വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

കേരളാ യൂണിവേഴ്സിറ്റി അറിയുന്നതിന്....

കാര്യവട്ടം ക്യാമ്പസിലെ കേരള യൂണിവേഴ്സിറ്റിയുടെ സ്വന്തം കോളേജ്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. സ്വന്തമായി ഒരു കെട്ടിടമില്ല. ഇതുവരെ ഒരു അധ്യാപകനെയും സ്ഥിരപ്പെടുത്തിയിട്ടില്ല. അഞ്ചും ആറും വര്‍ഷമായി അവിടെ ജോലി ചെയ്യുന്നവര്‍ക്ക് പോലും നല്‍കുന്ന ശമ്പളം പതിനായിരം രൂപ മാത്രം. എന്തിനേറെ, കോളേജിനു ഒരു ബ്രോഡ്‌ ബാന്‍ഡ് കണക്ഷന്‍ പോലും അനുവദിച്ചിട്ടില്ല. ഇപ്പോഴും ഡയല്‍അപ്പും കുത്തി ഇരിക്കുന്നു. എന്നിട്ടും ആ കോളേജ് കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നായി നില്‍ക്കുന്നെങ്കില്‍ അതിന്റെ പ്രധാനകാരണം കുറഞ്ഞ ശമ്പളത്തിലും ആത്മാര്‍ഥമായി ജോലി ചെയ്യുന്ന അധ്യാപകരും മറ്റു സ്റ്റാഫും പിന്നെ കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ഥികളുമാണ്. യൂണിവേഴ്സിറ്റി, കഷ്ടം എന്നെ പറയേണ്ടൂ.....

ആ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്ലയ്സ്മെന്റിന്റെ ചാര്‍ജ് എനിക്കായിരുന്നു. അന്ന് ക്യാമ്പസ്‌ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് അയച്ചുകൊടുക്കാനായി ഡയല്‍ അപ്പ് കണക്ഷനും വെച്ച് തപസ്സിരുന്നിട്ടുണ്ട്. ഞാന്‍ അടുത്തൊരു ദിവസം കോളേജില്‍ പോയപ്പോഴും ഇതു തന്നെയാണ് അവിടത്തെ അവസ്ഥ, ഒരു മാറ്റവും വന്നിട്ടില്ല. വളരെക്കാലം കൊണ്ടുള്ള ഒരാവശ്യമാണ് ബ്രോഡ് ബാന്‍ഡ് കണക്ഷന്‍. കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളിലാണ് നല്ല സൌകര്യങ്ങളോട് കൂടി യൂണിവേഴ്സിറ്റിയുടെ കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നത് എന്നറിയുമ്പോഴാണ് ഈ അവഗണനയുടെ ആഴം മനസിലാവുക. നെറ്റ് കണക്ഷന്‍ ഇല്ലാത്തതു മൂലമാണ് പല കമ്പനികളും കോളേജില്‍ പ്ലെയ്സ്മെനിട്നു വരാന്‍ മടിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എങ്കിലും വേറൊരു കോളേജില്‍ നടന്ന പ്ലെയ്സ്മെന്റില്‍ പങ്കെടുക്കാന്‍ കഴിയുക വഴി നമ്മുടെ കോളേജിലെ 2011 ബാച്ചിലെ 32 പേര്‍ക്ക് ടി.സി.എസ്സില്‍ ജോലി ലഭിച്ചു എന്ന കാര്യം സന്തോഷത്തോടും അഭിമാനത്തോടും കൂടി അറിയിക്കട്ടെ.


വേറൊരു പ്രധാന കാര്യം അധ്യാപരും അനധ്യാപരും ആയ കോളേജ് സ്ടാഫ്ഫിനു അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു എന്നതാണ്. ഇപ്പോഴും ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ല. എല്ലാവരും കരാര്‍ അടിസ്ഥാനത്തില്‍ ആണ് ജോലി ചെയ്യുന്നത്. സ്ഥിരപ്പെടുത്തിയിരുന്നെങ്കില്‍ ഉപരിപഠനത്തിനും മറ്റും കൂടുതല്‍ അവസരം ഈ അധ്യാപകര്‍ക്ക് ലഭിക്കുമായിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയം ഉള്ള അധ്യാപകര്‍ക്കുള്ള ശമ്പളം പതിനായിരം രൂപ മാത്രമാണ്. പല സ്വാശ്രയ കോളേജുകളിലും ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് ശമ്പളമായി നല്‍കുന്നത്. ശമ്പള വര്‍ധനവിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി ഇവര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഈ പോരാട്ടത്തിനു എന്‍റെ ധാര്‍മ്മികമായ എല്ലാ പിന്തുണയും ഞാന്‍ നല്‍കുന്നു. അവര്‍ ആവശ്യപ്പെടുന്ന രണ്ട് കാര്യങ്ങള്‍ കുറഞ്ഞത്‌ പതിനയ്യായിരം രൂപ എങ്കിലും ശമ്പളം നല്‍കുകയും സ്ഥിര നിയമനം നല്‍കുകയും വേണം എന്നുള്ളതാണ്. തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഈ പോരാട്ടത്തിനു പിന്തുണ നല്‍കണം എന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കാരണം കൂടുതല്‍ സൗകര്യങ്ങള്‍ കോളേജിനു ഉണ്ടാവുക വഴി ആത്യന്തികമായി നേട്ടം ഉണ്ടാവുക അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ്. അഞ്ചു കോടിയിലധികമാണ്‌ ഈ കോളേജില്‍ നിന്ന് യൂനിവേഴ്സിറ്റിക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന ലാഭം എന്നും അറിയുക....

സ്വന്തം കോളേജില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ മറ്റു കോളേജുകളെ അതിനു ഉപദേശിക്കാന്‍ യൂനിവേഴ്സിറ്റിക്കു ധാര്‍മ്മികമായി എന്തവകാശം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? എന്നെ ഞാനാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച കുറെ മനുഷ്യര്‍ നേരിടുന്ന അവഗണയും അനീതിയും കണ്ടത് കൊണ്ടുള്ള വേദന കൊണ്ടാണ് ഇത്രയും എഴുതിയത്. എന്‍റെ കുഞ്ഞു ബ്ലോഗില്‍ എന്തെങ്കിലും എഴുതിയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നറിയാം. എങ്കിലും പറയാതെ വയ്യ. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ.......


ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

5 അഭിപ്രായങ്ങൾ:

 1. colegile net soukaryavum mattu aavashyangalum nyaayam anennum atokke venam ennum nan sammatikkunu.atinu ente pinthunayum undavum..ennal avde ulla "aathmaarthamaayi joli cheyyunna Adhyaapakar" ennu visheshippichathu aare anenu eniku manasilayilla..avarku iniyum kashu Angottu koduthu pidich iruthi colegile vidhyaarthikale iniyum drohikkaruthe ennoru apeksha undu..Staffine sahikkunna vidhyaarthikalku nobel sammanam onnum koduthillelum venda, upadravikkaruthe..plz..

  മറുപടിഇല്ലാതാക്കൂ
 2. മകനേ, എനിക്ക് നന്നായി അറിയാവുന്ന ആത്മാര്‍ഥമായി തന്നെ പഠിപ്പിക്കുന്ന കുറച്ചു പേര്‍ ആ കോളേജില്‍ ഉണ്ട്. പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ കുറച്ചു പേര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് എന്നെപ്പോലെ കുറേപ്പേര്‍ ഇപ്പൊ പട്ടിണി കൂടാതെ ജീവിക്കുന്നത്. പിന്നെ, പതിനായിരം രൂപയ്ക്കല്ലേ ഇത്രയൊക്കെ മതി എന്ന് കരുതുന്നവരും ഉണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? ഞാന്‍ കോളേജില്‍ ജോയിന്‍ ചെയ്യുമ്പോള്‍ നന്നായി പഠിപ്പിക്കുന്ന, നല്ല എക്സ്പീരിയന്‍സ് ഉള്ള ഒരുപാട് പേര്‍ ആ കോളേജില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ കോളേജില്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങള്‍ തീരെ കുറവായതിനാലും, പല സ്വാശ്രയ കോളേജുകളില്‍ നിന്നും മറ്റും നല്ല ടെസിഗ്നെഷനും മൂന്നും നാലും ഇരട്ടി ശമ്പളവും ഉള്ള ഓഫര്‍ കിട്ടിയതിനാലുമാണ് അവര്‍ പോയത്. അതാണ്‌ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കൂടുതല്‍ ശമ്പളവും ജോലിയില്‍ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്‌താല്‍ ഒരുപാട് നല്ല അധ്യാപകര്‍ വരിക തന്നെ ചെയ്യും. ഇപ്പോള്‍ ജോലി ചെയ്യുന്നതില്‍ യോഗ്യത ഇല്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ജോലി തെറിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്ക്ക് ദ്രോഹമല്ല, മരിച്ചു ഉപകാരമാണ് ഉണ്ടാവുക എന്നും അറിയുക. പിന്നെ രണ്ടു ദിവസം മുന്‍പ് പ്ലെയ്സ്മെന്റ് സെല്ലിനുവേണ്ടി 3G ഡാറ്റകാര്‍ഡ് വാങ്ങാന്‍ അനുവദിച്ചകാര്യം ഇന്നാണ് അറിയുന്നത്. നല്ല കാര്യം. വിദ്യാര്‍ഥികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ നെറ്റ് സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സ്റാഫിന്റെ മറ്റു ആവശ്യങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 3. സ്റ്റാഫിന്റെ ശമ്പള വര്‍ദ്ധനവിന്റെയും മറ്റു ആനുകൂല്യങ്ങളുടെയും ഫയലുകള്‍ യൂണിവേഴ്സിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ പൂഴ്ത്തുന്നതാണ് പ്രശ്നം എന്നാണു അറിയാന്‍ കഴിഞ്ഞത്. ഇതിനുള്ള അവരുടെ ചേതോവികാരം എന്താണെന്ന് അറിയില്ല. നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കരെന്തിനാ, ബ്യൂറോക്രാറ്റുകള്‍ മാത്രം പോരെ എന്ന് ചോദിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ പ്രശ്നം. രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടുമാത്രമേ ബ്യൂറോക്രസിയുടെ ഇത്തരം നടപടികളെ നേരിടാന്‍ കഴിയൂ. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം തന്നെയാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം. മനമോഹനനൊക്കെ ബ്യൂറോക്രാറ്റു മാത്രമാണ്, ഒരു രാഷ്ട്രീയ നേതാവല്ല...

  മറുപടിഇല്ലാതാക്കൂ
 4. ഈ പോസ്റ്റുമായി ബന്ധപ്പെട്ടു ഗൂഗിള്‍ ബസ്സിലെ ചര്‍ച്ച ഇവിടെ...

  http://www.google.com/buzz/anoop44.sr/fsr2UC33a9N/%E0%B4%95-%E0%B4%B0-%E0%B4%AF%E0%B4%B5%E0%B4%9F-%E0%B4%9F-%E0%B4%95-%E0%B4%AF-%E0%B4%AE-%E0%B4%AA%E0%B4%B8

  മറുപടിഇല്ലാതാക്കൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....