ബുധനാഴ്‌ച, ഒക്‌ടോബർ 14, 2009

ഉറുമ്പുകള്‍ ആത്മഹത്യ ചെയ്യാറില്ല

ഉറുമ്പുകള്‍
ആത്മഹത്യ ചെയ്യാറില്ല
കൊലപാതകവും
അവര്‍ക്കറിയാം
ജീവിതത്തിന്റെ വില

ഉറുമ്പുകള്‍
ചതിക്കാറില്ല
ചതിക്കപ്പെടാറും
അവര്‍ക്കറിയാം
നന്മയുടെ വില

ഉറുമ്പുകള്‍ക്ക്
മതങ്ങളില്ല
മതിലുകളും
അവര്‍ക്കറിയാം
സ്നേഹത്തിന്റെ വില

ഉറുമ്പുകള്‍
വാണിഭം നടത്താറില്ല
പീഡനവും
അവര്‍ക്കറിയാം
പ്രണയത്തിന്റെ വില

ഉറുമ്പുകള്‍
പുകവലിക്കാറില്ല
മദ്യപിക്കാറും
അവര്‍ക്കറിയാം
ബോധത്തിന്റെ വില

ഉറുമ്പുകള്‍ക്ക്
സ്വാശ്രയ കോളേജുകളില്ല
സ്വകാര്യ സ്കൂളുകളും
അവര്‍ക്കറിയാം
അറിവിന്റെ വില

ഉറുമ്പുകള്‍
അന്തിച്ചര്‍ച്ചകള്‍ കേള്‍ക്കാറില്ല
റിയാലിറ്റി ഷോകളും
അവര്‍ക്കറിയാം
സത്യത്തിന്റെ വില

ഉറുമ്പുകള്‍ക്ക്
മോബൈലുകളില്ല
എസ്.എം.എസുകളും
അവര്‍ക്കറിയാം
മൗനത്തിന്റെ വില

ഉറുമ്പുകള്‍
ബോംബുണ്ടാക്കാറില്ല
മിസൈലുകളും
അവര്‍ക്കറിയാം
വിശപ്പിന്റെ വില

ഉറുമ്പുകള്‍
അമേരിക്കന്‍ സൈനികനല്ല
തീവ്രവാദിയും
അവര്‍ക്കറിയില്ല
'എണ്ണ'യുടെ വില

ശുഭം!
മംഗളം!

anoopesar

കടപ്പാട്: ഇന്നു എന്നെ കടന്നുപോയ ഒരു പാവം ഉറുമ്പ്‌...........

എന്തൊക്കെയോ കുത്തിക്കുറിച്ച ശേഷം ഒന്നു ഉറങ്ങാന്‍ കിടന്നു. അപ്പോള്‍ കിടക്ക നിറയെ ഉറുമ്പുകള്‍, എന്റെ സുഖസുഷുപ്തിയെ തകര്‍ത്തുകൊണ്ട് അവ എന്നെ കടിച്ചു വലിക്കുന്നു. എന്തിനാണ് അവ എന്റെ ഉറക്കത്തെ തടസപ്പെടുത്തുന്നത്.... ഞാന്‍ ഒന്നു കാണാതെ അറിയാതെ ഉറങ്ങുകയാണല്ലോ.... എന്റെ സഹോദരങ്ങളുടെ കണ്ണീരും പിഞ്ചുപൈതങ്ങളുടെ രോദനങ്ങളും. ഒന്നുമറിയാതെ എല്ലാത്തിനോടും കണ്ണടച്ച്. ഞാന്‍ എന്തിനാണ് ഉണര്‍ന്നിരിക്കുന്നത്? ഈ പോരാട്ടങ്ങള്‍ കാണാനോ? ഈ പോരാട്ടങ്ങള്‍..... പണത്തിനു വേണ്ടി, എണ്ണക്ക് വേണ്ടി, ആണവത്തിനു വേണ്ടി, ശരീരത്തിന് വേണ്ടി, എന്തിനെന്നറിയാത്ത എന്തിനൊക്കെയോ വേണ്ടി.... ഞാനുറങ്ങട്ടെ, ഒന്നുമറിയാതെ. നീ എന്തിനാണ് എന്റെ ഉറക്കത്തെ തകര്‍ക്കുന്നത്?

അതെ, ഇപ്പോള്‍ നിന്നിലൂടെ ഞാനറിയുന്നു. ഞാനറിയാതെ അറിയുന്നു. എന്റെ ഈ സുഷുപ്തിയാണവരുടെ ആയുധം. ആ ഗഗനചാരികളുടെ, ആണവതമ്പുരാക്കന്മാരുടെ,
എണ്ണക്കൊതിയന്മാരുടെ, കുത്തകകളുടെ, അതിസമ്പന്നന്മാരുടെ, മാധ്യമ കൂലിപ്പടയുടെ, ദുഷ്പ്രഭുത്വത്തിന്റെ........
ഇപ്പോള്‍ ഈ ഉറക്കംവിട്ടുണര്‍ന്നില്ലെങ്കില്‍
ഒടുവില്‍ ഈ ഭൂമിയില്‍ അവശേഷിക്കുക
വിശപ്പ്‌
വിശപ്പു മാത്രം
പിന്നെ കണ്ണീരും
ഒരു പിടി കിനാവുകളും.........

9 അഭിപ്രായങ്ങൾ:

 1. നന്നായെടാ....
  ഇനിയും എഴുതണം...
  തിരിച്ചറിയാന്‍ വൈകും......
  പക്ഷേ നമ്മള്‍ക്ക് ലോകത്തോടുള്ള കടമയാണെന്ന് മാത്രം കരുതിയാല്‍ മതി.......
  ഒച്ചവക്കുക .......ഉറക്കം നടിക്കുന്നവര്‍ ഉറങ്ങി പോവണ്ട...

  മറുപടിഇല്ലാതാക്കൂ
 2. ഇതൊക്കെ കയ്യിലുണ്ടായിരുന്നല്ലെ :)
  നന്നായിട്ടുണ്ട്.
  afsal panthiyil ന്റെ അഭിപ്രായത്തിനടിയില്‍ എന്റൊരൊപ്പ്!

  മറുപടിഇല്ലാതാക്കൂ
 3. ഉയരട്ടെ ഉയരട്ടെ ഇനിയും ശബ്ദങ്ങള്‍;
  ഉണരട്ടെ നാം പുതിയൊരു പ്രഭാതത്തിലെയ്ക്ക്...

  മറുപടിഇല്ലാതാക്കൂ
 4. എന്തെളുപ്പമാണ് ഇങ്ങിനെയുള്ള ഉറുമ്പുകളെ കൊല്ലാന്‍..!
  കവിത ആസ്വദിച്ചു.

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....