ശനിയാഴ്‌ച, ഡിസംബർ 04, 2010

ചില വാരാന്ത്യ ചിന്തകള്‍...

The Buck Stops Here‍...
തന്നെ തന്നെ, അതു തന്നെ. എന്‍.ഡി.ടി.വിയിലെ ബര്‍ഖ ചേച്ചി ഈ പരിപാടി ഒക്കെ മതിയാക്കി വീട്ടില്‍ ഇരിക്കുമെന്നാ ഞാന്‍ കരുതിയത്‌. എവിടെ? വ്യാഴാഴ്ച രാത്രി പത്തു മണിക്ക് അവരുടെ പരിപാടി, എന്‍.ഡി.ടി.വിയില്‍. The Buck Stops Here. വിഷയം 2G സ്പെക്ട്രം. എന്തായാലും ഇപ്പഴാണ് ആ പേര് ശരിയായത്. ശരിക്കും "The buck stops at her desk". സ്പെക്ട്രം രാജയെ മന്ത്രിയാക്കാന്‍ വേണ്ടി നീര റാടിയ നടത്തിയ ഫോണ്‍കാളുകളുടെ കാര്യങ്ങളൊക്കെ എല്ലാവരും അറിഞ്ഞു കാണുമല്ലോ. അതില്‍ ഒരു പങ്ക് വഹിച്ചത് ബര്‍ഖയും വീര്‍ സാഘ്വിയും ഒക്കെയാണ്. താന്‍ രാജയെ മന്ത്രിയാക്കുന്നതിനായി എല്ലാ സഹായവും ചെയ്യാമെന്നും ഗുലാം നബി ആസാദുമായി സംസാരിക്കാമെന്നും ഇവര്‍ പറയുന്നത് എല്ലാവരും കേട്ടതാണല്ലോ. തമ്മില്‍ ഭേദമായ ദയാനിധി മാരനെക്കാള്‍ രാജ മന്ത്രിയാകണമെന്ന് രത്തന്‍ ടാറ്റയും അംബാനിയും മറ്റും ആഗ്രഹിക്കണമെങ്കില്‍ അതിന്റെ കാരണം എന്താണെന്ന് ഇപ്പൊ എല്ലാവര്‍ക്കും പിടി കിട്ടിക്കാണുമെന്നു വിചാരിക്കുന്നു. ചില്ലറയൊന്നുമല്ല അവര്‍ക്കുള്ള ലാഭം. അതില്‍ കുറച്ചു ഈ ബര്‍ഖയ്ക്കും കിട്ടി എന്നാരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ആ ബര്‍ഖ ദേ സ്പെക്ട്രം അഴിമതിയെക്കുറിച്ച് ചര്‍ച്ച നടത്തുന്നു, ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അന്യായ തൊലിക്കട്ടി തന്നെ, സമ്മതിക്കണം. പത്രക്കാരുടെ പലമുഖങ്ങള്‍ ഈ വിഷയത്തില്‍ കാണാം. ഇത്രയും ഒക്കെ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ ഏറ്റവും പ്രചാരമുള്ള പത്രം ലോട്ടറിയില്‍ തൂങ്ങിക്കിടക്കുകയാണ്.

ബര്‍ഖയെ റെഡി ആക്കുന്ന ചര്‍ച്ച ദാ ഇവിടെ..........
നമ്മുടെ പഴേ പുള്ളിയുമുണ്ടായിരുന്നു മേല്‍പ്പറഞ്ഞ ചര്‍ച്ചയില്‍; സോമനാഥ് ചാറ്റര്‍ജി. പുള്ളി പറയുന്നത് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടു സഭ സ്തംഭിപ്പിക്കുക അല്ല വേണ്ടത്. പകരം ചര്‍ച്ച നടത്തണമത്രേ. വീട്ടില്‍ ഒരു കള്ളന കയറി മുഴുവന്‍ തൂത്തുപറക്കി എടുത്തുകൊണ്ടു പോയി എന്ന് വിചാരിക്കുക. കള്ളന്‍ ആരാണെന്ന് നമുക്ക് ഏകദേശം പിടികിട്ടി. പക്ഷെ, സ്ഥലം എസ്.ഐ കള്ളന്റെ സ്വന്തം അളിയന്‍. പരാതി കൊടുത്തിട്ടും കാര്യമില്ല. നമ്മള്‍ എന്തോ ചെയ്യും? വീട്ടില്‍ വട്ടമിട്ടിരുന്നു ചര്‍ച്ച നടത്തോ അതോ കുറച്ചു കൂടി അധികാരമുള്ള ഒരാള്‍ക്ക്‌ പരാതി കൊടുക്കോ? അതു തന്നെയാണിവിടെയും കേസ്. സി.ബി.ഐ അന്വേഷണമൊക്കെ എവിടേം വരെ പോകുമെന്ന് നമുക്കറിയാമല്ലോ. അതിനാണ് ജെ.പി.സി വേണമെന്ന് പറയുന്നത്. രാജ്യസഭയിലേം ലോകസഭയിലേം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങിയതാണ് ജെ.പി.സി. വിശാലമായ അധികാരമാണ് അതിനുള്ളത്. വേണേല്‍ പ്രധാന മന്ത്രിയെ വരെ വിളിച്ചു ചോദ്യം ചെയ്യാം. ഇതു അഴിമതിക്കാരെ ശിക്ഷിക്കുന്നതിനു വേണ്ടി മാത്രമല്ല. 2G സ്പെക്ട്രം വിറ്റത് റദ്ദാക്കി ഇനി ലേലം നടത്തണമെന്ന് വല്ല റിപ്പോര്‍ട്ടും ജെ.പി.സി നല്‍കിയാല്‍, അതിനു കുറച്ചു കൊല്ലങ്ങള്‍ കഴിഞ്ഞാണെങ്കില്‍ കൂടി, നമ്മുടെ രാജ്യത്തിനുണ്ടാകുന്ന നേട്ടം ചില്ലറയല്ല. ഒന്നേമുക്കാല്‍ ലക്ഷം കോടി. കേട്ടിട്ട് തന്നെ തലകറങ്ങുന്നു. അതു പക്ഷെ അങ്ങനെ അങ്ങു സമ്മതിക്കാന്‍ പറ്റോ. കട്ടവരുടെ ചങ്കിടിപ്പ് ദേ ഇങ്ങു കേക്കാം.

എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ മാത്രം നിരോധിച്ചാല്‍ മതിയോ? അതാണ്‌ ചോദ്യം. പോര. കീടനാശിനികളില്ലാത്ത ലോകം തന്നെയാവണം സ്വപ്നം. പക്ഷേ, അതത്ര എളുപ്പമല്ല. അതിന്റെ ആദ്യ പടിയാകട്ടെ എന്‍ഡോസള്‍ഫാന്‍ നിരോധനം. എന്‍ഡോസള്‍ഫാന് പകരം ചുവപ്പ് ഉറുമ്പുകളെ ഉപയോഗിക്കാമെന്ന് ഒരു കര്‍ഷകന്‍ കണ്ടെത്തിയതായി കേട്ടു. നല്ല കാര്യം. അതുപോലെ എല്ലാ കീടനാശിനികള്‍ക്കും മനുഷ്യരെ ദ്രോഹിക്കാത്ത, മണ്ണിനെ നശിപ്പിക്കാത്ത പകരക്കാരെ കണ്ടെത്താന്‍ കഴിയും. കഴിയണം. കൈരളി ടി.വിയിലെ ഭൂമിമലയാളത്തില്‍ നടന്‍ അനൂപ്‌ ചന്ദ്രന്റെ കൃഷിയിടം കാണിച്ചു. ഒരു തരത്തിലുള്ള രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ നല്ല രീതിയില്‍ കൃഷി നടത്തുന്ന അനൂപ്‌ ചന്ദ്രന്‍ കര്‍ഷകര്‍ക്ക് ഒരു നല്ല മാതൃക സമ്മാനിക്കുന്നു. പുള്ളിയുടെ ത്തന്നെ വാക്കുകളില്‍, " അതിന്റെയൊന്നും ആവശ്യമില്ല. ചില്ലറ പ്രധിവിധികളൊക്കെ ഉണ്ടു. പിന്നെ ഇടയ്ക്കിടയ്ക്ക് വന്നു നോക്കി പുഴുവോ മറ്റോ ഉണ്ടെങ്കില്‍ എടുത്തു കളയും. പിന്നെ കുറച്ചേ ഉള്ളെങ്കില്‍ അവിടെ ഇരിക്കട്ടെ എന്ന് വെക്കും. ഇതു നമ്മുടെ മാത്രം ഭക്ഷണം അല്ലല്ലോ..."

വിക്കിലീക്സ്
ലോകപോലീസിന്റെ ഉറക്കം കെടുത്തുകയാണ് വിക്കിലീക്ക്സ്. ഓരോ ദിവസവും പുതിയ പുതിയ രേഖകള്‍ പുറത്തു വരുമ്പോള്‍ ലോകത്തിനു മുന്നില്‍ അമേരിക്കയുടെ മുഖം കൂടുതല്‍ വികൃതമാകുകയാണ്. 26/11-നു ശേഷം അമേരിക്ക ഇന്ത്യയേക്കാള്‍ പ്രാധാന്യത്തോടെ കണ്ടത് ഐ.എസ്.ഐ-യെ ആയിരുന്നു. അവരുടെ മുഖം രക്ഷിക്കാനായിരുന്നു അമേരിക്കക്ക് തിടുക്കം. അമേരിക്കാന്‍ നോക്കികള്‍ അറിയുക, ഇത്രയൊക്കെയേ ഉള്ളു അവരുടെ സൗഹൃദം. അഫ്ഗാനില്‍ നിന്നും പാക് സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു ആ ആക്രമണമെന്നും ഒരു വാദം ഉണ്ടു. ഏതായാലും ഒന്നറിയുക; അഫ്ഗാനിലെ തങ്ങളുടെ താല്പര്യങ്ങള്‍ അമേരിക്കയ്ക്ക് സംരക്ഷിക്കണം. അതിനിടയില്‍ എത്ര ഇന്ത്യന്‍ പൌരന്മാരുടെ ചോര ഒഴുകിയാലും അവര്‍ക്ക് പ്രശ്നമില്ല. രക്ഷാസമിതിയിലെ സ്ഥിര അംഗമാകാന്‍ ഇന്ത്യയെ അവര്‍ പിന്തുണക്കുമെന്ന് ഇവിടെ വന്നു ഒബാമ പറഞ്ഞ് എന്ന പേരില്‍ എന്തൊക്കെയായിരുന്നു ബഹളം. എന്നിട്ടോ? ഇന്ത്യയുടെ ശ്രമത്തെ ഹിലാരി ക്ലിന്റന്‍ പരിഹസിക്കുന്ന രേഖകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നു. കൂടാതെ അതിനുവേണ്ടി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ രഹസ്യമായി നിരീക്ഷിക്കാന്‍ ഇന്ത്യയിലെ അവരുടെ സ്ഥാനപതിയെ അവര്‍ നിയോഗിച്ചു. എന്തിനേറെ യു.എന്‍ സെക്രട്ടറി ജനറലിനെ വരെ അവരുടെ ചാരന്മാര്‍ നിരീക്ഷിക്കുന്നു. ഇതാണ്ടാ, അമേരിക്കന്‍ മോഡല്‍. അമേരിക്കന്‍ നോക്കികളെ, നല്ല നമസ്കാരം.

ഷാഹിന-മഅദനി
വിക്കിലീക്സ് സ്ഥാപകന്‍ അസാന്ചെക്കെതിരെ ഇല്ലാത്ത ബാലാത്സങ്ങക്കുറ്റം ചുമത്തി ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കല്‍ അമേരിക്കയുടെ മാത്രം കുത്തകയൊന്നുമല്ല. തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിന മഅദനി യെ കുടകില്‍ വെച്ച് കണ്ടു എന്നുപറഞ്ഞു പോലീസ് സാക്ഷി ചേര്‍ത്തിരിക്കുന്നവരെ പോയി കാണുന്നു. പക്ഷെ അങ്ങനെ മൊഴി കൊടുത്തിട്ടില്ല എന്ന് ചിലര്‍. പോലീസ് ദ്രോഹിച്ചാണ് മൊഴി കൊടുപ്പിച്ചതെന്നു ഒരു സാക്ഷി. താന്‍ സാക്ഷിയാനെന്ന കാര്യം പോലും ഒരാള്‍ അറിയുന്നത് ഷാഹിന പറഞ്ഞപ്പോള്‍. ഉടന്‍ വരുന്നു, ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് വക കേസ്. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍. ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മഅദനിയെ ഇല്ലാത്ത തെളിവുണ്ടാക്കി ജയിലിലടക്കുകയായിരുന്നു എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. കര്‍ണാടക പോലീസിന്റെ ഈ വെപ്രാളം ആ സംശയത്തെ സാധൂകരിക്കുന്നു. അവരെക്കാള്‍ കഷ്ടം ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളാണ്. ഷാഹിനക്കെതിരെ ഉണ്ടായ പോലീസ് നടപടി അവര്‍ക്കൊരു വാര്‍ത്തയെ ആയില്ല. കഷ്ടം ത്തന്നെ. ഷാഹിന ഏഷ്യാനെറ്റിലെ മുന്‍ ജീവനക്കാരി ആയിരുന്നു എന്നും ഓര്‍ക്കുക....

വിവ കേരള
ആദ്യ മത്സരം പരാജയെപ്പെട്ടെങ്കിലും ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ആദ്യ അച്ചു സ്ഥാനങ്ങളിലോന്നില്‍ എത്താന്‍ വിവ കേരളയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


ക്രിക്കറ്റ്‌
ഊണ് കഴിക്കാന്‍ പോയത് ഓഫീസിലെ മൂന്നു കന്നടക്കാരുടെ കൂടെ. അവരിരുന്നു കന്നഡ പറയുന്നു, എനിക്കാണേല്‍ ഒന്നും പിടി കിട്ടുന്നില്ല. ബോറടിച്ചു ചുറ്റും നോക്കിയപ്പോള്‍ അവിടെ ടിവിയില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ക്രിക്കറ്റ്‌ മത്സരം. പക്ഷെ, നോക്കാനേ തോന്നുന്നില്ല. കന്നഡ ത്തന്നെ ഭേദം. ഒരു പഴയ ക്രിക്കറ്റ്‌ പ്രേമിയായ എനിക്ക് ക്രിക്കറ്റ്‌ ഇങ്ങനെ മടുത്തുവോ? ആരാണതിനു ഉത്തരവാദി.... കളിയെ കച്ചവടം മാത്രം ആക്കിയവര്‍. വേറാര്?

മദ്യം
ഇന്നത്തെ യുവതലമുറയെ കാര്‍ന്നു തിന്നുന്ന മദ്യലഹരിക്കെതിരെ ഇടതു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തുന്ന പോരാട്ടത്തിനു സര്‍വ്വ പിന്തുണയും നല്‍കുന്നു. ഇതിനിടയില്‍ ധോണി വിജയ്‌ മല്യയുടെ യു.ബി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസ്സിടര്‍ ആയി എന്നും കേട്ടു. രണ്ട് വിരുദ്ധ ധ്രുവങ്ങള്‍......ശുഭം!
മംഗളം!
അനൂപ്‌ കിളിമാനൂര്‍

ചിത്രങ്ങള്‍: Kerala Walk, കൂട്ടിവെയ്ക്കാനൊരിടം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

മടിച്ചു നില്‍ക്കാതെ കടന്നു വരൂ; ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ എടുത്തു പ്രയോഗിക്കൂ....