വ്യാഴാഴ്‌ച, ജൂലൈ 01, 2010

ഒളിവുജീവിതങ്ങള്‍..‍.. ആടുജീവിതങ്ങള്‍....

"പുള്ളി പണ്ട് ഗള്‍ഫിലായിരുന്നു. അവിടന്ന് ഷേയ്ക്കിനേം പറ്റിച്ചു കുറെ കാശുമായി ഇങ്ങു പോന്നു. ഇപ്പൊ ഇവിടെ ബിസിനസ്സൊക്കെ നടത്തി മാന്യനായി കഴിയുവാ. ഷെയ്ക്ക് ഇയാളെ കണ്ടാല്‍ അപ്പൊ ഇയാളുടെ തല വെട്ടും." ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേയ്ക്ക് ബസ്സില്‍ വരുകയായിരുന്നു. അപ്പോള്‍ സഹയാത്രികനായ അപരിചിതന്‍ നമുക്ക് രണ്ടുപേര്‍ക്കും അറിയാവുന്ന ഒരാളെപ്പറ്റി പറഞ്ഞതാണ് ഈ മുകളില്‍ പറഞ്ഞ ഡയലോഗുകള്‍. ഗള്‍ഫുകാരെപ്പറ്റി പലപ്പോഴും കേള്‍ക്കുന്ന അതേ ഡയലോഗുകള്‍. അയാള്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭാസപരമായും കേരളം മുന്നില്‍ നില്‍ക്കുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം; രണ്ട് ഗള്‍ഫ് മലയാളികള്‍. ഇരു കൂട്ടര്‍ക്കും നാം എന്താണ് തിരിച്ചു കൊടുക്കുന്നത്?

ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്കരണം നടപ്പാക്കിയ ഇ.എം.എസ് സര്‍ക്കാരും അതിന്റെ പിന്തുടര്ച്ചകളും കേരളത്തിന്‌ നല്‍കിയ സേവനം മറക്കാനാവാത്തതാണ്. അനേകം മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും മുകളിലാണ് ഇന്നത്തെ കേരളം ഉയര്‍ന്നു നില്‍ക്കുന്നത്. ആരോഗ്യരംഗത്തും വിട്യാഭ്യാസരംഗത്തും പൊതുവിതരണരംഗത്തും ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ് നാം. ആ ത്യാഗങ്ങളുടെ എല്ലാ ഗുണഫലങ്ങളും അനുഭവിച്ച ശേഷം സക്കരിയമാര്‍ അവരെപ്പറ്റി എന്താണ് പറഞ്ഞു നടക്കുന്നത്? ഏതെങ്കിലും ഒരു ഖാദര്‍ ധാരിയുടെ മോശപ്പെട്ട പ്രവൃത്തിയെ അവരുടെ ജീവിതവുമായി താരതമ്യപ്പെടുത്താന്‍ ഈ സക്കറിയമാര്‍ക്ക് എങ്ങനെയാണ് കഴിയുന്നത്‌? ആ വിപ്ലവകാരികളുടെ പിന്‍തലമുറക്കാര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അവരുടെ മനസ്സില്‍ എന്ത് ആഴത്തിലുള്ള മുറിവുകളാണ് ഈ സക്കറിയമാര്‍ നല്‍കുന്നത്? വര്‍ഷങ്ങളോളം ഒളിവുജീവിതം നയിച്ചവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദന ഈ സക്കറിയമാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ ആരുടെയും തന്തക്കു വിളിക്കാനുള്ള സ്വാതന്ത്ര്യം അല്ല, ഇത് ഈ സക്കറിയമാരും ചാനല്‍ ചന്തകളും സോറി ചിന്തകരും മനസിലാക്കിയാല്‍ നന്ന്...


പി. ടി കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടതുപോലെ കേരളത്തിന്റെ
വളര്‍ച്ചയില്‍ പ്രവാസികളുടെ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികളുടെ പങ്കിനെ അംഗീകരിക്കാന്‍ നമ്മുടെ സാംസ്കാരിക നായകന്മാര്‍ക്ക് പൊതുവേ മടിയാണ്. പ്രവാസികളുടെ ജീവിതം ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ച 'ഗര്‍ഷോം' എന്ന ചിത്രമെടുത്ത കലാകാരനാണ് അദ്ദേഹം. ബെന്യാമിന്റെ 'ആടുജീവിതത്തിലെ' നജീബിനെപ്പോലെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥകളില്‍ നിന്നും ഒരു ജീവിതം കെട്ടിപ്പെടുത്തവരാണ് പല പ്രവാസികളും. എങ്കിലും ഗള്‍ഫുകാരനെന്നു കേള്‍ക്കുമ്പോള്‍ പലരുടെയും വായില്‍ വരുന്നത് മുകളില്‍ പറഞ്ഞ ഡയലോഗുകള്‍ ആണ്. നാമെന്താണിങ്ങനെ? മലയാളികള്‍ ഇത്ര നന്ദിയില്ലാത്തവരായി മാറിയോ? നാമെല്ലാം മറക്കുന്നുവോ? ഒരു രാത്രിയുടെ അകലമേ എനിക്ക് നാടുമായുള്ളൂ. എങ്കിലും ആ അകലം ഞാനറിയുന്നു. ഇങ്ങനെ പലവിധ ചിന്തകളുമായി നാട്ടിലെത്തിയ ഞാന്‍ ഒരു തട്ടുകടയില്‍ കയറി. അപ്പോള്‍ അവിടിരുന്നു ഒരു മനുഷ്യന്‍ സംസാരിക്കുന്നു. പ്രവാസികളെപ്പറ്റി, അവരുടെ ജീവിതത്തെപ്പറ്റി, ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ഭര്‍ത്താവുമായി അകന്നു കഴിയേണ്ടിവരുന്ന പ്രവാസികളുടെ ഭാര്യമാരെപ്പറ്റി.... ഒന്നെനിക്ക് മനസിലായി, അല്ല മലയാളികള്‍ തീരെ നന്ദിയില്ലാത്തവരല്ല........... ..

ആ തട്ടുകടയുടെ വിലാസം ചുവടെ കൊടുക്കുന്നു.........

ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ "സുഖ"മാണ്...

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്ശുഭം!
മംഗളം!

anoopesar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....