ശനിയാഴ്‌ച, ഡിസംബർ 22, 2012

Omar Killed Me (2011)


ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഒരാളുടെ യഥാര്‍ത്ഥ അനുഭവങ്ങളെ അടിസ്ഥാനമാക്കി Roschdy Zem സംവിധാനം ചെയ്ത ഫ്രഞ്ച്-അറബിക് ചിത്രമാണ് 'Omar Killed Me'. ഈ ചിത്രം നിയമവ്യവസ്ഥയുടെ ദൗര്‍ബല്യത്തെക്കുറിച്ചും സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വംശീയതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്ക് പശ്ചാത്തലം ഒരുക്കാന്‍ ഈ ചിത്രത്തിന് കഴിയും.1991-ല്‍ ഫ്രാന്‍സില്‍ വെച്ച് ധനികയായ ഒരു വിധവ കൊല്ലപ്പെടുന്നു. ചുവരില്‍ അവരുടെ രക്തം വെച്ച് 'Omar Killed Me' എന്ന് എഴുതിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവരുടെ വീട്ടിലെ തോട്ടക്കാരന്‍ ആയ ഒമര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഒമര്‍ മൊറോക്കോയില്‍ നിന്ന് ഫ്രാന്‍സിലെത്തിയ കുടിയേറ്റക്കാരനാണ്. വ്യക്തമായ തെളിവുകളുടെ അഭാവത്തിലും ഒമര്‍ ശിക്ഷിക്കപ്പെടുന്നു. ഏഴു വര്‍ഷത്തിനു ശേഷം ഫ്രഞ്ച് പ്രധാനമന്ത്രി ശിക്ഷ ഇളവു ചെയ്തു ഒമറിനെ വിട്ടയക്കുന്നു; എന്നാല്‍ ഒമര്‍ നിയമത്തിനു മുന്നില്‍ അപ്പോഴും നിരപരാധിയല്ല. ഒമര്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹത്തെ പറ്റി പുസ്തകം എഴുതുന്ന ഒരു എഴുത്തുകാരനിലൂടെയാണ് ചിത്രം വികസിക്കുന്നത്. നീതിക്ക് വേണ്ടി, താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഒമര്‍ നടത്തുന്ന ഇപ്പോഴും തുടരുന്ന പോരാട്ടത്തിന്റെ കഥ കൂടിയാണ് ചിത്രം.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുടിയേറ്റക്കാരനാണ് എന്നതാണ് ഒമര്‍ ശിക്ഷിക്കപ്പെടാനുള്ള പ്രധാന കാരണം. അവിടെ തെളിവുകളും വസ്തുതകളും യുക്തിയും അല്ല, മറിച്ചു ഇത്തരക്കാര്‍ കുറ്റവാളികളാണ് അഥവാ കുറ്റകൃത്യങ്ങള്‍ ഇത്തരക്കാരുടെ കൂടപ്പിറപ്പ് ആണ് എന്നാ അത്യന്തം സത്യവിരുദ്ധവും സാമൂഹ്യവിരുദ്ധവും ആയ പൊതുബോധം ആണ് ചിലപ്പോള്‍ കോടതിയെപ്പോലും നയിക്കുന്നത് എന്നാ ഞെട്ടിപ്പിക്കുന്ന വസ്തുത നമുക്ക് കാണാന്‍ കഴിയും. ഇപ്പോഴും സമൂഹത്തില്‍ നടമാടുന്ന വംശീയതയും ജാതീയതും ഈ പൊതുബോധത്തിന്റെ നിര്‍ണ്ണയത്തില്‍ വലിയ പങ്കു വഹിക്കുന്നു. ഇത് പാശ്ചാത്യ സമൂഹത്തില്‍ മാത്രമുള്ള പ്രശ്നമല്ല. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തുടരുന്ന ജാതി വിവേചനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. 'അന്യസംസ്ഥാന തൊഴിലാളികളെ' പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന, പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കപ്പെടുന്ന അവര്‍ ക്രിമിനലുകളാണെന്ന പൊതുബോധം അടിസ്ഥാനപരമായി വേരൂന്നിയിരിക്കുന്നത് വംശീയതയില്‍ തന്നെയാണ്, നാമെത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും. അത് കൊണ്ടുതന്നെയാണ് സമൂഹത്തില്‍ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നാം വ്യഗ്രത കാണിക്കുന്നത്.ഇരട്ടനീതി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഒന്‍പതു വര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്ന ശേഷം ഒടുവില്‍ നിരപരാധിയായി നിരപരാധിയായി പുറത്തിറങ്ങിയ മദനി ഇപ്പോള്‍ വീണ്ടും ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ വിചാരണ കാത്തു ജയിലിലാണ്. 'ആ കേസിലെ സാക്ഷികളെ ഞാന്‍ കണ്ടു, എന്നാല്‍  അവര്‍ മദനിയെ കണ്ടില്ല' എന്ന ഷാഹിനയുടെ കമന്റ് ഓര്‍ക്കുക (ആ കേസിലെ സത്യം അന്വേഷിക്കാന്‍ പോയതിന്റെ പേരില്‍ ഷാഹിനയും ഇപ്പോള്‍ നിയമനടപടി നേരിടുകയാണ്). ഇതുപോലെ അനേകം പേര്‍ പലഭാഗങ്ങളിലായി തടവനുഭവിക്കുന്നു. എന്നാല്‍ ഇവരൊന്നും ഓണം ഉണ്ടോ, പെരുന്നാള്‍ ആഘോഷിച്ചോ, ക്രിസ്ത്മസിനു പുല്‍ക്കൂട്‌ ഒരുക്കിയോ എന്നൊന്നും ആലോചിക്കാത്തവര്‍, നിഷേധിക്കാനാവാത്ത തെളിവുണ്ടായിട്ടും  മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്ത്മസ് ആഘോഷിക്കാന്‍ അനുവാദം കൊടുത്തിരിക്കുകയാണ്. അതാകട്ടെ അവര്‍ തിരിച്ചുവന്നു 'എന്ന് വിലങ്ങണിയിക്കൂ, ശിക്ഷിക്കൂ ' എന്ന് പറയാന്‍ സാധ്യത തുലോം തുച്ഛം ആയിട്ടും. ഈ ആശയം തന്നെയാണ് ചിത്രം മുന്നോട്ടു വെക്കുന്നത്.

ലോകത്തെങ്ങുമുള്ള സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന സാര്‍വ്വലൗകികമായ ആശയം മുന്നോട്ടു വെക്കുക എന്നത് ഓരോ ചലച്ചിത്രകാരന്റെയും സ്വപ്നമാണ്. അതില്‍ ഇവിടെ സംവിധായകന്‍ വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും.

അനൂപ്‌ കിളിമാനൂര്‍
ചിത്രം : IMDB 

NO (2012)

അതിര്‍ത്തികള്‍ അര്‍ത്ഥ ശൂന്യമാകുമ്പോള്‍

IFFK 2011: കാഴ്ച്ചയുടെ മേളക്കാഴ്ചകള്‍...
2 അഭിപ്രായങ്ങൾ:

  1. നീതിക്ക് പലതരം മാനദണ്ഡങ്ങളുണ്ട്. താഴ്ന്നവനും ഉയർന്നവനും, അധികാരിക്കും അല്ലാത്തവനും, പണക്കാരനും പാവപ്പെട്ടവനും...അങ്ങനെ....
    പലപ്പോഴും ഇരകൾ പീഡിപ്പിക്കപ്പെടുകയും വേട്ടക്കാർ വേട്ട തുടരുകയും ചെയ്യുന്നതാണ് ചരിത്രം, നാട്ടുനടപ്പും. ഇതല്ലാത്ത നീതി നടപ്പാക്കിയ ഒരു ഭരണാധികാരിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും ഉമർ എന്നായത് യാദൃശ്ചികം മാത്രം- ഉമർ ബിൻ ഖത്താബ്.

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ നാട്ടിൽ ഭരണ കർത്താക്കൽ കാനിക്കുന്നത് കണ്ടാൽ ഈ ലോകം ഉള്ളടത്തോളം അവർ മാത്രമേ ഭരിക്കൂ എന്നാണ്, ഒരു വ്യക്തിയെ ജീവിതകാലം മുഴുവൻ വിലങ്ങ് വെച്ച് കൊല്ലുന്ന രീതി ചിലപ്പോൾ ഹിറ്റ്ലർ വരേ കാണിച്ചിട്ടുണ്ടാവില്ല , ഒന്നെങ്കിൽ കൊല്ലുക അല്ലേൽ വിട്ടയക്കുക,

    ഈ പോസ്റ്റ് നല്ല ഒരു ഓർമിപ്പിക്കലാണ്

    മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....