തത്. കോവിഡിന് ശേഷം പ്രത്യേകിച്ചും, പ്രശ്ന നിർഭരമായ ഈ ലോകത്ത് ഈ അയൽവക്കം നൽകുന്ന ആശ്വാസം തന്നെ ആകണം ഇവിടേക്ക് വീണ്ടും വീണ്ടും പോകാൻ ജനത്തെ പ്രേരിപ്പിക്കുന്നത് ,സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് ആകുന്നത്.

പലപ്പോഴും പൗരോഹ്യത്തിൻ്റെ നിയന്ത്രണത്തിനുള്ള ഉപാധി ആയി വർത്തിക്കുക കൂടി ചെയ്യുന്ന കുടുംബ യൂണിറ്റുകൾ പക്ഷേ ഇവിടെ പൂർണ്ണമായും സ്നേഹം നിറഞ്ഞ, സാഹോദര്യത്തിനുള്ള ഇടമായാണ് അടയാളപ്പെടുത്തുന്നത്. ഇങ്ങനെ ഹൃദയ ശൂന്യമായി മാറുന്ന ലോകത്തെ ഹൃദയമായി വർത്തിക്കുന്നത് കൂടി കൊണ്ടാവണം ഇവിടേക്ക് തിരിച്ചു പോവാനുള്ള ലാഞ്ചന ഓരോ പ്രേക്ഷകനും വീണ്ടും ഉണ്ടാകുന്നത്. 'ഹരി അല്ലേ, മനുഷ്യൻ അല്ലേ, നമുക്ക് സംസാരിക്കാം' എന്ന ജസ്റ്റിൻ്റെ വാക്കും ബോധവും തന്നെയാണ് നമ്മൾ സമൂഹത്തിൽ പലയിടത്തും കാണാതെ പോകുന്നത്.

ഒരേസമയം കലാമൂല്യം ഉള്ളതും, എന്നാൽ ബില്യൺ കണക്കിന് ഡോളർ ബിസിനസ് നടക്കുന്ന കൊമേഴ്സ്യൽ വിജയങ്ങളുമായ സിനിമകൾ എടുക്കുന്ന ക്രിസ്റ്റഫർ നോളൻ പോലും താൻ കൈവെക്കാൻ ഭയക്കുന്ന genre ആണ് rom-com എന്ന് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പാളിപ്പോകാൻ നല്ല സാധ്യത ഉള്ളതും, നല്ല പ്രതിഭാധനന്മാർക്ക് മാത്രം വിജയിപ്പിക്കാൻ കഴിയുന്നതുമായ ഈ genre-ൽ മികച്ച സിനിമകൾ എടുത്ത നിരവധി പ്രതിഭകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ തുടർച്ചയായും consistant ആയും മികച്ച സിനിമകൾ എടുത്ത് പ്രതിഭ തെളിയിച്ച എഴുത്തുകാരനും സംവിധായകനുമാണ് ഗിരീഷ് എ.ഡി. ഓരോ സിനിമ കഴിയുന്തോറും കൂടുതൽ തെളിവാർന്നു വരുന്ന ഗിരീഷിൻ്റെ മികച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് ബെത്ലഹേം കുടുംബ യൂണിറ്റ് തന്നെ ആകും.

പ്രവാസത്തിൻ്റെ അവധിയിൽ നാട്ടിലെത്തുന്ന, അതിന് രണ്ടു വർഷങ്ങൾക്ക് ജനിച്ചുവളർന്ന വീടിനെ ഉപേക്ഷിച്ച് പുതിയ സ്ഥലത്തേക്ക് പറിച്ചു നടപ്പെടുന്ന ആഷ്ലിയുടെ രണ്ട് കാലങ്ങളിലൂടെയാണ് സിനിമയും യാത്ര ചെയ്യുന്നത്. മമിത ബൈജുവിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നായ ആഷ്ലിക്ക് ഒപ്പമാണ് നമ്മളും ആ അയൽപക്കത്ത് എത്തുന്നത്, ആഷ്ലി പരിചയപ്പെടുമ്പോൾ ആണ് നമ്മളും അവിടെ ഉള്ളവരെ പരിചയപ്പെടുന്നത്. ആഷ്ലി ആ നാട്ടിൽ ഇല്ലാതിരുന്ന രണ്ടു കാലങ്ങളെ ആഷ്ലി കേട്ടറിയുമ്പോൾ ആണ് നമ്മളും അറിയുന്നത്. അല്പം അന്തർമുഖത്വം പുലർത്തുന്ന ആഷ്ലി ആ അയൽപക്കത്തിൽ സുരക്ഷിതത്വം ലഭിക്കുമ്പോൾ ആണ് അവിടെ കൂടുതൽ തുറന്ന് പെരുമാറുന്നത്, തുറന്ന് സംസാരിക്കുന്നത്. 

പ്രായവ്യത്യാസം എന്ന ഘടകത്തിന് ഉപരിയായി ആഷ്ലിയും ജസ്റ്റിനും തമ്മിലുള്ള പ്രണയം സ്വാഭാവികം ആയി നമുക്ക് തോന്നുന്നത് അതിനുള്ളിൽ ഉള്ള ജീവിത യാഥാർത്ഥ്യങ്ങളുടെ പല കണികകൾ മൂലമാവാം. പ്രേമലുവിലെ സച്ചിനെപ്പോലെ കുടുംബാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിൽ ആണ് ഇവിടെ ആഷ്ലിയുടെയും യൗവനം രൂപപ്പെടുന്നത്. പ്രേമലുവിൽ തന്നോട് കുടുംബത്തിലും സമൂഹത്തിലും കിട്ടാത്ത പരിഗണന റീനുവിൻ്റെ അടുത്ത് നിന്ന് കിട്ടുന്നതാണ് സച്ചിനെ റീനുവിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ അതിൻ്റെ നഷ്ടം ആ നാടുതന്നെ ഉപേക്ഷിച്ച് പോകാൻ ആണ് സച്ചിനെ പ്രേരിപ്പിക്കുന്നത്. ഇവിടെ തൻ്റെ കുടുംബത്തിൽ ലഭിക്കാത്ത സ്ഥിരതയും, സുരക്ഷിതത്വവും ജസ്റ്റിനിൽ നിന്ന് ലഭിക്കുമ്പോൾ കിട്ടുന്ന പ്രതീക്ഷയും, തന്നെ മനസിലാക്കിയുള്ള പെരുമാറ്റവും ആവാം പ്രായവ്യത്യാസത്തിന് അപ്പുറവും ജസ്റ്റിനിനോട് ആഷ്ലിക്ക് ഇഷ്ടം തോന്നാൻ കാരണം. തങ്ങളുടെ സമപ്രായക്കാരിൽ പലരിലും കാണാത്ത തനിക്കിഷ്ടപ്പെട്ട സംഗീതത്തോടും മാറ്റിഷ്ടങ്ങളോടും ഉള്ള ജസ്റ്റിൻ്റെ അഭിരുചിയും, പ്രായവ്യത്യാസത്തിന് ഇപ്പുറം തൻ്റെ കസിൻസിനോടുള്ള ജസ്റ്റിൻ്റെ ഇടപെടലുകളുടെ നൈർമല്യവും ഒക്കെ ആവാം ഈ ഇഷ്ടത്തിന് പിന്നിൽ. 

എന്നാൽ ആഷ്ലിക്കാൾ ജീവിതം കണ്ടിട്ടുള്ള, പ്രണയവും പ്രണയ നഷ്ടവും അനുഭവിച്ചിട്ടുള്ള, തങ്ങളുടെ പ്രായ വ്യത്യാസവും ആഷ്ലി പുറത്തുപോയി സമ്പാദിക്കുന്നതിൽ ആഷ്ലിയുടെ കുടുംബം അർപ്പിക്കുന്ന പ്രതീക്ഷയും ഉണ്ടാക്കാവുന്ന സാമൂഹ്യ-കുടുംബ പ്രശ്നങ്ങളെ പറ്റി ബോധമുള്ള ജസ്റ്റിൻ തനിക്കു കഴിയുന്ന വിധം ഈ ഇഷ്ടം നിരുത്സാഹപ്പെടുത്താനും, ഒരു വേള ആഷ്ലിയുടെ പ്രായത്തിൻ്റെ ജീവിത പരിചയം ഇല്ലായ്മ മറികടക്കുന്നത് വരെ ആഷ്ലിയുടെ ജീവിതത്തിൽ നിന്ന് തന്നെ മാറി നിൽക്കാനും തയ്യാറാവുന്നുണ്ട്. ഇങ്ങനെ വിട്ടുകൊടുക്കാനുള്ള ജസ്റ്റിൻ്റേയും, ആഷ്ലിയുടേയും മനസ്സു തന്നെയാണ് ഈ രണ്ടു കഥാപാത്രങ്ങളേയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആക്കുന്നത്. ആഷ്ലിയുടെ കുടുംബത്തിന് വലിയ ദുരിതങ്ങൾ വരുത്തി വെച്ചത് ആഷ്ലിയുടെ പിതാവിൻ്റെ മദ്യപാനമാണ്. അത് ജസ്റ്റിനിലൂടെ ആവർത്തിക്കുമോ എന്ന ആഷ്ലിയുടെ ഭയം ഈ ശീലം തന്നെ ഉപേക്ഷിക്കാൻ ജസ്റ്റിനെ പ്രേരിപ്പിക്കുന്നുണ്ട്. ആഷ്ലിയുടെ സന്തോഷത്തിനായി ഈ വിട്ടുവീഴ്ചകൾ ചെയ്യാനുള്ള മനസ്സ് തന്നെ ആണ് ജസ്റ്റിൻ്റെ കഥാപാത്രത്തെ ഉയർത്തുന്നത്.

ഈ കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെ മുഖധാരാ സിനിമയിലെ സർവ്വ ശക്തനും, പ്രതാപിയും, എല്ലാവരെയും വരച്ച വരയിൽ നിർത്തുകയും, 'കലിപ്പനും' ആയ പാട്രീയാർക്കിയൽ ചേട്ടൻ കഥാപാത്രങ്ങളിൽ നിന്ന് മാറിയാണ് ഗിരീഷ് എ. ഡിയും കിരൺ ജോസിയും നിവിൻ പോളി മനോഹരം ആയി അവതരിപ്പിച്ച ജസ്റ്റിൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ അഭിലാഷങ്ങൾക്ക് ഒപ്പം നിൽക്കാനും, അതിന് വില കൊടുക്കാനും ജസ്റ്റിൻ തയ്യാറാവുന്നുണ്ട്. പുതിയ കാലത്തോടും, തലമുറയോടും ചേർന്ന് നിൽക്കാനും സ്വയം പുതുക്കാനും ജസ്റ്റിൻ തയ്യാറാണ്. അത് തന്നെ ആണ് താനുമായി വലിയ പ്രായവ്യത്യാസം ഇല്ലാത്ത വിനയ് ഫോർട്ട് അവതരിപ്പിച്ച ആഷ്ലിയുടെ അലക്സ് അങ്കിളിൽ നിന്നും ജസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. അലക്സ് ആഷ്ലിയുടെ പിതാവിൻ്റെ ദുർബലമായ പ്രകൃതം ചൂഷണം ചെയ്ത് ആഷ്ലിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന രീതിയിൽ ആണ് ആ കുടുംബത്തിൽ അധികാര പ്രയോഗം നടത്തുന്നത്. ഒരു തരത്തിലും പുതുക്കാൻ തയ്യാറാവാത്ത അലക്സ് 'അമ്മാവൻ ' പക്ഷെ ജസ്റ്റിൻ്റെ പക്വമായ ഇടപെടലുകളിൽ ഒടുവിൽ നിർവീര്യൻ ആക്കപ്പെടുകയാണ്. കാലത്തിനൊത്ത് മാറാത്ത അമ്മാവൻ രൂപങ്ങൾ സമൂഹത്തെയും കുടുംബങ്ങളേയും എങ്ങനെ പിന്നോട്ടടിക്കുന്നു എന്നും, അതിനെ നേരിടേണ്ടത് എങ്ങനെ എന്നും ഇവിടെ കാണാം. പലപ്പോഴും അനിയനോടും കസിനോടും ഒക്കെ ജസ്റ്റിൻ പ്രയോഗിക്കുന്ന തമാശയ്ക്ക് വേണ്ടി നിർമ്മിച്ച ശാരീരികമായ വയലൻസ് ഈ കഥാപാത്ര നിർമ്മിതിയിൽ ഒരു കല്ലുകടി ആകുന്നുമുണ്ട്. 

ഇപ്പോൾ ഉപയോഗത്തിൽ നിന്നും മറഞ്ഞ ഓഡിയോ ക്യാസറ്റുകൾ, സ്ട്രീമിംഗ് ആരംഭിച്ചതോടെ അങ്ങനെ മറഞ്ഞുകൊണ്ടിരിക്കുന്ന MP3 പാട്ടുകൾ എന്നിങ്ങനെ നൊസ്റ്റാൾജിയ ഉണർത്തുന്ന നിരവധി ഘടകങ്ങൾ ഗിരീഷും കിരൺ ജോസിയും വിദഗ്ധമായി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. വെളിച്ചം കാണാതെ പോയ 'അന്ന' സിനിമയിലെ ഏറെ പ്രശസ്തം ആയിരുന്ന 'യവന കഥയിൽ നിന്നുവന്ന' എന്ന ഗാനവും സമാനമായ കർത്തവ്യം നിർവ്വഹിക്കുന്നു. വിസ്മൃതിയിലേക്ക് പോയിരുന്ന ആ ഗാനത്തിൻ്റെ മനോഹരമായ ഉയിർപ്പിനും ഈ ഓണക്കാലം സാക്ഷിയായി. 

സുരേഷ് കൃഷ്ണ, സൃന്ദ, ഷമീർ ഖാൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ, മീനാക്ഷി, ശ്രീ രഞ്ജിനി, വെട്ടുകിളി പ്രകാശ്, വിനയ് ഫോർട്ട്, പാർവതി അയ്യപ്പദാസ്, വിനീത് വിശ്വം, ജാസർ ക്ലിക്ക്സ്, മഞ്ജുശ്രീ, ജയശങ്കർ കരിമുട്ടം തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിൻ്റെ മാറ്റ് വർദ്ധിപ്പിച്ചു. മലയാളസിനിമയിൽ അടുത്ത് കാണാത്ത വിധം സൈറ്റുവേഷണൽ കോമഡികളാൽ നിറഞ്ഞിരിക്കുന്ന സിനിമ ആണിത്. ഇതിൽ എഴുത്തിന് ഒപ്പം ഈ അഭിനേതാക്കളുടെ കെമിസ്ട്രിയും നല്ല പങ്ക് വഹിച്ചു. ഇൻ്റർവെൽ ബ്ലോക്കിലും, ക്ലൈമാക്സിലും ഉൾപ്പടെ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ വിഷ്ണു വിജയിൻ്റെ സംഗീതത്തിനും, ആകാശ് ജോസഫ് വർഗീസിൻ്റെ എഡിറ്റിങ്ങിനും കഴിഞ്ഞു. ഇവരെപ്പോലെ പ്രേമലുവിലും, ഇപ്പോൾ ബെത്ലഹേമിലും മനോഹരമായ വിഷ്വലുകൾ പകർത്തിയത് അജ്മൽ സാബുവാണ്. പ്രേമലുവിൽ നിന്ന് ബെത്ലഹേമിലേക്ക് എത്തുമ്പോൾ പ്രൊഡക്ഷൻ ക്വാളിറ്റി പുതിയൊരു തലത്തിൽ എത്തിയിട്ടുണ്ട്. സംവിധായകന് നൽകുന്ന സ്വാതന്ത്ര്യവും, ബാക്കിങ്ങും, നിർമ്മാണത്തിൽ പ്രഫഷണൽ രീതിയും അവലംബിക്കുന്ന ദിലീഷ് പോത്തൻ്റേയും ഫഹദ് ഫാസിലിൻ്റേയും ശ്യാം പുഷ്‌കരൻ്റേയും ഭാവന സ്റ്റുഡിയോസിന് അഭിമാനിക്കാവുന്ന ചിത്രമാണ് ഇത്.

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2026

നവമലയാള സിനിമയിലെ അന്തർമുഖത്വത്തിന്റെ നായക ഭാവങ്ങൾ/ വർക്കിംഗ് ക്ലാസ് ഹീറോസ് ഓഫ് മോളിവുഡ്

ഗിരീഷ് എ ഡിയുടെ മിക്ക സിനിമകളിലും എന്ന പോലെ അല്പം അന്തർമുഖ ആയ, സാമൂഹ്യ ഇടപെടലുകളിൽ കുറച്ച് reserved ആയ ആഷ്ലിയുടെ കണ്ണുകളിലൂടെ ആണ് കഥ പറഞ്ഞിരിക്കുന്നത്. പ്രേമലുവിൽ നസ്‌ലൻ അവതരിപ്പിച്ച സച്ചിനെപ്പോലെ കുടുംബാന്തരീക്ഷത്തിലെ അരക്ഷിതാവസ്ഥയിൽ ആണ് ഇവിടെ ആഷ്ലിയുടെയും യൗവനം രൂപപ്പെടുന്നത്. പ്രേമലുവിൽ തന്നോട് കുടുംബത്തിലും സമൂഹത്തിലും കിട്ടാത്ത പരിഗണന റീനുവിൻ്റെ അടുത്ത് നിന്ന് കിട്ടുന്നതാണ് സച്ചിനെ റീനുവിലേക്ക് അടുപ്പിക്കുന്നത്. ഇവിടെ തൻ്റെ കുടുംബത്തിൽ ലഭിക്കാത്ത സ്ഥിരതയും, സുരക്ഷിതത്വവും, തന്നെ മനസിലാക്കിയുള്ള പെരുമാറ്റവും ആവാം പ്രായവ്യത്യാസത്തിന് അപ്പുറവും ജസ്റ്റിനിനോട് ആഷ്ലിക്ക് ഇഷ്ടം തോന്നാൻ കാരണം. ഗിരീഷിൻ്റെ ഭാവനയിൽ വിരിഞ്ഞ വർക്കിംഗ് ക്ലാസ് ഹീറോസ് ആയ, നായികാ-നായക കഥാപാത്രങ്ങളെ പറ്റി മുൻപ് എഴുതിയത്.

നവമലയാള സിനിമയിലെ അന്തർമുഖത്വത്തിന്റെ നായക ഭാവങ്ങൾ/ വർക്കിംഗ് ക്ലാസ് ഹീറോസ് ഓഫ് മോളിവുഡ്



മലയാള സിനിമയിൽ അന്തർമുഖരായ (introvert) കഥാപാത്രങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അവരെ പലപ്പോഴും നെഗറ്റീവ് ആയ ഛായ നൽകിയാണ് അവതരിപ്പിച്ചിട്ടുള്ളത്. അഥവാ പ്രധാന കഥാപാത്രം ആണെങ്കിൽ കൂടി അന്തർമുഖർ ക്രിമിനലുകളായോ, മാനസിക പ്രശ്നങ്ങൾ ഉള്ള ആളായോ, അതുമല്ലെങ്കിൽ അന്തർമുഖത്വം മാറി നായകൻ 'നന്നാവുന്ന' കമിംഗ് ഓഫ് ഏജ് സ്റ്റോറി ഒക്കെ ആയാണ് അടയാളപ്പെടുത്തുക പതിവ്. അങ്ങനെ അല്ലാതെ, തീർത്തും നോർമൽ ആയ പ്രധാന കഥാപാത്രമായി അന്തർമുഖർ അടയാളപ്പെടുത്തപ്പെട്ടത് ഓർക്കെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം കുറവാണ്. കച്ചവട സിനിമയുടെ ഫോർമുലകളും, ഫോർമാറ്റും ഇതിന് ഒരു കാരണമാകാം.

കുറെയെങ്കിലും അന്തർമുഖത്വത്തെ മാനുഷിക ഭാവത്തോടെ കണ്ടിട്ടുണ്ടത് അടൂരും, കെ. ജി. ജോർജ്ജും, ലോഹിതദാസും, ടി. വി. ചന്ദ്രനും ആണെന്ന് പറയാം. എന്നാലും ഇവരുടെ കഥാപാത്രങ്ങളുടെ അന്തർമുഖത്വം അവരുടെ കുറവുകൾക്കുള്ള ന്യായീകരണമായാണ് കാണിച്ചിരിക്കുന്നത്. ഇരകൾ, എലിപ്പത്തായം, വിധേയൻ, ഡാനി, റോൾ മോഡൽസ്, ചാപ്പാ കുരിശ്, ദൈവത്തിന്റെ വികൃതികൾ, ആർട്ടിസ്റ്റ്, അകം തുടങ്ങി നിരവധി സിനിമകളിൽ അന്തർമുഖർ പ്രധാന കഥാപാത്രങ്ങൾ ആയെങ്കിലും ഒരു മുഖ്യധാരാ നായക കഥാപാത്രത്തിന് വേണമെന്ന് കരുതപ്പെടുന്ന ഗുണഗണങ്ങൾ പതിച്ചുകിട്ടിയവർ ആയിരുന്നില്ല ഇവരൊന്നും. നോർത്ത് 24 കാതവും അന്തർമുഖത്വവും, OCD-യും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, അതിൽ OCD-ൽ നിന്ന് നായകകഥാപാത്രം പുറത്തേക്ക് വരുന്നതിലാണ് ഊന്നുന്നത്. മൺസൂൺ മംഗോസ് ഈ ട്രെന്റിന് ഒരു അപവാദം ആയി പറയാം. പക്‌ഷേ പല കാരണങ്ങൾ കൊണ്ടും പടം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

നമ്മുടെ സമൂഹത്തിന്റെ 30% മുതൽ 50% വരെ അന്തർമുഖർ ആണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഇത് ചികിത്സിച്ചോ, അല്ലാതെയോ മാറ്റേണ്ട ഒരു പ്രശ്നം അല്ലെന്നും, മനുഷ്യ സ്വഭാവത്തിന്റെ സ്വാഭാവികമായ ഒരു സവിശേഷത ആണെന്നും ഉള്ള വസ്‌തുത സമൂഹത്തിലും, അതിന്റെ പ്രതിഫലനങ്ങൾ ആയ സിനിമയിലും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നു കാണാൻ കഴിയും. ആശയ പ്രകാശനത്തിന്റെ പുതുരൂപങ്ങൾ ആയ ടിക് ടോക്-ഇൻസ്റ്റാഗ്രാം വീഡിയോകൾ പോലും അന്തർമുഖത്വത്തെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ട ഒരു വലിയ പ്രശ്നമായാണ് അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചാം പാതിര പോലുള്ള ക്രൈം ത്രില്ലറുകൾ സൈക്കോപ്പാത്തുകൾ ആയ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത ആയാണ് അന്തർമുഖത്വത്തെ അടയാളപ്പെടുത്തുന്നത്. 

അതേസമയം മുഖ്യധാര സിനിമകളിൽ ഒരുപരിധിവരെ എങ്കിലും അന്തർമുഖനായ, എന്നാൽ അതൊരു കുറവായി കാണിക്കാതെ അവതരിപ്പിച്ച നായക കഥാപാത്രത്തെ കണ്ടത് ഗിരീഷ് എ.ഡി.യും, ഡിനോയ്‌ പൗലോസും രചന നിർവ്വഹിച്ചു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'തണ്ണീർ മത്തൻ ദിനങ്ങളി'ലെ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സണ് ആണ് എന്ന് പറയാം. മിക്ക ഇൻട്രോവർട്ടുകളെയും പോലെ അടുത്ത സൗഹൃദ വലയങ്ങൾക്കുള്ളിൽ എക്സ്‌ട്രോവെർട്ടിനെ പോലെ പെരുമാറുന്ന ജെയ്സണ് പക്ഷേ പലപ്പോഴും അങ്ങനെയല്ല പൊതു സമൂഹത്തിൽ കാണപ്പെടുന്നത്. ക്ലാസിനു മുന്നിൽ പുസ്തകം വായിക്കുമ്പോഴും, നായികാ കഥാപാത്രത്തോട് നേരിട്ട് ഇഷ്ടം തുറന്നുപറയാൻ കഴിയാതിരിക്കുമ്പോഴും ഒക്കെ ജെയ്സന്റെ അന്തർമുഖ സ്വഭാവം പ്രകടം ആവുന്നുണ്ട്. ജെയ്സനേക്കാൾ അന്തർമുഖൻ ആണ് വീടിനുള്ളിൽത്തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന, നാട്ടുകാർ എന്തിനാ ഇങ്ങോട്ട് വരുന്നത് എന്ന് ചോദിക്കുന്ന ഡിനോയ്‌ പൗലോസിന്റെ ജെയ്സന്റെ ചേട്ടനായ ജോയ്‌സന്റെ കഥാപാത്രം.

മലയാളസിനിമ കണ്ടുശീലിച്ച, ആഘോഷിക്കപ്പെട്ട, എപ്പോഴും ആത്മവിശ്വാസത്തോടെ മാത്രം സമൂഹത്തിൽ ഇടപെടുന്ന ബഹിർമുഖരായ (extrovert) നായക കഥാപാത്രങ്ങളിൽ നിന്നും ജെയ്സണ് ഈ അർത്ഥത്തിൽ മാറി നിൽക്കുന്നു. അതുകൊണ്ടു കൂടിയാണ് മുൻപ് മലയാള സിനിമയിൽ കാര്യമായി കണ്ടിട്ടില്ലാത്ത ജെയ്സന്റെ കഥയുടേയും, സ്വഭാവ സവിശേഷതകൾകളുടേയും, പ്രണയത്തിന്റേയുമൊക്കെ സത്യസന്ധമായ ആവിഷ്കാരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചത്.

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ'യിൽ അന്തർമുഖയായ ശരണ്യയെ നായികാ കഥാപാത്രം ആയി ഗിരീഷ് എ.ഡി. അവതരിപ്പിച്ചു. തണ്ണീർ മത്തനിൽ എക്സ്ട്രോവേർട്ട് ആയ നായികാ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച അനശ്വര രാജൻ ആണ് ഈ സിനിമയിൽ ശരണ്യയെ അവതരിപ്പിച്ചത്. പഠനത്തിൽ മിടുക്കിയായ ശരണ്യ കോളേജ് പഠനത്തിനായി താൽപ്പര്യം ഇല്ലാതെ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുന്നു. റാഗിംഗും, പ്രേമാഭ്യർത്ഥനകളും ഉൾപ്പെടെ സീനിയേഴ്‌സിൽ നിന്ന് നിരവധി പ്രശ്നങ്ങളെ നേരിടുന്ന ശരണ്യ അവധിയെടുത്ത് വീടിന്റെ സുരക്ഷിത്വത്തിലേക്ക് തിരിച്ചു പോയാണ് ആദ്യം ഇതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നാട്ടിലും പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് വരുന്നത്‌ ശരണ്യയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പരമാവധി അത്തരം അറ്റൻഷനുകളിൽ നിന്ന് മാറിനിൽക്കാനാണ് ശരണ്യ ശ്രമിക്കുന്നത്. തങ്ങളുടെ പലരുടെയും ഇതുപോലുള്ള സ്വഭാവ സവിശേഷതകളും കൂടിയാണ് ശരണ്യയ്ക്ക് നൽകിയിട്ടുള്ളത് എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. ലേഖകന്റെ കാര്യവും വ്യത്യസ്തമല്ല.

ബഹിർമുഖരായ സോന ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് എളുപ്പം ഹോസ്റ്റലിലെ സാഹചര്യങ്ങളെ നേരിടാൻ സാധിക്കുമ്പോൾ ശരണ്യയ്ക്ക് തുടക്കത്തിൽ അത് ബൗദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പഠനം തുടർന്നുപോകുമ്പോൾ കോളേജിലേയും, ഹോസ്റ്റലിലേയും സാഹചര്യങ്ങളോട് ശരണ്യ കൂടുതൽ ഇണങ്ങുന്നുണ്ട്. എങ്കിലും dominating character ആയ സോന ശരണ്യയ്ക്കും, അവരുടെ 'ധാബാ ഗേൾസ്' എന്ന ഗ്യാങിനും മേൽ എപ്പോഴും വലിയ നിയന്ത്രണങ്ങൾ കയ്യാളുന്നുണ്ട്. ശരണ്യയുടെ വ്യക്തിജീവിതത്തിലും, പ്രണയത്തിലും ഒക്കെ സോന അധികാരപൂർവ്വം കൈ കടത്തുന്നതും, ശരണ്യയുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിൽ പോലും ശരണ്യയ്ക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നതും കാണാം. ഇത് അന്തർമുഖത്വം ഉള്ള പലർക്കും അനുഭവം ഉള്ളതാണ്. ഇതിൽ നിന്ന് സ്വയമേവ മുക്തയാവാൻ ശരണ്യയ്ക്ക് കഴിയുന്നില്ല. അതിനും ശരണ്യയുടെ കാമുകൻ ആയ ദീപുവിന്റെ (അർജുൻ അശോകൻ) ഇടപെടൽ വേണ്ടിവരുന്നു. 

രണ്ടു സിനിമകളിലെയും മറ്റൊരു പ്രധാന ഘടകം ജോയ്‌സന്റേയും, ശരണ്യയുടേയും ജീവിതത്തിൽ വളരെ അധികാര പൂർണമായും, ചിലപ്പോഴൊക്കെ ഹിംസാത്മകം എന്നു കണക്കാവുന്ന വിധത്തിലും ഇടപെടുന്ന രണ്ടു കഥാപാത്രങ്ങളാണ്. തണ്ണീർ മത്തനിൽ ഇത് വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി പത്മനാഭൻ ആണെങ്കിൽ, സൂപ്പർ ശരണ്യയിൽ ഇത് വിനീത് വാസുദേവൻ അവതരിപ്പിച്ച അർജുൻ റെഡ്ഢിയുടെ സ്പൂഫ് ആയി കണക്കാക്കാവുന്ന അജിത് മേനോൻ എന്ന കഥാപാത്രം ആണ്. പ്രേമലുവിൽ ഇത് ആദി (ശ്യാം മോഹൻ) ആണ്, ഐ ആം കാതലനിൽ വിനീത് ചാക്യാർ അവതരിപ്പിച്ച മാത്യു തോമസും. രവി പത്മനാഭൻ ജയ്സണുമേൽ അധ്യാപകൻ എന്ന അധികാരം ആണ് ഉപയോഗിക്കുന്നതെങ്കിൽ, അജിത് മേനോൻ ശരണ്യയുടെ മേൽ പ്രയോഗിക്കുന്നതും ശരണ്യയോട് തന്നെ പ്രണയിക്കാൻ ആവശ്യപ്പെടുന്നതും സീനിയർ എന്ന അധികാരം ഉപയോഗിച്ചാണ്. ആദിയും മാത്യുവും തങ്ങളുടെ വർഗ്ഗപരം ആയ മേധാവിത്വവും, extrovert nature നൽകുന്ന സ്മാർട്ട്നെസും ആണ് സച്ചിനും കാതലനും മേൽ പ്രയോഗിക്കുന്നത്. ബെത്ലഹേമിൽ ഇത് കുടുംബത്തിലെ അധികാര സ്ഥാനം കയ്യാളാൻ ആഗ്രഹിക്കുന്ന Vinay Forrt അവതരിപ്പിച്ച അലക്സ് അങ്കിളും. അന്തർമുഖർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നതും, അതിജീവിക്കാൻ ബുദ്ധിമുട്ട് ഏറിയതുമായ സംഗതിയാണ് ഇത്തരത്തിലുള്ള അധികാര പ്രയോഗങ്ങൾ. രണ്ടു സന്ദർഭങ്ങളിലും ബാഹ്യമായ സാഹചര്യങ്ങളുടേയും വ്യക്തികളുടേയും ഇടപെടലുകളാണ് ജെയ്സണേയും, ശരണ്യയെയും രക്ഷിക്കുന്നത്. 

റോം-കോം ആയ പ്രേമലുവിലെ നസ്ലൻ അവതരിപ്പിച്ച സച്ചിനും താൻ അകപ്പെട്ടു പോയ സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനും survive ചെയ്യാനുമുള്ള ശ്രമങ്ങളാണ് സിനിമയിൽ ഉടനീളം കാണുന്നത്. പ്രേമലുവിന് മുന്പ് രോമാഞ്ചം മാത്രമാണ് ഐ.ടി. ബൂമിന് ശേഷവും ബാംഗ്ലൂർ, ഹൈദരാബാദ് പോലെയുള്ള ഐ.ടി. സിറ്റികളിൽ അങ്ങനെ മലയാള സിനിമ അടയാളപ്പെടുത്താതെ പോയ, പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മലയാളി യുവത്വത്തെ കുറേയെങ്കിലും സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയിൽ ഏറ്റെടുക്കപ്പെട്ടത്തിന് ഈ അടയാളപ്പെടുത്തലുകളും ഒരു പ്രധാന കാരണമാണ് എന്ന് കരുതുന്നു. 

ഐ ആം കാതലനിലെ വിഷ്ണു സുരേഷും (കാതലൻ), ബെത്ലഹേം കുടുംബ യൂണിറ്റിലെ ആഷ്ലിയും സമാനമായി സാമൂഹ്യമായ ഇടപെടലുകളിൽ ചെറിയ ബുദ്ധിമുട്ട് നേരിടുന്ന അന്തർമുഖരാണ്. വർഗ്ഗപരമായി കൂടി വിവേചനങ്ങൾ നേരിടുന്നവരാണ് ഈ കഥാപാത്രങ്ങൾ. ആ വിവേചനവും പ്രണയ നഷ്ടവുമാണ് വിഷ്ണു സുരേഷിനെ പ്രതികാരത്തിലേക്കും, സച്ചിനെ പ്രവാസത്തിലേക്കും നയിക്കുന്നത്.

 മുൻപ് മുഖ്യധാരാ മലയാള സിനിമ നായികാ-നായക സ്ഥാനത്ത് കാര്യമായി പരിഗണിക്കാതിരുന്ന കഥാപാത്രങ്ങളെയാണ് ഗിരീഷിൻ്റെ എല്ലാ സിനിമകളിലും നമുക്ക് കാണാൻ കഴിയുക. സംവിധായകരുടേയും, എഴുത്തുകാരുടേയും ഫാൻ്റസികളെ ആണ് മിക്കപ്പോഴും നായക കഥാപാത്രങ്ങളുടെ പ്രവർത്തികളായി കാണിക്കുന്നത് എന്ന് ഗിരീഷ് മേൽപ്പറഞ്ഞ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവും നാം ചുറ്റും അങ്ങനെ കണ്ടിട്ടില്ലാത്ത സർവ്വകലാ വല്ലഭരും, അതീവ ബഹിർമുഖരും, ചിലപ്പോഴൊക്കെ അസാമാന്യ ശക്തിയുള്ള അതിമാനുഷരും നമ്മുടെ നായക കഥാപാത്രങ്ങളായി അരങ്ങു വാഴുന്നത്. പെട്ടെന്ന് ഓർമ്മ വരുന്നത് യോദ്ധയിലെ തൈപ്പറമ്പിൽ അശോകൻ -അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ദ്വന്ദമാണ്. നമ്മളിൽ മിക്കവരും, നമുക്ക് ചുറ്റുമുള്ളവരിൽ ഭൂരിപക്ഷവും യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത് ജഗതിയും, ശ്രീനിവാസനും ഒക്കെ അവതരിപ്പിച്ച, മിക്കയിടത്തും തോറ്റ് പിന്മാറേണ്ടി വരുന്ന സാധാരണക്കാരായ കഥാപാത്രങ്ങളാണ്. ഒടുവിൽ വിജയിക്കുന്ന, മിക്കപ്പോഴും സൂപ്പർ താരങ്ങൾ അവതരിപ്പിച്ച നായക കഥാപാത്രങ്ങൾ നമ്മുടെ ഫാൻ്റസിയാണ്. അവരുടെ അയഥാർത്ഥവും, സ്വപ്നസമാനമായ വിജയങ്ങളിൽ പൂവണിയുന്നത് നമ്മുടെ ഫാൻ്റസികൾ കൂടിയാണ്. ഇതൊരു തീർത്തും മോശം കാര്യമാണ് എന്നല്ല പറയുന്നത്, ഈ ദ്വന്ദങ്ങളുടെ വിജയ ഫോർമുലകളെ ഒന്ന് പരാമർശിച്ചു എന്ന് മാത്രം. ഓരോ കാലത്തേയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും, ജനങ്ങളുടെ ചിന്തകളും അഭിലാഷങ്ങളും എല്ലാം സിനിമകളെയും, അവ സ്വീകരിക്കപ്പെടുന്ന രീതികളെയും സ്വാധീനിക്കുന്നുണ്ട്. നവഉദാരവൽക്കരണ കാലത്തിൻ്റെ തുടക്കത്തിന് സമാന്തരമായി ആണ് നമ്മുടെ പ്രധാന കഥാപാത്രങ്ങൾ പലരും സാധാരണക്കാരിൽ നിന്നും മാറി അതിമാനുഷർ ആയതെന്നതും യാദൃശ്ചികമായി സംഭവിച്ചത് ആകാനും വഴിയില്ല.

പുറമേ അത്രയും സ്മാർട്ടും, അസാധാരണമാം വിധം സർവ്വകലാവല്ലഭരും, അതിമാനുഷരും അല്ലാത്ത, തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നു വരുന്ന, സ്വതവേ അന്തർമുഖരും, നിരവധി ജീവിത പരാജയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരുമായ നായകരും വീണ്ടും വിജയ സിനിമകളിൽ നായക കഥാപാത്രമായി അവതരിപ്പിക്കാം എന്ന് ഗിരീഷ് എ.ഡി. തെളിയിക്കുകയാണ്. ഒരുപക്ഷേ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലുള്ള സിനിമകളിൽ മുൻപ് നാം പരിചയിച്ചിട്ടുള്ള, മത്സരസംസ്കാരത്തിൻ്റെ ആഗോളവൽക്കരണാനന്തര കാലത്ത് ചുരുക്കം സിനിമകളിൽ മാത്രം കണ്ടിട്ടുള്ള മോൾഡിൽ ഉള്ള നായകകഥാപാത്രങ്ങളുടെ തിരിച്ചുവരവ് കൂടിയായി പ്രമലുവിൻ്റെ വിജയം നമുക്ക് കണക്കാക്കാം. ഇത് ലോകമെങ്ങും സാമ്പത്തിക മാന്ദ്യങ്ങളുടെ കാലത്ത് ദുഷ്കരമായ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന millenial, gen z തലമുറകളേയും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറച്ചുകൂടി ആഴത്തിൽ വിശകലനം ചെയ്യാൻ ഒരു അവസരമാണ്. വലിയ ഹിറ്റായ കരിക്കിൻ്റെ 'തേരാ പാരാ' എന്ന കോമഡി-വെബ് സീരിസും സമാനമായ ജീവിത സാഹചര്യങ്ങളെ ആണ് വരച്ചു കാട്ടിയത്.

ഗിരീഷ് എ.ഡി.ക്കൊപ്പം പ്രേമലുവിൻ്റെയും ബത്ലഹെമിൻ്റെയും രചന നിർവഹിച്ച Kiran Josey - ഉം അഭിനന്ദനം അർഹിക്കുന്നു. Ajmal Sabu -ൻ്റെ ഛായാഗ്രഹണവും Akash Joseph Varghese - ൻ്റെ എഡിറ്റിങ്ങും മികച്ചതായിരുന്നു. 

ഗിരീഷ് എ.ഡി.യും, റീജു ജോസും ചേർന്ന് നിർമ്മിക്കുകയും കിരൺ ജോസിയും, ആദർശ് സദാനന്ദനും ചേർന്ന് എഴുതി കിരൺ ജോസി സംവിധാനം ചെയ്ത അനുരാഗ് എൻജിനീയറിങ് വർക്ക്‌സ് എന്ന ഷോർട്ട് ഫിലിമും ഒരു ഇന്ററോവർട്ട് പ്രണയ കഥ എന്ന രീതിയിൽ പ്രസക്തമാണ്. ഇതിന്റെ എഴുത്തുകാർ രണ്ടുപേരും തങ്ങളുടെ ഇന്ററോവെർട്ട് നേച്ചർ ആണ് പ്രധാന കഥാപാത്രം ആയ അനുരാഗിന്റെ കഥാപാത്ര നിർമ്മിതിയിൽ പ്രതിഫലിക്കുന്നത് എന്ന് പറയുന്നുണ്ട്. സൂപ്പർ ശരണ്യയിലെ 'അജിത് മേനോൻ' ഉൾപ്പെടെ ലൗഡായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനീത് വാസുദേവ് അനുരാഗ് ആയുള്ള ഒതുക്കമുള്ള പ്രകടനമാണ് ഈ ഷോർട്ട് ഫിലിമിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. പ്രേമലുവിലെ കാർത്തിക എന്ന കഥാപാത്രത്തിലൂടെ പ്രശസ്ത ആയ അഖില ഭാർഗവൻ അവതരിപ്പിച്ച നീതു എന്ന കഥാപാത്രത്തോട് ഉണ്ടാകുന്ന അനുരാഗം അറിയിക്കാനുള്ള അനുരാഗിന്റെ ശ്രമങ്ങളും, അത് അനുരാഗിന്റെയും നീതുവിന്റേയും ജീവിതങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുന്നു എന്നതുമാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രമേയം. തീർത്തും നോർമൽ ആയ മനുഷ്യൻ ആയി അനുരാഗ് എന്ന കഥാപാത്രത്തെ സമീപിക്കുന്നതും, അനുരാഗിന്റേയും നീതുവിന്റേയും മാനസിക വ്യാപാരങ്ങളെ സത്യസന്ധമായി സമീപിക്കുന്നതുമാണ് ഈ ഷോർട്ട് ഫിലിമിനെ മികച്ചതാക്കുന്നത്.

സമൂഹത്തിന്റെ മൂന്നിലൊന്ന് മുതൽ രണ്ടിലൊന്ന് വരെ പല അളവിൽ അന്തർമുഖത്വം ഉള്ളവരാണ്. എന്നാൽ സമൂഹത്തിന്റേയും, സ്ഥാപനങ്ങളുടേയും നേതൃ സ്ഥാനങ്ങൾ വഹിക്കുന്നതിൽ 96%-വും ബഹിർമുഖരാണ്. ഇതിനൊരു കാരണം ആശയങ്ങൾ ഒരു ഓഡിയൻസിന് മുന്നിൽ പ്രകടിപ്പിക്കാനും, സമൂഹത്തിൽ ഇടപെടാനും ബഹിർമുഖരെ അപേക്ഷിച്ച് അന്തർമുഖർക്കുമേൽ അടിച്ചേല്പിക്കപ്പെടുന്ന പരിമിതികളാണ്. നമ്മുടെ ക്ലാസ് മുറികൾ പോലും ബഹിർമുഖരെ കണക്കാക്കി സജ്ജീകരിച്ചിട്ടുള്ളതാണ്. സംസാരിക്കാനുള്ള കഴിവാണ് പലപ്പോഴും മികവ്‌ മനസിലാക്കുന്നതിനുള്ള ഏക അളവുകോലായി കണക്കാക്കുന്നത്. ക്ലാസിനുമുന്നിൽ എപ്പോഴും എഴുന്നേറ്റു നിന്ന് സംസാരിക്കുന്നവരെയാണ് പലപ്പോഴും മിടുക്കാരായി കണക്കാക്കുന്നത്. എന്നാൽ കാര്യങ്ങൾ അറിയാമായിരുന്നിട്ടും അതിങ്ങനെ പ്രകടിപ്പിക്കാനുള്ള പരിമിതി മനസ്സിലാക്കി, അങ്ങനെയുള്ള വിദ്യാർത്ഥികളെക്കൂടി മുന്നോട്ടു കൊണ്ടുവന്നു അംഗീകരിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസ രീതികൾ മാറേണ്ടിയിരിക്കുന്നു. ചെറുപ്പകാലം മുതലേ സമൂഹത്തൊടുള്ള ഇടപെടലുകളിൽ നിലനിൽക്കുന്ന ഇത്തരം ചിട്ടവട്ടങ്ങളോട് വഴങ്ങാനുള്ള പോരാട്ടമാണ് സമൂഹത്തിന്റെ പകുതിയും വരുന്ന അന്തർമുഖരുടെ ജീവിതങ്ങൾ. അധികം സംസാരിക്കാതെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ താല്പര്യപ്പെടുന്നതും മനുഷ്യ സഹജമായ കാര്യങ്ങളാണെന്നും, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യേണ്ട കാര്യമില്ല എന്നുമൊക്കെ മനസ്സിലാക്കാനുള്ള maturity സമൂഹത്തിന് ഇനിയും ഉണ്ടാവേണ്ടി ഇരിക്കുന്നു എന്നത് സങ്കടകരമായ സംഗതിയാണ്. അന്തർമുഖർ കുറച്ചു കൂടി സെൻസിറ്റീവ് ആയിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സെൻസിറ്റിവിറ്റിയെ മനസ്സിലാക്കാനും, അത് സമൂഹത്തിന്റെ മെച്ചത്തിനായി ഉപയോഗിക്കാനുമുള്ള പരിശ്രമങ്ങളാണ് വേണ്ടത്.

ക്രിയേറ്റിവായ മേഖലകളിൽ കഴിവു തെളിയിച്ച പലരും അന്തർമുഖരാണ്. മുറിയിൽ ഒറ്റയ്ക്ക് മണിക്കൂറുകളോളം സൃഷ്ടിപരമായ പ്രവൃത്തികളിലും, പരീക്ഷണ-നിരീക്ഷണങ്ങളിലും മുഴുകാൻ അന്തർമുഖത്വം സഹായകരം ആയെന്നുവരാം. പ്രശസ്തരായ നിരവധി എഴുത്തുകാരും, ആൽബർട്ട് ഐൻസ്റ്റീനും സ്റ്റീഫൻ ഹോക്കിങ്ങും മാഡം ക്യൂറിയും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരും, ഗാന്ധിയും മാർക്‌സും അംബേദ്കറും ലിങ്കണും നെൽസൻ മണ്ടേലയും ഉൾപ്പടെ ലോകത്തെ നയിച്ചവരും, ബീതോവനും എ. ആർ. റഹ്‌മാനും ബോബ് ഡൈലനും ഉൾപ്പെടെയുള്ള നിരവധി സംഗീതജ്ഞരും, സച്ചിനും മെസ്സിയും വിശ്വനാഥൻ ആനന്ദും ഉൾപ്പടെ തങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന നിരവധി കായിക പ്രതിഭകളും, ഷാരൂഖ് ഖാനും മോഹൻലാലും ഫഹദ് ഫാസിലും എമ്മ വാട്സണും മെറിൽ സ്ട്രീപ്പും ഡാനിയേൽ ഡേയ് ലൂയിസും ഉമ തർമനും ഉൾപ്പെടെയുള്ള അഭിനേതാക്കളും, ടെറൻസ് മാലിക്കും സ്റ്റീഫൻ സ്പിൽബർഗും ജെയിംസ് കാമറൂണും ഹിച്ച്കോക്കും ഉൾപ്പടെയുള്ള സംവിധായകരും അന്തർമുഖരാണ്. അന്തർമുഖരിൽ തന്നെ ഓരോ വ്യക്തികളിലും അത് പല അളവിലാണ്. ഇത് മനസ്സിലാക്കി ഓരോ വ്യക്തികളേയും ആവരുടെ സ്വാഭാവികമായ മാനസിക പരിസ്‌ഥിതികളിൽ അംഗീകരിച്ച് മുന്നോട്ടു പോകുന്നത് സമൂഹത്തിന്റെ അയഥാർഥ്യമായ പ്രതീക്ഷകൾ ഏൽപ്പിക്കുന്ന അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കി സാമൂഹ്യ ജീവിതം കൂടുതൽ ലളിതമാവാൻ സമൂഹത്തെ മുഴുവൻ സഹായിക്കും. ബഹിർമുഖരേയും, അന്തർമുഖരേയും ഉൾക്കൊണ്ടുള്ള ടീം വർക്കിനാണ് കൂടുതൽ വിജയ സാധ്യത എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.

തണ്ണീർ മത്തൻ ദിനങ്ങളിൽ നിന്ന് ബത്ലഹേം കുടുംബ യൂണിറ്റിലേക്ക് എത്തുമ്പോൾ വർദ്ധിച്ചു വരുന്ന സ്വീകാര്യത ശുഭ സൂചന ആയി കാണാം.


അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഡിസംബർ 05, 2025

കളങ്കാവൽ




FBI- യുടെ സൃഷ്ടിക്ക് തന്നെ കാരണമായ ഓസാഞ്ചെ വംശജരായ തദ്ദേശീയരായ മനുഷ്യരെ വെള്ളക്കാർ കൂട്ടക്കൊല ചെയ്ത കേസ് അന്വേഷിക്കാൻ വരുന്ന FBI ഉദ്യോഗസ്ഥൻ എന്ന റോളിലാണ് മാർട്ടിൻ സ്ക്കോഴ്‌സേസി ഡീ കാപ്രിയോയെ 'Killers of the flower moon' എന്ന പുസ്തകത്തിൻ്റെ അഡാപ്റ്റേഷനിൽ കാസ്റ്റ് ചെയ്യുന്നത്. പുസ്തകവും അതേ നരേഷൻ ആണ് പിന്തുടർന്നത്. എന്നാൽ ഡീ കാപ്രിയോയുടെ ആവശ്യ പ്രകാരം ഡീ കാപ്രിയോയെ, ഡീ നീറോയ്ക്ക് ഒപ്പമുള്ള വില്ലൻ വേഷത്തിലേക്ക് സ്കോഴ്സെസി മാറ്റിയതോടെ ചിത്രത്തിൻ്റെ രൂപം മാറുകയും, തദ്ദേശീയരുടെ വീക്ഷണ കോണിനെ ചിത്രം പിന്തുടരുകയും ചെയ്തു. ഇത് നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കും എന്ന ഭയത്താൽ പിന്മാറുന്ന അവസ്ഥ വരെ ഉണ്ടാക്കിയെങ്കിലും ആപ്പിൾ ടിവി കൂടി പ്രൊഡക്ഷനിൽ പങ്കാളി ആയതോടെ തൻ്റെ വിഷനിൽ സ്കോഴ്സെസി ചിത്രം എടുത്തു. ഈ മാറ്റം തന്നെയാണ് ചിത്രത്തെ കാലാതീതം ആക്കിയത്. എൺപതാം വയസ്സിൽ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് സിനിമ എടുക്കുമ്പോൾ താൻ ഇത്രയെങ്കിലും റിസ്ക് എടുക്കണ്ടേ എന്നാണ് സ്കോഴ്സെസി പറഞ്ഞത്.



 തനിക്കു ഓഫർ ചെയ്ത പോലീസുകാരൻ്റെ വേഷത്തിന് പകരം ക്രൂരനായ സൈക്കോപ്പാത്തിൻ്റെ റോള് തെരഞ്ഞെടുത്തതിലൂടെ ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെ ആണ് കളങ്കാവലിൽ കാണാൻ കിട്ടിയത്, ഇതുവരെ കാണാത്ത പെർഫോമൻസും. വിനായകനെ പോലീസ് വേഷം കൂടി ഏൽപ്പിച്ചതോടെ സാമ്പ്രദായിക നായക സങ്കല്പങ്ങളെ മുഴുവൻ അട്ടിമറിച്ച് നവമായ ഒരു സിനിമാനുഭവം ആയി കളങ്കാവലിന് മാറാൻ കഴിഞ്ഞു. കച്ചവട ചേരുവകൾക്ക് വഴങ്ങാതെ താരങ്ങൾക്ക് പകരം നടന്മാർക്കും നടിമാർക്കും പ്രാധാന്യം നൽകുന്ന നരേഷനിലൂടെ തൻ്റെ വരവ് അറിയിച്ചിരിക്കുകയാണ് ജിതിൻ കെ. ജോസ്. എഴുത്ത്, സംഗീതം, എഡിറ്റിംഗ്, ക്യാമറ തുടങ്ങി എല്ലാ മേഖലകളിലും പുതുരീതികൾ പിന്തുടരുന്ന ഈ ചിത്രം മലയാളത്തിൻ്റെ 2025-നെ കൂടുതൽ മനോഹരം ആക്കുന്നു.
അനൂപ്‌ കിളിമാനൂര്‍




ചൊവ്വാഴ്ച, നവംബർ 25, 2025

ഇത്തിരി നേരം

 


ബോളിവുഡിൽ ഇപ്പോഴത്തെ പല അഭിനേതാക്കളും അഭിനയ പരിശീലനത്തിന് ഒരു പ്രാധാന്യവും കൊടുക്കാറില്ല എന്നും, ജിമ്മിൽ പോകുന്നതിൽ മാത്രമാണ് പലർക്കും ശ്രദ്ധ എന്നും അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. അതിന് ഒരു അപവാദം ആയ മികച്ച അഭിനയശേഷി പ്രകടിപ്പിക്കുന്ന നിരവധി യുവതാരങ്ങൾ ഉള്ള മലയാളം സിനിമയിലെ ഏറ്റവും നല്ല രണ്ട് അഭിനേതാക്കളാണ് റോഷൻ മാത്യുവും, സെറിൻ ഷഹാബും. രണ്ടു പേരുടേയും ഈ അഭിനയശേഷിയും, നാടക കളരികളിലൂടെ ലഭിച്ച അനുഭവ സമ്പത്തും ബിഗ് സ്ക്രീനിൽ മികച്ച രീതിയിൽ കാണാൻ കഴിയുന്ന ചിത്രമാണ് ഇത്തിരി നേരം. പലപ്പോഴും സംഭാഷണങ്ങൾക്ക് ഇടയിലുള്ള മൗനങ്ങളിൽ നേർത്ത ഭാവവ്യത്യാസങ്ങളിലൂടെ അവരുടെ പ്രണയത്തിൻ്റേയും, വേദനയുടേയും തീവ്രത വ്യക്തമാകുന്ന  തരത്തിൽ അത്ഭുതം തോന്നുന്ന പെർഫോമൻസ് ആണ്  രണ്ടു പേരുടേയും. മലയാള സിനിമയുടെ രണ്ടു തലമുറകളെ പ്രതിനിധാനം ചെയ്യുന്ന നന്ദുവിൻ്റെയും ആനന്ദ് മന്മദൻ്റെയും മികച്ച പ്രകടനവും ശ്രദ്ധേയമാണ്.

തൻ്റെ മൂന്നാമത്തെ ചിത്രമായ ഇത്തിരി നേരത്തെ വളരെ കയ്യൊതുക്കത്തോടെയാണ് സംവിധായകനായ പ്രശാന്ത് വിജയ് സമീപിച്ചിരിക്കുന്നത്. വലിയ സ്ക്രീനിൽ ഈ സിനിമ കാണേണ്ടതിൻ്റെ ഒരു പ്രധാന കാരണം പ്രശാന്തിൻ്റെ സംവിധാന മികവാണ്. തിരുവനന്തപുരത്തെ അറിയുന്നവർക്ക് മനസിൽ സൂക്ഷിക്കാവുന്ന നിരവധി വിഷ്വൽസ് സിനിമയിൽ ഉണ്ട്. സംഭാഷണ പ്രധാനമായ ഈ സിനിമയിൽ അതുപോലെ പ്രധാനപ്പെട്ടതാണ് വിശാഖ് ശക്തിയുടെ മനോഹരമായ എഴുത്ത്. ബേസിൽ സി ജെ എഴുതി സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച പ്രണയഗാനങ്ങളാണ്. അതിൽ നീയൊരിക്കൽ എന്ന ഗാനമാണ് ഏറ്റവും പ്രിയപ്പെട്ടത്. 

വലിയ സ്ക്രീനിൽ ഈ നമുക്കു പരിചിതമായ, എന്നാൽ വളരെ വ്യത്യസ്തമായ ഈ പ്രണയകഥ മിസ്സ് ചെയ്യാതിരിക്കുക.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ഒക്‌ടോബർ 03, 2025

Balti


A familiar plot made into a good film by Unni Sivalingam. Incredible performance by Shane Nigam, especially in action set pieces and kabadi scenes. Alphonse Puthran gave a solid performance as Soda Babu. Only let down is the underwhelming third act. Kudos to Santhosh T Kuruvila for taking a big risk and pulling it of successfully. Do watch in theatres.

വ്യാഴാഴ്‌ച, ഒക്‌ടോബർ 02, 2025

Kantara Chapter 1




This one is essentialy a rehash of the first film, with Hombale spending a ton load of money. Rishabh's grip in cinema makes it a good watch. Would have been a better film of they stuck to the main plot without resorting to a number of grand set pieces.
അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, സെപ്റ്റംബർ 27, 2025

One battle after another

 

Hands down the best film of the year. Shot in VistaVision which gave it the classical look. Incredible performance by the entire cast including Di Caprio, Del Toro, Chase Infiniti, Regina Hall and Sean Penn. Another masterful Paul Thomas Anderson cinema, relevant to the present time. Don't miss in theatres.


Viva la revolución

Peacemaker

 സ്കൂൾ കാലത്ത് ഒരു ജോൺ സീന ഫാൻ ആയിരുന്നു. അതൊക്കെ വിട്ടിട്ട് ഇത്രയും കാലം കഴിഞ്ഞ് ഇങ്ങേരുടെ ഒരു ഷോയുടെ ഫാൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. Written by Superman and Guardians of Galaxy director and DC Studios head James Gunn. 



New season now streaming in Hotstar.

ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2025

സംഭവ വിവരണം നാലരസംഘം ( The Chronicles of the 4.5 Gang)



മലയാളത്തിൽ ഇതുവരെ ഇറങ്ങിയ വെബ് സീരീസുകളിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന വെബ് സീരീസ്. പുരുഷ പ്രേതം, ആവാസവ്യൂഹം ഒക്കെ പോലെ വളരെ രസകരവും എന്നാൽ വ്യത്യസ്തവുമായ ആഖ്യാന രീതി പിന്തുടരുന്ന നാലര സംഘം തിരുവനന്തപുരത്തിന് പരിചയമുള്ള ചില ഗ്യാംഗ്സ്റ്റർ സ്റ്റോറികൾ ആണ് അടിസ്ഥാനം ആക്കിയിരിക്കുന്നത്. മുൻപ് കണ്ടിട്ടുള്ള ഗ്യാംഗ്സ്റ്റർ കഥകളെ ഓർമ്മപ്പെടുത്തുന്നുവെങ്കിലും അതിനപ്പുറം ഒരോ കഥാപാത്രങ്ങളുടെയും വ്യക്തിപരവും, സാമൂഹികവും, കുടുംബപരമായ ബന്ധങ്ങളെ അടയാളപ്പെടുത്തുക വഴിയാണ് ഈ സീരീസിന് കൂടുതൽ ആഴം കൈവരുന്നത്. വയലൻസിനെ ഒട്ടും ആഘോഷിക്കാതെ തന്നെ അവതരിപ്പിക്കുകയും, അത് ഒരോ മനുഷ്യരിലും ഏൽപ്പിക്കുന്ന ശാരീരികവും, മാനസികവും, സാമൂഹികവുമായ മുറിവുകളേയും നാലരസംഘം അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. സഞ്ജു ശിവറാം, ജഗദീഷ്, ശാന്തി ബാലചന്ദ്രൻ (ലോക:, തരംഗം), ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, രാഹുൽ രാജഗോപാൽ (ആവാസവ്യൂഹം), നിരഞ്ജ് മണിയൻപിള്ള, വിജയരാഘവൻ, ഹക്കീം ഷാജഹാൻ, വിഷ്ണു അഗസ്ത്യ (RDX), സറിൻ ശിഹാബ് (ആട്ടം, രേഖാചിത്രം), ശംഭു, ശ്രീനാഥ് ബാബു, സച്ചിൻ ജോസഫ്, കൃഷാന്ത് എന്നിങ്ങനെ മലയാള വെബ് സീരീസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ താരനിര ആണ് ഇതിൽ അണിനിരക്കുന്നത്. ഒരേസമയം  കാലാപരമായി മികച്ചു നിൽക്കാനും, കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന നരേഷൻ വഴി നന്നായി രസിപ്പിക്കാനും കൃഷാന്തിന് കഴിഞ്ഞിട്ടുണ്ട്. സംഭവ വിവരണം നാലരസംഘം ( The Chronicles of the 4.5 Gang) സോണി ലൈവിൽ സ്ട്രീം ചെയ്യുന്നു.

ബുധനാഴ്‌ച, സെപ്റ്റംബർ 03, 2025

ലോക: പാർട്ട് 1- ചന്ദ്ര



ഒരുകാലത്ത് സ്ത്രീകളോട് കാണിച്ച ക്രൂരതകളിലെ പുരുഷ കുറ്റബോധം സൃഷ്ടിച്ച യക്ഷീ സങ്കൽപ്പത്തെ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടത്തിൻ്റെ പ്രതീകമായി ഉടച്ചു വാർക്കുകയാണ് ലോക. മിത്തുകളുടെ ബ്രാഹ്മണിക്കൽ വായന എന്നു വിമർശിക്കപ്പെട്ട 'ഐതിഹ്യമാല'-യെ അടിച്ചമർത്തപ്പെട്ടവൻ്റെ കാഴ്ചപ്പാടിൽ തിരുത്തി എഴുതിയത് കൊണ്ടുകൂടിയാണ് ലോകയും, ARM-ഉം, ഭ്രമയുഗവും ഒക്കെ ഇന്നിൻ്റെ സിനിമകൾ ആവുന്നത്.

അനൂപ്‌ കിളിമാനൂര്‍

വെള്ളിയാഴ്‌ച, ജൂലൈ 18, 2025

Saiyaara



YRF has been the flag bearer of post-liberalisation, NRI oriented, ambitious youth phase of Bollywood. In these hopeless, 'animal'-phase days of Bollywood,  they've come up with a film which says self-centred, selfish run behind ambition by forgetting basic human values is useless. And they've successfully launched two innocent looking stars which fits the rooted, value-centred approach of the film. If it wasn't for Bollywood's obsession with 150 min runtime, this could have been a far better film. With opening figures and hype with youth, it's safe to say this will be one of the biggest hits of the year.

For the times they are a-changin'

അനൂപ്‌ കിളിമാനൂര്‍

ശനിയാഴ്‌ച, ഡിസംബർ 21, 2024

City of Lies


റൈഫിൾ ക്ലബിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട് വലിയ പ്രശംസ നേടുകയാണ്. കറുത്ത വർഗക്കാർ നേരിടുന്ന അടിച്ചമർത്തലുകൾക്ക് എതിരായ വലിയ പ്രതിഷേധം കൂടിയാണ് ഹിപ് ഹോപ് മ്യൂസിക്. സ്കൂൾ കാലം മുഴുവൻ യു എസിലെ ഹൂസ്റ്റണിൽ ജീവിച്ച Hanumankind തൻ്റെ ലോക പ്രശസ്തമായ 'Big Dawgs'-ൽ റാപ്പർ പ്രോജക്ട് പാറ്റിനെ സ്വാധീനത്തെ പരാമർശിക്കുന്നുണ്ട്. Project Pat Juicy J- യും, A$AP Rocky-യുമായി ചേർന്ന് ചെയ്ത Feed the streets എന്ന ഗാനത്തിലെ പ്രശസ്തമായ ബീറ്റ് Big Dawgs-ൽ ഹനുമാൻ കൈൻഡ് ഉപയോഗിക്കുന്നുണ്ട്.

Big dwags-നു Hanumankind ലോകപ്രശസ്ത റാപ്പറും, റിഹാനയുടെ പങ്കാളിയുമായി A$AP Rocky-യുമായി ചേർന്ന് റീമിക്സ് വേർഷൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'I feel like Afeni Shakur' എന്ന് A$AP Rocky ഈ ഗാനത്തിൽ പാടുന്നുണ്ട്. യു.എസിലെ ശക്തയായ civil rights movement ആക്ടിവിസ്റ്റും black panthers പാർട്ടിയുടെ നേതാവും ആയിരുന്നു അഫെനി ഷക്കൂർ. ചരിത്രത്തിലെ തന്നെ എറ്റവും സ്വാധീനം ചെലുത്തിയ hip-hop ഗായകൻ എന്ന് വിലയിരുത്തപ്പെടുന്ന 2pac Shakur അഫെനി ഷക്കൂറിൻ്റെ മകനാണ്. 1996- ൽ 25 വയസ്സിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയ 2pac ഷക്കൂറിൻ്റെ റെക്കോഡുകൾ ഇപ്പോഴും വലിയതോതിൽ വിറ്റഴിക്കപ്പെടുന്നു. 2pac-മായി നിരവധി തവണ കൊമ്പുകോർത്ത പ്രശസ്ത റാപ്പറായ 'the Notorius B.I.G.' എന്ന ക്രിസ്റ്റഫർ വാലസിനെയും തൊട്ടടുത്ത വർഷം അദ്ദേഹത്തിൻ്റെ 25-ആം വയസ്സിൽ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ഈ കൊലപാതകങ്ങളിൽ ഗ്യാംഗുകളുമായി ബന്ധമുള്ള LAPD-യിലെ പോലീസുകാരും ഉൾപ്പെട്ടിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ടു കൊലപാതകങ്ങളും LAPD ഇതുവരെ തെളിയിച്ചിട്ടില്ല.


യുഎസിൽ ഏറ്റവുമധികം വയലൻസ് നേരിടുന്ന കറുത്തവർഗക്കാരുടെ കൊലപാതകങ്ങളിൽ 50 ശതമാനവും തെളിയിക്കപ്പെടാറില്ല. 'The Wire' എന്ന പ്രശസ്തമായ സീരീസിൽ പറയുന്നത് പോലെ 'ഇങ്ങനെ ബാൾട്ടിമോറിൽ ആയിരക്കണക്കിനു കറുത്തവർഗ്ഗക്കാർക്ക് പകരം വെളുത്തവരാണ് കൊല്ലപ്പെട്ടത് എങ്കിൽ ഒരു സൈന്യം തന്നെ അത് തടയാൻ ഇവിടെ വന്നേനെ' എന്ന വാചകം ഇവിടെയും ബാധകമാണ്. മെഡിക്കൽ ഇൻഷുറൻസ് ക്ലൈമുകൾ നിരസിക്കുന്നതിൽ കുപ്രസിദ്ധി ആർജ്ജിച്ച യുഎസിലെ എറ്റവും വലിയ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയായ UnitedHealthcare CEO-യെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ഒരു വലിയ പോലീസ് സംഘത്തെ തന്നെ കേസ് തെളിയിക്കാൻ ഇറക്കിയത് മേൽപ്പറഞ്ഞ വാചകത്തിന് തെളിവാണ്. ‘Deny,’ ‘Defend, ‘Depose’ എന്നാണ് UnitedHealthcare CEO- ക്ക് എതിരെ നിറയൊഴിച്ച വെടിയുണ്ടകളിൽ എഴുതിയിരുന്നത്. 'The Truth'-ൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നതുപൊലെ 'Sometimes truth is stranger than fiction.'

2pac Shakur- ൻ്റേയും B.I.G.- ൻ്റേയും കൊലപാതകത്തിൻ്റെ അന്വേഷണത്തിന് സംഭവിച്ചത് എന്ത് എന്ന് വ്യക്തമാക്കുന്ന ജോണി ഡെപ്പ് അഭിനയിച്ച 'City of Lies' ഡിസംബർ 31 വരെ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

 

ചൊവ്വാഴ്ച, ഡിസംബർ 10, 2024

Iffk 2024 recommendations

 

I am Nevenka 
Toxic 
Anora
All we imagine as light 
Holy Cow 
The substance 
Black dog
The Room next door (Pedro Almodovar)
The Art of warfare (Krishand)
Kiss Wagon (Midhun murali)
Rhythm of Dammam (Jayan Cheriyan)
Emilia Perez
Meeting with Pol Pot
The Teacher 
Queer (Daniel Craig)
Algiers
Exhuma 
Ankur (Syam Benegal )
The New year that never came
Ann Hui Films
Seven Samurai

അനൂപ്‌ കിളിമാനൂര്‍

ബുധനാഴ്‌ച, നവംബർ 27, 2024

Favorites from IFFI 2024


I Am Nevenka
All we imagine as light
Luna Park
Holy Cow
Locust
Kix
Crossing
Red Path
The room next door (Pedro Almodovar)
Deal at the border
Toxic
Who do I belong to
Pierce

I Am Nevenka is a powerful Spanish film on sexual harrasment and how power, position and societal norms assists predators. Based on a real fight by Nevenka Fernández.


Luna Park dwells on the civil war and failure and horrors of capitalism in post-Soviet Albenia.


Many important films, even the Palm D'or winner was not screened in IFFI while award winners like All we imagine as light, Black dog etc. had only one screening.

IFFI 2024 in letterboxd https://boxd.it/ACbzM

അനൂപ്‌ കിളിമാനൂര്‍

ഞായറാഴ്‌ച, മേയ് 19, 2024

'ആവേശ'ത്തിന് പിന്നിൽ

(Connecting Kerala - ത്തിൽ എഴുതിയത്)


നൂറ്റമ്പത് കോടിയിലധികം കലക്ഷൻ നേടി തീയേറ്ററിലെ വൻ വിജയത്തിന് ശേഷം അൻവർ റഷീദും നസ്രിയ നസീമും നിർമ്മിച്ച ജിത്തു മാധവൻ എഴുതി സംവിധാനം ചെയ്ത ആവേശം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT പ്രദർശനവും ആരംഭിച്ചു കഴിഞ്ഞു. OTT- യിലും ദേശീയ തലത്തിൽ വലിയ സ്വീകാര്യത ആണ് ചിത്രത്തിന് കിട്ടുന്നത്. കുറച്ച് കാലത്തിനു ശേഷമാണ് ഫഹദ് ഫാസിലിൻ്റെ ഒരു വലിയ കൊമേഴ്സ്യൽ മലയാള സിനിമ തിയറ്ററിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിൻ്റെ വലിയ സ്വീകാര്യതയും സാമ്പത്തിക വിജയവും ഫഹദ് ഫാസിലിൻ്റെ സ്റ്റാർഡത്തെ കൂടി ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ്. വേറെ ആര് ചെയ്താലും രംഗ എന്ന കഥാപാത്രം ഇങ്ങനെ ശരിയാകില്ലായിരുന്നു എന്ന അഭിപ്രായം വലിയ തോതിൽ ഉയർത്തുന്ന രീതിയിൽ മികച്ച പ്രകടനം ആണ് ഫഹദ് കാഴ്ചവെച്ചത്.

ഫാസിലിൻ്റെ അനിയത്തിപ്രാവ് ഒരേ സമയം പ്രേമിക്കുന്നവരേയും, അവരുടെ മാതാപിതാക്കളുടെ, വീട്ടുകാരുടെ വിചാരങ്ങളേയും അഭിസംബോധന ചെയ്തത് കൊണ്ടാണ് അത്രയും വലിയ ഹിറ്റ് ആയത് എന്ന് കേട്ടിട്ടുണ്ട്. ആവേശവും അതുപോലൊരു പ്രതിഭാസം ആണ്. സുഷിൻ ശ്യാം, ഫൈറ്റ് choreography, അന്യനാട്ടിൽ പോയുള്ള കോളേജ്-ഹോസ്റ്റൽ ജീവിതം, പുതുമയുള്ള കോമഡി തുടങ്ങി യുവജനങ്ങൾക്ക് വേണ്ടത് എല്ലാം ഉണ്ട്. കൂടാതെ എത്ര കണ്ടാലും മടുക്കാത്ത വിഷ്വൽസും. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രകഥ- caricature കഥാപാത്രങ്ങളുമായി. അമ്പാൻ്റെ റെഫറൻസ് തന്നെ മായാവിയിലെ വിക്രമൻ ആയിരുന്നു എന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. ഫൈറ്റ് സീനുകളിലെ ഫഹദിൻ്റെ മാനറിസം മിക്കതും ചിത്രകഥകളെ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു. പിന്നെ മാതാപിതാക്കൾക്ക് മാപ്പു പറഞ്ഞാണ് മദ്യപാന സീനുകൾ തുടങ്ങുന്നത് തന്നെ. വഴിവിട്ട ജീവിതത്തിലെ അപകടങ്ങളെപ്പറ്റിയുള്ള ഗുണപാഠം പോലെ മാതാപിതാക്കൾക്ക് എടുക്കാവുന്ന രീതിയിൽ കൂടിയാണ് സിനിമ. ക്ലൈമാക്സിലെ ചൂരൽ പ്രയോഗം ഉദാഹരണം. സ്വന്തം അമ്മയും, ബിബിയുടെ അമ്മയും ആയി രംഗ പുലർത്തുന്ന ആത്മബന്ധമാണ് സിനിമയിലെ പ്രധാനപ്പെട്ട പ്ലോട്ട് പോയിൻ്റ്സാണ്. പ്രേക്ഷകർ പലവട്ടം തീയേറ്ററിൽ സിനിമ കണ്ടത് ഒരു കാരണം ആണെങ്കിലും ഇത്ര വലിയ സാമ്പത്തിക വിജയം നേടിയതിനു പിന്നിൽ ഇങ്ങനെ എല്ലാ പ്രായത്തിലുളളവർക്കും ആസ്വദിക്കാവുന്ന സിനിമയായി ബുദ്ധിപൂർവ്വം ഒരുക്കിയ സ്ക്രിപ്റ്റ് കൂടി കാരണമാണ്.

ഇതിനെ ഒക്കെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നത് ആയിരുന്നു സുശിൻ ശ്യാമിൻ്റെ സംഗീതവും, സമീർ താഹിറിൻ്റെ ഛായാഗ്രഹണവും, എല്ലാവരുടേയും മികച്ച പ്രകടനങ്ങളും, അശ്വിനി കാലെയുടെ പ്രൊഡക്ഷൻ ഡിസൈനും, വിവേക് ഹർഷൻ്റെ എഡിറ്റിംഗും, നിരവധി പ്രശസ്ത സിനിമാ രംഗങ്ങളുടെ റെഫറൻസുകളും. രാജമാണിക്യം , ചട്ടമ്പിനാട് തുടങ്ങി നിരവധി സിനിമകളിലെ ഡയലോഗുകളും, വേഷഭാവാദികളും, ഗോഡ്ഫാദർ 3 ("Just when I thought I was out, they pull me back in!"), ഗുഡ്ഫെല്ലാസ് (Joe Pesci restaurant scene-dumb charades scene), കുമ്പളങ്ങി നൈറ്റ്സ് (ജനലിലൂടെ ഉള്ള എത്തിവലിഞ്ഞ നോട്ടം ക്ലൈമാക്സ് സീൻ), മുന്നാഭായി MBBS (രംഗ,അമ്പാൻ - മുന്ന,സർക്കീട്ട്), രോമാഞ്ചം (സിനുവിൻ്റേയും ശാന്തൻ്റെയും തലകുലുക്കിയുള്ള ചിരി), തേജാഭായി & ഫാമിലി (ഋഷി വശ്യ വജസ്സിൻ്റെ ഡാൻസ്), ഫഹദ് ബർത്ത്ഡേ കേക്ക് കട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് കേക്കിലേക്ക് നോക്കുന്ന ഷോട്ടിൽ Inglorious Basterds-ലെ 'I think this just might be my masterpiece' എന്ന പ്രശസ്തമായ ഷോട്ടിനുള്ള ട്രിബ്യൂട്ട് ഒക്കെ ആയി നിരവധി റെഫറസുകളും ചിത്രത്തിൽ ഉണ്ട്. ഇപ്പോഴത്തെ പ്രധാന ഹിറ്റുകളായ പ്രേമലു, മഞ്ഞുമ്മേൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ, ജയജയജയ ജയഹേ തുടങ്ങി സിനിമകളുടെ ഒക്കെ പ്രത്യേകത ആണ് ഈ റഫറൻസുകൾ.


സിനിമയുടെ ഒടുവിൽ ബിഗ് സ്ക്രീൻ ചെറുതായി ഒരു മൊബൈൽ സ്ക്രീനിലെ റീൽ ആയി മാറുന്നുണ്ട്. റീലുകളുടെ കാലത്തെ മാറുന്ന ആസ്വാദന ശീലങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമയാണിതെന്ന സംവിധായകൻ്റെ പ്രസ്താവന കൂടി ആവാം ഇത്. ഫഹദിനും സജിൻ ഗോപുവിനും പുറമേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റീലുകളും, ഗെയിമിംഗ് വീഡിയോകളും വഴി പ്രശസ്തരായ ഹിപ്സ്‌റ്റർ, റോഷൻ, മിഥുൻ, മിഥൂട്ടി തുടങ്ങിയവർ ആണ്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു. മുകളിൽ സൂചിപ്പിച്ച ഇപ്പോഴത്തെ ഹിറ്റുകളും ഈ മാറുന്ന ആസ്വാദന ശീലങ്ങളെ കൂടി മുന്നിൽ കണ്ട് ഒരുക്കിയവ ആണ്. ഈ സിനിമകൾക്ക് കാഴ്ചയിൽ അനുഭവിക്കാവുന്ന പുതുമയ്ക്ക് ഇതും ഒരു കാരണമാണ്. ഇതുകൊണ്ട് കൂടി ആവണം പ്രേമലുവും ആവേശവും ഒക്കെ പലവട്ടം കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. സ്വതന്ത്ര സംഗീത മേഖലയിൽ പ്രതിഭ തെളിയിച്ച Dabzee, Malayali Monkeys, MC Couper, Munz, Hanumankind ഉൾപ്പെടെ നിരവധി യുവ സംഗീതജ്ഞരും ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. വിനായക് ശശികുമാറിൻ്റെ വരികളും മികച്ചവയാണ്.

ഒരു ഇൻ്റവ്യൂവിൽ 'നല്ല ഗുണ്ട എന്നൊന്നില്ല, എല്ലാ ഗുണ്ടകളും മോശമാണ്' എന്ന് ജിത്തു മാധവൻ പറയുന്നുണ്ടായിരുന്നു. പലപ്പോഴും അധോലോക നായകരെ പോലും മഹത്വവൽക്കരിക്കുന്ന രീതിയാണ് മാസ്സ് മസാല എന്ന പേരിൽ ഇറങ്ങുന്ന കച്ചവട സിനിമകൾ സ്വീകരിച്ചിട്ടുള്ളത്. പലതും തെലുങ്ക്-തമിഴ് സിനിമകളുടെ വാർപ്പു മാതൃകകൾ പിന്തുടരുന്നവയാണ്. എന്നാൽ അത്തരം ഗുണ്ടാ കഥാപാത്രങ്ങളുടെ സ്പൂഫ് കൂടിയാണ് ചിത്രം. മുൻപുണ്ടായ ചില അനുഭവങ്ങളെ തൻ്റെ ചിത്രങ്ങൾക്ക് അടിസ്ഥാനമാക്കിയുണ്ട് ജിത്തു പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള അപ്രോച്ചിൽ കാണിക്കുന്ന സത്യസന്ധത കൂടിയാണ് ഈ സിനിമകളെ കൂടുതൽ ജനകീയം ആക്കുന്നത്. 

നിർമ്മാതാവായ അൻവർ റഷീദിൻ്റെ രാജമാണിക്യത്തിൻ്റെ ചില സീനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നായക കഥാപാത്രത്തേക്കാൾ മറ്റു കഥാപാത്രങ്ങൾ ആണ് സംഘട്ടന രംഗങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ചിത്രത്തിൽ ചോര കാണിക്കുന്നത് വയലൻസ് കാണികളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രംഗങ്ങളിൽ മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. അങ്ങനെ അല്ലാതെയുള്ള സംഘട്ടന രംഗങ്ങൾ കാർട്ടൂണിഷ് ആയ രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പല 'പാൻ ഇന്ത്യൻ' എന്ന് വിളിക്കപ്പെടുന്ന പല സിനിമകളേയും പോലെ വയലൻസ് ആഘോഷിക്കപ്പെടുന്നു എന്ന വിമർശനത്തെ ചിത്രം അതിജീവിക്കാൻ ശ്രമിക്കുന്നത് ഇങ്ങനെയൊക്കെ ആണ്. മാത്രമല്ല പല പാൻ-ഇന്ത്യൻ സിനിമകളിലെ ആൽഫാ-സിഗ്മ മെയ്ൽ ആണത്വ പ്രാഘോഷണങ്ങൾ സാധാരണ ജീവിതത്തിൽ എത്ര വലിയ കോമാളിത്തരം ആണെന്ന കാഴ്ചയാണ് ചിത്രം ഉയർത്തുന്നത്.

ഈ അടുത്ത് വലിയ ഹിറ്റുകളും, നിരൂപക പ്രശംസ നേടിയവയുമായ മഞ്ഞുമ്മേൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം, ആട്ടം ഒക്കെ സംവിധായകരുടെ രണ്ടാമത്തേയോ, മൂന്നാമത്തേയോ സിനിമകളും, ഗുരുവായൂർ അമ്പലനടയിൽ സംവിധായകൻ്റെ നാലാമത്തെ ചിത്രവും, ആടുജീവിതവും, വർഷങ്ങൾക്കു ശേഷവും താരതമ്യേന പരിചയ സമ്പന്നരായ സംവിധായകരുടെയും സിനിമകളുമാണ്. ഇവയിൽ മിക്കതും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയതോ, യാഥാർത്ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്നതോ ആയ സിനിമകളാണ്. മലയാള സിനിമയുടെ ആത്മാവ് എന്നു പറയാവുന്ന ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്ന ആഖ്യാനങ്ങളോടൊപ്പം പുതുമയുടെ കാറ്റും വെളിച്ചവും, പുതിയ സിനിമാ രീതികളും കടന്നുവന്നതിൻ്റെ മെച്ചം കൂടിയാണ് ഇന്ന് മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത.

തിങ്കളാഴ്‌ച, ഏപ്രിൽ 22, 2024

ആട്ടം


ആനന്ദ് ഏകർഷിയുടെ ആട്ടം മികച്ച ഒരു സിനിമയാണ്. ചെറിയ ഒരു സ്ഥല - കാലത്തിൽ കാണുന്നവരെ പിടിച്ചിരുന്ന തരത്തിൽ engaging ആയി വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫീച്ചർ ഫിലിം ഉണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. Film maker എന്ന രീതിയിൽ ആനന്ദ് ഏകർഷിയുടെ range ആണ് അത് കാണിക്കുന്നത്. അതിൽ നാടക പ്രവർത്തകർ ആയി അഭിനയിച്ചവർ യഥാർത്ഥത്തിലും നാടക പ്രവർത്തകർ  തന്നെ ആണെന്നതും, പലരുടെയും യഥാർത്ഥ പേരുകളും ജോലികളും സിനിമയിലും ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടു. എല്ലാവരും നന്നായി പെർഫോം ചെയ്തു.ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചത് സരിൻ ഷഹാബ് ആണ്.

പലപ്പോഴും '12 angry men'-നെ ഓർമ്മിപ്പിക്കുന്നുണ്ട് ചിത്രം. കറൻറ് പോകുമ്പോൾ ചർച്ച നടക്കുന്ന മുറിക്കകത്തെ ചൂടൊക്കെ ആ സിനിമയ്ക്കുള്ള ഒരു റഫറൻസ്/ഹോമേജ് ആയി കണക്കാക്കാവുന്നതാണ്. '12 angry men' കഥാപാത്രങ്ങളുടെ സ്വാർത്ഥതയിൽ നിന്ന് നിസ്വാർത്ഥയിലേക്കുള്ള യാത്ര ആണെങ്കിൽ 'ആട്ടം' നേരെ തിരിച്ചാണ്. (Spoiler alert) കേവലമായ ഭൗതിക നേട്ടങ്ങൾക്കായി ഒറ്റ നിമിഷത്തിൽ പറഞ്ഞിരുന്ന ആദർശങ്ങളെ മാറ്റിപ്പറയുവാൻ അവർക്ക് മടി ഒന്നും ഉണ്ടാവുന്നില്ല. എന്നൽ പുരുഷന്മാർ എല്ലാവരും ഇങ്ങനെ ഒരു വിഷയത്തിൽ മോശക്കാരാണ് എന്ന വ്യാഖ്യാനം ചിത്രത്തിന് ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാരും മോശക്കാരാണ് എന്ന വാദം തെറ്റിനെ normalize ചെയ്യാനും, തെറ്റുകാർക്ക് ഒരു excuse ആവാനും സാധ്യത ഉണ്ട് എന്നത് ഒരു പ്രശ്നമാണ്. ചിത്രം അങ്ങനെ പറയുന്നു എന്നല്ല, അങ്ങനെ ഒരു വ്യാഖ്യാനം സാദ്ധ്യമാണ് എന്ന് പറഞ്ഞെന്നു മാത്രം. സത്യത്തിന് പല വെർഷൻ ഉണ്ട് എന്ന അർത്ഥത്തിൽ ചിത്രം റോഷോമോന് ഒരു ഹോമേജ് ആണെന്ന് പറയാം.

IFFI ഉൾപ്പെടെ അന്താരാഷ്ട്ര മേളകളിലും, തീയറ്റർ റിലീസിലും വലിയ പ്രശംസ നേടിയ ആട്ടം പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.


അനൂപ്‌ കിളിമാനൂര്‍

ചൊവ്വാഴ്ച, മാർച്ച് 19, 2024

ഭ്രമയുഗം



ഭ്രമയുഗം മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ്. മമ്മൂട്ടിയെ മുമ്പെങ്ങും കാണാത്ത രീതിയിൽ രാഹുൽ സദാശിവൻ അവതരിപ്പിച്ചിരിക്കുന്നു. നിരവധി തലങ്ങളുള്ള, സങ്കീർണ്ണമായ കഥാപാത്രം അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അർജ്ജുൻ അശോകൻ തൻ്റെ വേഷം നന്നായി ചെയ്തു. എന്നാൽ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തത് സിദ്ധാർത്ഥ് ഭരതൻ ആണ് എന്നു പറയേണ്ടി വരും. Heavy ആയ കഥാപാത്രത്തെ മികച്ച രീതിയിൽ സിദ്ധാർഥ് അവതരിപ്പിച്ചു.

നിരവധി പിന്നോക്ക- ദളിത് സമുദായങ്ങളുടെ ആരാധനാ മൂർത്തി ആയ ചാത്തൻ, പിന്നെ മാംസാഹാരം എന്നിവയെ വളരെ നെഗറ്റീവ് ആയി അവതരിപ്പിച്ചു എന്ന വിമർശനം ഈ സിനിമയ്ക്ക് നേരെ ഉയരുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല നമ്മുടെ ഐതിഹ്യങ്ങളെ ബ്രാഹ്മണവൽക്കരിച്ച് അവതരിപ്പിച്ചു എന്നൊരു വിമർശനം മുൻപു ഉണ്ടായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ഗ്ലോറിഫിക്കേഷൻ എന്ന സമാനമായ വിമർശനം ഈ സിനിമയ്ക്ക് നേരെയും ഉയരുന്നുണ്ട്. 

അന്നത്തെ സമൂഹത്തിൽ നിലനിന്ന ഉച്ച നീതത്വങ്ങളുടെ പ്രതിഫലനം ആയും ചിത്രത്തിൽ പാണൻ നേരിടുന്ന സന്ദർഭങ്ങളെ കാണാവുന്നതാണ്. ബ്രാഹ്മണ്യത്തിൻ്റെ തോളിലേറി ഫ്യൂഡലിസം അന്നത്തെ സമൂഹത്തെ മുറുകെപ്പിടിച്ചത് പോലെയാണ് ചാത്തനും മനയെ തൻ്റെ കൈക്കുള്ളിൽ ആക്കിയത് എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതിനു വിപരീതമായി ഫ്യൂഡലിസത്തിൻ്റെ വേര് അറുത്തിട്ടല്ല നമ്മുടെ രാജ്യത്ത് വിദേശ ശക്തികൾ ക്യാപിറ്റലിസം കൊണ്ടുവന്നത്. അടിച്ചമർത്തലിൻ്റെ പ്രതീകമായ സിനിമയിലെ ചാത്തനെപ്പോലെ അവരുടെ വരവിന് ശേഷവും ഫ്യൂഡലിസം ഇവിടെ നിലനിന്നു, അതും ക്യാപിറ്റലിസവുമായി ഇഴചേർന്ന് വളരെ മോശപ്പെട്ട രീതിയിൽ.

ചിത്രം Sony LIV -ൽ സ്ട്രീം ചെയ്യുന്നു.
അനൂപ്‌ കിളിമാനൂര്‍